Categories: Football

ഇസ്ലാമിക മതമൗലികവാദികള്‍ക്ക് ലോകകപ്പ് മൈതാനത്ത് ചുട്ടമറുപടി; ഹിജാബ് പ്രക്ഷോഭത്തിന് പിന്തുണ; ദേശീയഗാനത്തെ അവഗണിച്ച് ഇറാന്‍ താരങ്ങള്‍ (വീഡിയോ)

ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഇറാന്‍ താരങ്ങള്‍ അവഗണനയോടെ നില്‍ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന കാണികളും നിറഞ്ഞ കൈയടിയോടെയാണ് താരങ്ങളുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്തത്.

Published by

ദോഹ: ഇറാനില്‍ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന ഇസ്ലാമിക മതമൗലിക സര്‍ക്കാരിന് ലോകകപ്പ് മൈതാനത്ത് ചുട്ടമറുപടി നല്‍കി ഇറാന്‍ താരങ്ങള്‍. ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫിഫ ലോകകപ്പ് വേദിയില്‍ ദേശീയ ഗാനത്തെ അവഗണിച്ചാണ് സര്‍ക്കാരിനെതാരായ പ്രക്ഷോഭം താരങ്ങള്‍ പ്രകടിപ്പിച്ചത്.  ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്‍പാണ് ഇറാന്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍നിന്നു വിട്ടുനിന്നത്. 

ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് മത്സരത്തിനു മുന്‍പ് ഇറാന്‍ ക്യാപ്റ്റന്‍ അലിറെസ് ജഹന്‍ബക്ഷെ അറിയിച്ചിരുന്നു. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഇറാന്‍ താരങ്ങള്‍ അവഗണനയോടെ നില്‍ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന കാണികളും നിറഞ്ഞ കൈയടിയോടെയാണ് താരങ്ങളുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്തത്. 

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 26ന് മെഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനില്‍ ശക്തമായി തുടരുകയാണ്. നേരത്തെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക