തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും വിധികള്‍ പ്രസ്താവിച്ചതോടെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ആദ്യം സുപ്രീംകോടതിയാണ് കെടിയു വിസിയെ പുറത്താക്കിയത്. പിന്നാലെ കുഫോസ് വിസിയെ യുജിസി മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന് ആരോപിച്ച് ഹൈക്കോടതിയും പുറത്താക്കി. വൈകാതെ കൃത്യമായ യോഗ്യതയില്ലാതെ, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതെന്ന് ആരോപിച്ച് പ്രിയ വര്‍ഗ്ഗീസനെയും ഹൈക്കോടതി അയോഗ്യയാക്കി.
ഇതോടെ ഗവര്‍ണര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ശരിയാണെന്ന് ജനങ്ങളുടെ മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. വിസി നിയമന പ്രശ്നങ്ങളില്‍ ഇടത് സര്‍ക്കാരിന് മുഖം നഷ്ടമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇടതുപക്ഷത്തിനുള്ളില്‍ തന്നെ നിരവധി പേര് വഴിവിട്ട ഇത്തരം നിയമനങ്ങളില്‍ അതൃപ്തരാണ്. ഗവര്‍ണര്‍ക്ക് ഇവരും രഹസ്യമായി പിന്തുണ നല്‍കുന്നതായും വാര്‍ത്തകള്‍ വരുന്നു. പ്രിയ വര്‍ഗ്ഗീസിന്റെ സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടറായി ജോലി ചെയ്ത കാലഘട്ടം അനധ്യാപക തസ്തികയാണെന്ന് വിവരം നല്‍കിയത് ഇടത് നേതാവായ എന്‍.സുകന്യയാണ്. ആസാദിനെപ്പോലുള്ള ഒട്ടേറെ ഇടതുപക്ഷക്കാരും വഴി വിട്ട നിയമങങ്ങളില് അതൃപ്തരാണ്.
പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് തുടക്കത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍, സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ നിയമനം നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാദങ്ങള്‍ കോടതി വിധിയോടെ ദുര്‍ബലമായി. ഇതോടെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് പുതിയ ആയുധങ്ങള്‍ ലഭിച്ചിരിക്കുകയാണ്.
2021 നവമ്പര്‍ 18ന് തിരക്കുപിടിച്ച ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലാണ് പ്രിയാ വര്‍ഗ്ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന്റെ പാരിതോഷികമായാണ് 2021 നവമ്പര്‍ 23ന് വിസി കാലാവധി അവസാനിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നും ആക്ഷേപം ഉണ്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ നിയമനം നല്‍കിയതിന്റെ പേരില്‍ ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നേക്കാം.
ഗവര്‍ണര്‍ നേരത്തെ പുറത്താക്കാതിരിക്കാന്‍ കാരണം ചോദിച്ച മറ്റ് ഏഴോളം വിസിമാര്‍ക്കും പുറത്തുപോകേണ്ടി വരുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: