ഗുരുവായൂര്‍: ഏകാദശിയുടെ ദിവസം ഗണിച്ചു തയ്യാറാക്കി ദേവസ്വത്തിന് നല്കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികം 17-ാം തിയതിയായ ഡിസംബര്‍ മൂന്നിനാണ്. ഏകാദശി ഡിസംബര്‍ മൂന്നിന് ആക്കിയതില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം തിയ്യതിയാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ നിയമ പ്രകാരം തെറ്റാണെന്നും, ആനന്ദന് എന്ന ഋഷിയുടെ ഗണിത പദ്ധതിയാണ് സ്വീകരിയ്ക്കേണ്ടതെന്നും, അതുപ്രകാരം വൃഴ്ചികം 18-ാം തിയ്യതിയായ ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിയ്ക്കേണ്ടതെന്നുമാണ് താന്‍ ഗണിച്ച് നല്‍കിയത്. താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.
തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും,മന:പൂര്‍വ്വം വരുത്തിയതാണെന്നും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നതായും കാണിപ്പയ്യൂര്‍ അറിയിച്ചു. താന്‍തന്നെ ഗണിച്ച് തയ്യാറാക്കി തങ്ങളുടെ പഞ്ചാംഗം പ്രസ്സ് അച്ചടിച്ച വിവിധ പ്രമുഖ പഞ്ചാംഗങ്ങളിലും, ഉത്തര മലബാര്‍ പഞ്ചാംഗത്തിലും, ബാലകൃഷ്ണ വാര്യര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ കലണ്ടറിലും ഈ തെറ്റ് കാണുന്നില്ല.
വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജ്യോതിഷ പണ്ഡിതന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് ഇന്നലെ പ്രതികരണവുമായി രംഗത്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റജിസ്റ്റേര്‍ഡായും, പിന്നാലെ ഇക്കാര്യങ്ങളൊം ദേവസ്വം ചെയര്‍മാനേയും താന്‍ അറിയിച്ചായി കാണിപ്പയൂര്‍ അറിയിച്ചു. കൂടാതെ ഈമാസം മൂന്നിന് വൈകീട്ട് ചെയര്‍മാനേയും, ക്ഷേത്രം ഊരാളനേയും, അഡ്മിനിസ്ട്രേറ്ററേയും, പിന്നീട് ക്ഷേത്രം തന്ത്രിയേയും നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം എഴുതികൊടുത്ത് ബോധ്യപ്പെടുത്തി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് തെറ്റുതിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമില്ല. അതിനുകൂടിയാണ് ഈ വാര്‍ത്താകുറിപ്പെന്നും അദ്ദേഹം അറിയിച്ചു.
വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് ദേവസ്വം ചെയര്മാന്
ഭക്തരോടൊപ്പം ചേര്‍ന്ന് നല്ലരീതിയില്‍ നടത്തപ്പെടേണ്ട അതി വിശേഷമായ ആഘോഷങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെന്ന് ദേവസ്വം ചെയര്മാന് ഡോ: വി.കെ. വിജയന് പറഞ്ഞു. തങ്ങളാരും അപ്രമാദിത്വമുള്ളവരല്ല. ഗുരുവായൂര്‍ ദേവസ്വം ഈ വിഷയത്തില്‍ തുറന്ന മനോസ്സോടെ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിയ്ക്കുന്നത്. തര്‍ക്കത്തിനോ, വിവാദങ്ങള്‍ക്കോ ഒരിയ്ക്കലും ദേവസ്വം മുതിരില്ല. പല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍, വിദഗ്ദന്മാരുമായി കൂടി ആലോചിച്ച്, അഭിപ്രായം ഒന്നുകൂടി കേള്‍ക്കാന്‍ തയ്യാറാണെന്നും ചെയര്മാന് ”ജന്മഭൂമി” യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: