ന്യൂദല്‍ഹി: ശ്രീരാമനും സീതയ്ക്കും എതിരെ സാമാന്യയുക്തിക്ക് നിരക്കാത്ത വ്യാഖ്യാനവുമായി ദൃഷ്ടി ഐഎഎസ് എന്ന പരിശീലനകേന്ദ്രത്തിന്റെ എംഡി. ഐഎഎസ്, യുപിഎസ് സി പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന ദൃഷ്ടി ഐഎഎസ് എംഡി വികാസ് ദിവ്യാകൃതി ആണ് ശ്രീരാമനെയും സീതയെയും പഴിക്കുന്ന പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
സീത നായ നക്കിയ നെയ്യ് ആയെന്നും സീതയ്ക്ക് വേണ്ടിയല്ല രാമന് രാവണനോട് യുദ്ധം ചെയ്തതെന്നുമുള്ള വിവാദ നിരീക്ഷണവുമായാണ് വികാസ് ദിവ്യാകൃതി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ യുവ എഴുത്തുകാരായ അമി ഗണത്രയും നിത്യാനന്ദ് മിശ്രയും ആഞ്ഞടിച്ചു. ഇരുവരും ദൃഷ്ടി ഐഎഎസ് എംഡിയുടെ വികലമായ നിരീക്ഷണം എന്തുകൊണ്ട് തെറ്റായിപ്പോയെന്ന് വിശദീകരിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
രാമായണ യുദ്ധം കഴിഞ്ഞ് ശ്രീരാമന് സീതയോട് താന്‍ രാവണനുമായി യുദ്ധം ചെയ്തത് സീതയ്ക്ക് വേണ്ടിയല്ലെന്നും സീത നായ നക്കിയ നെയ്യ് പോലെ ആയെന്നും തനിക്ക് അനുയോജ്യയല്ലെന്നും പറഞ്ഞുവെന്നുമാണ് വികാസ് ദിവ്യാകൃതിയുടെ വാദം. വികാസ് ദിവ്യാകൃതി നടത്തിയ വീഡിയോ പ്രഭാഷണങ്ങളിലൊന്നിലാണ് ഈ വിവാദ പരാമര്‍ശം ഉള്ളത്. ഹിന്ദുമതത്തെ വികലമാക്കുന്നതും ഹിന്ദുക്കള്‍ ആരാധിക്കുന്ന മൂര്‍ത്തികളായ ശ്രീരാമനെയും സീതയേയും അപമാനിക്കുന്നതും ആയ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഇത്രയും വികലമായ കാഴ്ചപ്പാട് പരത്തുന്ന ദൃഷ്ടി ഐഎഎസ് നിരോധിക്കണമെന്ന് വരെ ആവശ്യം ഉയരുകയാണ്.
എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അതിനെ ന്യായീകരിച്ച് മറ്റൊരു അഭിമുഖവുമായി വികാസ് ദിവ്യാകൃതി വീണ്ടും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിക്കുകയാണ്. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നുമാണ് ലല്ലന്‍ടോപിന് നല്കിയ അഭിമുഖത്തില്‍ വികാസ് ദിവ്യാകൃതി പ്രസ്താവിച്ചിരിക്കുന്നത്.
വാല്മീകി രാമായണത്തില്‍ പരാമര്‍ശിച്ച കാര്യമാണ് താന്‍ പറഞ്ഞതെന്നും പുരുഷോത്തം അഗര്‍വാള്‍ തന്റെ പുസ്തകത്തില്‍ ഇക്കാര്യം എഴുതിയിട്ടുണ്ടെന്നും വികാസ് ദിവ്യാകൃതി അവകാശപ്പെടുന്നു. “പുരുഷോത്തം അഗര്‍വാള്‍ യുപിഎസ് സി അംഗമാണ്. അതുകൊണ്ട് പഠനത്തില്‍ അദ്ദേഹത്തെ ഉദ്ധരിച്ചതാണ്. ഞാന്‍ സംസ്കൃതത്തിലുള്ള രാമായണമോ മഹാഭാരതമോ വായിച്ചിട്ടില്ല.” – വികാസ് ദിവ്യാകൃതി ന്യായീകരിക്കുന്നു.
രാമായണ അണ്റൈവല്ഡ് എന്ന പുസ്തകം രചിച്ച അമി ഗണത്ര വികാസ് ദിവ്യാകൃതിയ്ക്കെതിരെ രംഗത്ത് വന്നു. വികാസ് ദിവ്യാകൃതിയുടെ ആദ്യത്തെ പ്രസ്താവനയും അതിന് ശേഷം അദ്ദേഹം നടത്തിയ ന്യായീകരണവും രണ്ടും തെറ്റാണെന്ന് അമി ഗണത്ര പറഞ്ഞു.
“രാമായണത്തെക്കുറിച്ച് ആധികാരിക ജ്ഞാനമില്ലാതെ, എവിടെ നിന്നോ രണ്ട് വരി എടുത്ത് ഉദ്ധരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങളിലേക്കെത്തും. അതാണ് ഇവിടെ സംഭവിച്ചത്. രാമന് രാവണനെതിരെ യുദ്ധം ജയിച്ചപ്പോള്‍ സീത സന്തോഷിച്ചു. തനിക്ക് വേണ്ടി തന്റെ ഭര്‍ത്താവ് എല്ലാം ചെയ്തുവെന്നാണ് സീത വിചാരിക്കുന്നത്. താന്‍ സീതയ്ക്ക് വേണ്ടിയല്ല യുദ്ധം ചെയ്തതെന്നും താന്റെ കുടുംബത്തിനും വംശപരമ്പരയ്ക്കും വേണ്ടിയാണ് ഈ യുദ്ധം ചെയ്തതെന്നുമുള്ള മറുപടിയാണ് രാമന് നല്‍കുന്നത്.”- അമി ഗണത്ര വിശദീകരിക്കുന്നു.
“രാമന് നടത്തിയ പ്രസ്താവനയില്‍ രാമന്റെ കോപവും സീതയോടുള്ള ആശയും അടങ്ങിയിട്ടുണ്ട്. രാമന്റെ വാക്കുകളുടെ ആഴം മനസ്സിലാക്കാതെയാണ് ദിവ്യാകൃതി പ്രസ്താവന നടത്തിയത്. രാമന്റെ വാക്കുകള്‍ വളച്ചൊടിക്കുകയും ചെയ്തു ദിവ്യാകൃതി. നായ നക്കിയ നെയ്യ് എന്ന് സീതയെക്കുറിച്ച് രാമന് പറഞ്ഞു എന്നത് തെറ്റാണ്. രാമന് പറഞ്ഞത് ഇതാണ്:”നായ നക്കിയ ഭക്ഷണം ഉപയോഗത്തിന് യോജിച്ചതല്ല. നീ എന്റെ ഭാര്യ എന്ന നിലയില്‍ ഇനി മുതല്‍ സ്വീകാര്യയല്ല.” എന്ന് സീതയോട് രാമന് പറയുന്നുണ്ട്. ഇതിനെ വളച്ചൊടിച്ച് നടത്തിയ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ ഇപ്പോള്‍ കുറ്റം പുരുഷോത്തം അഗര്‍വാളുടെ മേല്‍ ചാരുകയാണ്. ഞാന്‍ സന്യാസിയായ വാല്മീകി എഴുതിയ ദിവ്യഗ്രന്ഥത്തെ മാത്രമാണ് കണക്കിലെടുക്കുന്നത്. അല്ലാതെ ചന്തയില്‍ വില്‍ക്കപ്പെടുന്ന മറ്റ് വ്യാഖ്യാനങ്ങളെയല്ല.”- അമി ഗണത്ര പറയുന്നു.
“യുദ്ധം ജയിച്ച് മടങ്ങുമ്പോള്‍ രാമന് സംശയമുണ്ടായിരുന്നു. ആളുകള്‍ സീതയുടെ പരിശുദ്ധിക്കെതിരെ വിരലുയര്ത്തുമോ എന്ന്. അതുകൊണ്ടാണ് സീതയെ പ്രകോപിപ്പിക്കാന്‍ രാമന് ആ വാചകം ഉപയോഗിച്ചത്. അതിന് മറുപടിയായാണ് സീത അഗ്നിപരീക്ഷയില്‍ പങ്കാളിയായത്. “- അമി ഗണത്ര വിശദീകരിക്കുന്നു.
വാല്മീകി രാമായണത്തിലെ യുദ്ധകാണ്ഡത്തില്‍ 118ാം ഖണ്ഡികയില്‍ അഗ്നി പരീക്ഷ ജയിച്ച് സീത വരുമ്പോള്‍ രാമന് പറയുന്നത് തനിക്ക് സീതയുടെ പാതിവ്രത്യത്തില്‍ തരിമ്പും സംശയം ഉണ്ടായിരുന്നില്ലെന്നാണ്. പകരം അഗ്നപരീക്ഷയിലൂടെ കടന്നുപോകാന്‍ പറഞ്ഞത് പിന്നീട് ആളുകള്‍ക്ക് സീതയുടെ നേരെ വിരലുയര്ത്തരുതെന്ന് ആഗ്രഹിച്ചുപോയതുകൊണ്ടാണ്. ” – അമി ഗണത്ര പറയുന്നു.
“ഇത്രയും വിശദമായി മനസ്സിലാക്കിയാല്‍ മാത്രമേ രാമന് പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ ആഴത്തില്‍ ഗ്രഹിക്കാന്‍ കഴിയൂ. ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് രാമായണം പറയുന്നു. ഇതിന് പകരം സന്ദര്‍ഭത്തില്‍ നിന്നും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ശ്രീരാമനെയും സീതയെയും താഴ്ത്തിക്കെട്ടാനാണ് ദൃഷ്ടി ഐഎസ് എംഡി വികാസ് ദൃഷ്ടി ശ്രമിച്ചത്. “- അമി ഗണത്ര പറയുന്നു. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുകയും രാമായണത്തെ വളച്ചൊടിക്കുകയും ചെയ്യുകയായിരുന്നു ദൃഷ്ടി ഐഎഎസ് എംഡി വികാസ് ദിവ്യാകൃതി ശ്രമിച്ചതെന്ന് സംസ്കൃത പണ്ഡിതനും രചയിതാവുമായ നിത്യാനന്ദ് മിശ്ര കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: