കേരള സാങ്കേതിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെ ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കാത്തതും, ഇതുമൂലം യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും ചിലരുടെ ജോലി പോലും നഷ്ടപ്പെടുന്നതുമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരാണ് വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും, ഫയലുകള്‍ പിടിച്ചുവയ്ക്കുകയുമൊക്കെ ചെയ്യുന്നത്. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട സാങ്കേതിക സര്‍വകലാശാലാ വിസിക്ക് സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി വിധി. സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് ഡോ. സിസാ തോമസിനെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇതാണ് ഇടതു യൂണിയനില്‍പ്പെട്ട സര്‍വകലാശാലാ ജീവനക്കാരെ ചൊടിപ്പിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ മറികടന്ന് വൈസ് ചാന്‍സലര്‍ പദവിയിലെത്തിയവരോട് പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സമരത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സാങ്കേതിക സര്‍വകലാശാലയിലെ ഇടതു യൂണിയനില്‍പ്പെട്ടവര്‍ വിസിയോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാലാ വിസിയായി സിസാ തോമസിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ അവരെ തടഞ്ഞിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തിലാണ് അവര്‍ ചുമതലയേറ്റത്. എസ്എഫ്ഐയോട് ഐക്യം പ്രഖ്യാപിച്ചാണ് ഇടതു യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ വിസിക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഇത് പുതിയ കാര്യമല്ല. വൈസ്ചാന്‍സലര്‍മാരായാലും കോളജ് പ്രിന്‍സിപ്പല്‍മാരായാലും അവര്‍ സിപിഎമ്മുകാരോ ഇടതുസഹയാത്രികരോ ആയിരിക്കണമെന്നതാണ് എസ്എഫ്ഐയുടെയും ഇടതു യൂണിയനുകളുടെയും നിലപാട്. അല്ലാത്തവര്‍ സ്ഥാനത്തെത്തിയാല്‍ അവര്‍ എതിര്‍ക്കും. അവര്‍ക്ക് പരിഹാസവും ഭീഷണിയും നേരിടേണ്ടിവരും. അക്രമത്തിന് വിധേയരാവും. ജീവനുതന്നെ ഭീഷണിയാവും. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിന് ക്യാമ്പസിനകത്ത് പ്രതീകാത്മക കുഴിമാടം തീര്‍ത്ത് റീത്തുവച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരിക്കെ പ്രമുഖ നയതന്ത്രജ്ഞന് ടി.പി. ശ്രീനിവാസനെ ശാരീരികമായി ആക്രമിച്ചതും എസ്എഫ്ഐ ആയിരുന്നു. ഇടതു യൂണിയനില്‍പ്പെട്ട അധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശ ഇതിനു ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അതിക്രമങ്ങളെ ന്യായീകരിക്കുകയാണ് സിപിഎമ്മും ഇടതുസര്‍ക്കാരും ചെയ്തത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടമാടുന്ന ഇടതു ഫാസിസത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇതെല്ലാം. ഇത് മറച്ചുപിടിക്കാന്‍ കള്ളപ്രചാരണം നടത്തുകയും ചെയ്യും. സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാറിനു കൂട്ടുനില്‍ക്കുകയാണ് ചാന്‍സലറായ ഗവര്‍ണര്‍ ചെയ്യുന്നതെന്ന കുപ്രചാരണം ഇതിലൊന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇതിന് മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കടുത്ത നിയമലംഘനങ്ങളാണ് ഇവര്‍ നടത്തുന്നത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാലാ വിസിക്ക് രാജിവയ്ക്കേണ്ടിവന്നത്. താല്‍ക്കാലിക വിസിയയെ നിയമിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിക്കളയുകയും ചെയ്തു. പക്ഷേ ഇക്കാര്യത്തില്‍ കോടതിവിധികള്‍ അംഗീകരിക്കില്ലെന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയം. ഇതുകൊണ്ടാണ് ഇവര്‍ തങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഇളക്കിവിടുന്നത്. തിരുവനന്തപുരം സംസ്കൃത കോളജ് കവാടത്തില്‍ ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തിയതും ഈ നയത്തിന്റെ ഭാഗമാണ്. ഗവര്‍ണര്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് അത് നീക്കം ചെയ്തതും തന്ത്രത്തിന്റെ ഭാഗം. പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടിവല്‍ക്കരണത്തിന്റെ ഫലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി താല്പര്യം സംരക്ഷിക്കാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ ഭാവി തകരുന്നത് അവര്‍ക്കൊരു പ്രശ്നമല്ല. ഇതിനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പോരാടുന്നത്. ഈ പോരാട്ടം വിജയിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: