ന്യൂദല്‍ഹി: ഭാരതത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട രാഹുല്‍ഗാന്ധി മഹാരാഷ്‌ട്രയില്‍ എത്തിയപ്പോഴേക്കും അടിയുറച്ച ഒരു സഖ്യകക്ഷിയെ വെറുപ്പിച്ച് ഓടിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മഹാരാഷ്‌ട്രക്കാരുടെ രക്തത്തിലലിഞ്ഞ ദേശാഭിമാനമായ വീരസവര്‍ക്കരെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചത്. വിമര്‍ശിച്ചു എന്ന് മാത്രമല്ല, താന്‍ പറഞ്ഞത് ശരിയാണെന്ന വാദവുമായി രാഹുല്‍ പിടിവാശിയിലുമാണ്.
ഇതോടെ കോണ്‍ഗ്രസിന്റെ അടുത്ത സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ പക്ഷം കോണ്‍ഗ്രസ് വിട്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്ന് പറയുന്നു. രാഹുലിനോട് പ്രസ്താവന തിരുത്തി മാപ്പ് പറയാന്‍ ഉദ്ധവ് താക്കറെ പക്ഷമായ ശിവസേന അപേക്ഷിച്ചെങ്കിലും രാഹുല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സവര്‍ക്കര്‍ മറ്റ് മഹാത്മഹാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കര്‍ എഴുതിയതെന്ന് പറഞ്ഞ് കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ജി ബ്രിട്ടീഷുകാരോട് ക്ഷമ ചോദിച്ച് എഴുതിയതാണ്. മഹാത്മാ ഗാന്ധി, നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഇപ്പോള്‍ ഷിന്‍ഡേ സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പ്രസ്താവനയിലൂടെ രാഹുല്‍ സവര്‍ക്കറെ അപമാനിച്ചുവെന്ന് വീര്‍ സവര്‍ക്കറിന്റെ ചെറുമകനും ഉദ്ധവ് താക്കറെ പക്ഷം നേതാവുമായ എംപി അരവിന്ദ് സാവന്ത് പ്രസ്താവിച്ചിരുന്നു. രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില‍് കൂടെ നടന്ന ആദിത്യ താക്കറെയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യം പുനപരിശോധിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പ്രസ്താവിച്ചിരുന്നു.
ഒരു ഉറച്ച സഖ്യകക്ഷിയെപ്പോലും വെറുപ്പിച്ച് ഓടിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയില്ലെന്ന വിമര്‍ശനം വീണ്ടും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: