മലപ്പുറം : പുറന്തൂരില് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ നാലായത്. ഇഷ്ടികപറമ്പില്‍ കുട്ടുവിന്റെ മകന് സലാം (55), കളൂരിലെ കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സഹോദരിമാരായ നാഈന്തു കാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. കാണാതായ സലാമിനും അബൂബക്കറിനും വേണ്ടി അര്‍ധരാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. പിന്നീട് പുലര്‍ച്ചെ കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കുറ്റിക്കാട് കടവില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. പുഴയില്‍ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടത്തിന് കാരണം. രണ്ടുപേരെ രക്ഷപ്പെടുത്തി. ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തതാണ് വിവരം. ചക്കിട്ടപ്പറമ്പില്‍ ഉമ്മറിന്റെ ഭാര്യ ബീപാത്തു (65), കുറുങ്ങാട്ടില്‍ നസീറിന്റെ ഭാര്യ റസിയ(42) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: