തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണകര്‍ത്താക്കളില്‍ പലരും രാജ്യസ്നേഹത്തിനു പകരം കുടുംബസ്നേഹത്തിന് പ്രാധാന്യം നല്‍കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഭാരതീയ കോണ്‍ട്രാക്ടേഴ്സ് സംഘിന്റെ പ്രഥമസംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മന്ത്രിമാരും നേതാക്കളും ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മുകാര്‍ അവര്‍ക്ക് താല്പര്യമുള്ളവര്ക്ക് മാത്രം ജോലി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. നാടിനോടു കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള വ്യക്തികളാണ് ഉണ്ടാവേണ്ടത്. ഒരു വ്യക്തി സമൂഹത്തിന്റെ ചാലകശക്തിയാവണമെങ്കില്‍ കുടുംബസ്നേഹത്തിന് പകരം രാജ്യസ്നേഹത്തിനു പ്രാധാന്യം നല്‍കണം. ഭാരതത്തെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തില്‍ പശ്ചാത്തലവികസനമാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കുന്ന സുപ്രധാന മേഖല. നിര്‍മാണമേഖലയിലുള്ളവര്‍ക്ക് ഈ മേഖലയില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
ആഗോളതലത്തില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ നടക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും നൈപുണ്യ വികസനവും സ്വായത്തമാക്കിയാല്‍ ഈ മേഖലയില്‍ വലിയ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ പലപ്പോഴും നിര്‍മാണമേഖലയിലെ കരാറുകാരെ, പ്രത്യേകിച്ച സര്‍ക്കാര്‍ കരാറുകാരെ ജനങ്ങള്‍ മറ്റൊരു രീതിയിലാണ് കാണുന്നത്. സര്‍ക്കാരിന്റെ അഴിമതിയില്‍ ഭാഗഭാക്കാവാന്‍ ചില കരാറുകാര്‍ തയ്യാറാവുന്നു. കേരളത്തിലെ നിര്‍മാണമേഖലയിലെ ഒരു സഹകരണസംഘത്തെ സര്‍ക്കാര്‍ പുകഴ്ത്തി പാടുകയാണ്. ഇതിനു പിന്നിലെ ഇടപാടുകളെ കുറിച്ച് മറ്റുള്ളവര്‍ക്ക് ധാരണയുണ്ടാവില്ലെന്നു കരുതിയാണിത്. നിര്‍മാണ മേഖല അഴിമതിയുടെ, കൈക്കൂലിയുടെ മേഖലയാണ് എന്ന് പൊതുവേ പ്രതീതിയുണ്ട്. ഇത് മാറേണ്ടതുണ്ട്. നാടിനോട് കൂറുള്ളവര്‍ കൂടുതലായി ഈ മേഖലയിലേക്ക് കടന്നുവരണം, വികസനകുതിപ്പിന് ആക്കം കൂട്ടണം. അദ്ദേഹം പറഞ്ഞു.
എം.ഡി. ജയന്തന് നമ്പൂതിരിപ്പാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രസൗധത്തിന്റെ ശില്‍പ്പികളായി മാറണമെന്ന് സമാപന പ്രഭാഷണത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്ശന് പറഞ്ഞു. ദേശസ്നേഹികളുടെ ശബ്ദത്തേക്കാള്‍ ദേശവിരുദ്ധരുടെ ശബ്ദമാണ് കേരളത്തില്‍ പലപ്പോഴും മുഴങ്ങികേള്‍ക്കുന്നത്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നകിനൊപ്പം ദേശത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ട പങ്ക് കൂടി നിര്‍വഹിക്കാന്‍ സംഘടനയുടെ രൂപീകരണത്തിലൂടെ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണമേഖലയില്‍ പുതിയ ടെണ്ടറിംഗ് പോളിസി ഉണ്ടാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ വിശേഷ് സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍ പറഞ്ഞു. ഇന്ന് ജിഡിപിയുടെ 20 ശതമാനമാണ് കരാറുകാരുടെ സംഭാവന. കരാറുകാരുടെ ഓരോ നിര്‍മാണവും ആയിരക്കണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് എന്ന ബോധ്യമുണ്ടാകണം. കരാറുകാരെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ മാറ്റാന്‍ സാധിക്കണം. ധാര്‍മ്മികതയുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള വളര്‍ച്ചയും വികാസവുമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജി. വെങ്കിട്ടരാമന്, സജികുമാര്‍, ശ്രീഗണേശ് വി.നായര്‍, ശ്രീജിത്ത് ചങ്ങനാശ്ശേരി, വേണുഗോപാല്‍, എസ്.ആര്. സജീവ്, ആര്.രാജന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: