പനാജി: നവീന ചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന യുവ ചലച്ചിത്ര കലാകാരന്മാര്ക്ക് അവസരമൊരുക്കി ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള. 53 മണിക്കൂറില്‍ സിനിമ നിര്‍മാണം എന്നാ വെല്ലുവിളിയാണ് തെരഞ്ഞെടുത്ത 75 യുവ കലാകാരന്മാര്ക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂറും എല്‍. മുരുഗനും ചേര്‍ന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 53ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായാണ് 53 മണിക്കൂര്‍ നീളുന്ന മത്സരം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 75 ക്രിയേറ്റീവ് മൈന്റ്സിന് അവസരങ്ങള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ച ആയിരത്തോളം അപേക്ഷകളില്‍ നിന്നാണ് 75 പേരെ പ്രസൂണ്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുത്തത്. സിനിമാ രംഗത്തേക്കുള്ള ഈ യുവാക്കളുടെ യാത്ര ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവില്ല. ഇതില്‍ 11പേര് വനിതകളാണ്, താക്കൂര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ജിതിന് മോഹനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ സവിശേഷ വ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരം ലഭിച്ച തെലുങ്കു നടന് ചിരഞ്ജീവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നിരവധി സവിശേഷതകളുള്ള വ്യക്തിയാണു ചിരഞ്ജീവി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന വേഷങ്ങളും സവിശേഷമായ പ്രകൃതവും വിവിധ തലമുറകളിലെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സവിശേഷ വ്യക്തിത്വത്തിനുള്ള ഇക്കൊല്ലത്തെ പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍, മോദി ട്വിറ്ററില്‍ കുറിച്ചു.
ഐഎഫ്എഫ്ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗം കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലുടനീളമുള്ള ചലച്ചിത്രഗാഥകള്ക്കു ജീവന് പകരുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിനു തുടക്കമായത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കു തെരഞ്ഞെടുത്ത 25 കഥാചിത്രങ്ങളും 20 കഥേതര ചിത്രങ്ങളും ഉദ്ഘാടനച്ചടങ്ങില്‍ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി.
ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരെ മന്ത്രി അഭിനന്ദിച്ചു. എല്ലാ സിനിമകളും കണ്ട്, അവയില്‍ ഏറ്റവും മികച്ചത് ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഉദ്ഘാടന ചിത്രങ്ങളായ ഹദിനെലെന്തു (ഫീച്ചര്‍), ദ ഷോ മസ്റ്റ് ഗോ ഓണ്‍ (നോണ്‍ ഫീച്ചര്‍) എന്നിവയുടെ സംവിധായകരെ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: