ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരേ ഉജ്വല വിജയത്തോടെ ബ്രസീലിന്റെ ജൈത്രയാത്ര ആരംഭിച്ചു. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണിന്റെ കാലില്‍നിന്നായിരുന്നു രണ്ട് ഗോളുകളും. അതില്‍ രണ്ടാമത്തേത് ഈ ലോകകപ്പില്‍ പിറന്ന ഏറ്റവും മനോഹര ഗോളായിരുന്നു. ആദ്യ പകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത സെര്ബയയ്ക്ക് പക്ഷേ 62ാം മിനിറ്റില്‍ പിഴച്ചു. ഇടതുവശത്ത് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടുകയറിയ നെയ്മര്‍ വിനീഷ്യസിലേക്ക് പന്ത് നല്കി. കരുത്തുറ്റ ഷോട്ട് ഗോള്‍മുഖത്തേക്ക് പറന്നു. ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പക്ഷേ, പന്ത് കിട്ടിയത് റിച്ചാര്‍ലിസണിന്റെ കാലില്‍. ആ ലക്ഷ്യം തെറ്റാതെ ആദ്യ ഗോള്‍. പത്ത് മിനിറ്റിനുള്ളില്‍ ആയിരുന്നു ഈ ലോകകപ്പിലെ മനോഹ ഗോള്‍. ബോക്സിലേക്ക് വിനീഷ്യസിന്റെ ക്രോസ്. റിച്ചാര്ലിസണ് വായുവിലുയര്‍ന്നു. പിന്നെ കണ്ണഞ്ചിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലേക്ക് തൊടുത്തു. (2-0). പിന്നീടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്രസീലിനെ ഭാഗ്യം തുണിച്ചില്ല. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ ഒന്നാമതായി. 28ന് സ്വിറ്റ്സര്‍ലന്‍ഡുമായാണ് അടുത്ത കളി.
അതേസമയം, ബ്രസീല്‍ ആരാധാകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരുക്ക്. പരുക്കിനെ പറ്റി പറയാനാവില്ലെന്ന ടീം ഡോക്ടര്‍ റോഡ്രിഗ്രോ ലാസ്മര്‍. വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്. 24 മുതല്‍ 48 മണിക്കൂറിന് ശേഷം എം.ആര്.ഐ സ്കാനിങ്ങിലൂടെ മാത്രമേ പരിക്ക് വിലയിരുത്താനാവു. ഇപ്പോള്‍ നമുക്ക് കാത്തിരിക്കാം. പരിക്ക് വിലയിരുത്തുന്നതിന് മുമ്പുള്ള നിഗമനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കിന് ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. പിന്നീട് കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിന്‍വലിച്ചതെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: