ഖത്തര്‍: ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനിടയില്‍ ഖത്തറില്‍ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണം. ഖത്തറിലെ സ്പോര്‍ട്സ് ചാനല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന മൗലികവാദിയാണ് ഇപ്പോള്‍ മലേഷ്യയില്‍ കഴിയുന്ന സക്കീര്‍ നായിക്ക്. ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് നായിക്കിനെതിരെ ഇന്ത്യയില്‍ പല കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ മലേഷ്യന്‍ പ്രസിഡന്‍റ് മഹാതിര്‍ മുഹമ്മദ് സക്കീര്‍ നായിക്കിന് ശക്തമായ സംരക്ഷണം നല്‍കുന്ന നേതാവാണ്. ഇന്ത്യ തുടര്‍ച്ചയായി സക്കീര്‍ നായിക്കിനെ ഇന്ത്യന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടതിന് ഇടയിലാണ് ഖത്തറില്‍ നിന്നും പുതിയ വിവാദം ഉയരുന്നത്.
ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ചാനലായ അല്‍കാസ് ആണ് ലോകകപ്പ് നടക്കുന്നതിനിടയില്‍ ഖത്തറില്‍ സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണം ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. “പ്രഭാഷകന്‍ ഷേഖ് സക്കീര്‍ നായിക്ക് ലോകകപ്പിനിടയ ഖത്തറില്‍ സന്നിഹിതനായിരിക്കും. ടൂര്‍ണ്ണമെന്‍റിലുനീളം അദ്ദേഹം ഒട്ടേറെ മതപ്രഭാഷണങ്ങള്‍ നല്‍കും,”- അല്‍കാസ് ചാനലിന്റെ അവതാരകന്‍ ഫെയ്സല്‍ അര്‍ഹാജ്രി ട്വിറ്ററില്‍ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കുറ്റങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന മതപ്രഭാഷകനാണ് സക്കീര്‍ നായിക്ക്. 2016ല്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. 2017ല്‍ ഇന്ത്യയില്‍ നിന്നും ഓടിപ്പോയ സക്കീര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: