അതികായന്മാര് അരങ്ങുവാഴുന്ന ലോക ഫുട്ബോള്‍ മേളകളില്‍ അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ വിസ്മയം തീര്‍ത്താണ് ഹ്യുങ് മിന് സണ്‍ കരുത്തനായത്. ഏഷ്യക്കെന്ത് ഫുട്ബോള്‍ എന്ന് പരിഹസിച്ച കളിയെഴുത്തുകാരുടെ തൂലികയില്‍ അവന് പിറന്ന ആദ്യപേര് പെരുച്ചാഴി എന്നായിരുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ദക്ഷിണ കൊറിയന്‍ ചാവേര്‍… ഏത് പ്രതിരോധവും തുളയ്ക്കുന്ന വേഗത്തിന്റെ രാജകുമാരന്…
നിനച്ചിരിക്കാത്ത മുഹൂര്‍ത്തങ്ങളില്‍ അവന് ഒറ്റയ്ക്കൊരു വരവുണ്ട്… വളഞ്ഞും പുളഞ്ഞും നൂണ്ടുകയറിയും കുത്തിമറിഞ്ഞും ആര്‍ക്കും പിടികൊടുക്കാത്ത ഒറ്റയാന് പാച്ചില്‍… ഏത് ദിശയിലൂടെയെന്ന് മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാനാവാത്ത മുന്നേറ്റങ്ങള്‍… തോല്‍ക്കാനായി വരുന്നവര്‍ എന്ന പതിവ് പഴികളെ മാറ്റി ഏഷ്യന്‍ ഫുട്ബോളിന് വിജയങ്ങളുടെ ഉദയം കുറിച്ചവന്… പ്രതിരോധവലകള് കാല്‍വേഗം കൊണ്ട് കരണ്ട് മുറിക്കുന്ന പെരുച്ചാഴിയില്‍ നിന്ന് ഏഷ്യന്‍ ഫുട്ബോളിന്റെ സൂര്യനായി അവന് മാറിയതെത്ര പെട്ടന്നാണ്…
യൂറോപ്യന്‍ ഫുട്ബോളിന്റെ ആരവങ്ങളിലേക്ക് മില്യണ്‍ കണക്കിന് യൂറോയെറിഞ്ഞ് അവനെയും കൊത്തിപ്പറക്കാന് കൊമ്പന് കമ്പനികള്‍ ലേലം കൊള്ളുന്ന കാലത്തേക്ക് സണ്‍ വളര്‍ന്നു. ഇറുകി കുറുകിയ കണ്ണുകള്‍ ചിമ്മിത്തുറന്ന് നക്ഷത്രച്ചിരി തൂകി കൈവിരലുകള്‍ കൂട്ടിച്ചേര്‍ത്ത് ഗ്യാലറികള്‍ക്ക് സ്നേഹം പകര്‍ന്ന് കളംനിറഞ്ഞ സണ്ണിന് എതിരാളികളുടെ ആരാധകര്‍ നല്കിയ പേര് ചിരിച്ചുകൊണ്ട് കൊല്ലുന്നവന് എന്നാണ്. 2015ല്‍ ബെയര്‍ ലെവര്‍കൂസനില്‍ നിന്ന് ടോട്ടനം ഹോട്സ്പറിന്റെ മുന്നേറ്റനിരയിലേക്ക് എത്തിയതോടെ സണ്‍ ലോക ഫുട്ബോളിന്റെ സൂര്യനായി വളര്‍ന്നു. എതിരാളികളുടെ സ്മൈലിങ് കില്ലര്‍ ടോട്ടനത്തിന് സ്മൈലിങ് വിന്നറായി. ആ ചിരി ലോകം ഏറ്റെടുത്തു. ശാന്തം സുന്ദരം എന്ന് കമന്ററി ബോക്സില്‍ പാണന്മാര് പാടിത്തിമിര്‍ത്തു. യഥാര്‍ത്ഥത്തില്‍ അത് ഹൃദയനിലാവ് മുഖത്തേക്ക് പകര്ന്നൊഴുകുന്നതായിരുന്നു.
കളത്തിലെ കുത്തൊഴുക്കില്‍ പായുമ്പോള്‍ തന്റെ കൈകൊണ്ട് മറ്റൊരാള്‍ക്ക് വീഴ്ച പറ്റിയാല്‍ പൊടുന്നനെ അവന് നില്ക്കും. കളിയുടെ ഗതിയെക്കുറിച്ച് ചിന്തിക്കാതെ എതിരാളിയാണെങ്കിലും താഴെ വീഴുന്നവന് കൈ കൊടുത്തുയര്ത്തും. തോള് തോളോട് ചേര്‍ത്ത് മുട്ടിച്ച് സോറി പറയും… എന്നിട്ട് കണ്ണ് ചിമ്മി വശ്യമായ ആ ചിരി ചിരിക്കും… യൂറോപ്യന്‍ മാധ്യമങ്ങള്‍ പലരും ആ ചിരിയെപ്പറ്റി സണ്ണിനോട് ചോദിച്ചിട്ടുണ്ട്… എന്നാല്‍ താന്‍ ചിരിക്കാറില്ലെന്നായിരുന്നു ഓരോ തവണയും അവന്റെ മറുപടി… “”ചിരിയോ… നിങ്ങള്‍ക്ക് തോന്നുന്നതാവും… കളത്തില്‍ വീഴുന്നവരോട്, പരിക്കേല്ക്കുന്നവരോ, തോല്‍ക്കുന്നവരോട്, നിരാശ കൊണ്ട് നിലംപറ്റുന്നവരോട് മനുഷ്യനെപ്പോലെ പെരുമാറണമെന്നത് അച്ഛന് പകര്‍ന്ന പാഠമാണ്… അത് എന്റെ ശീലമാണ്….’’ ഇത് പറയുമ്പോഴും ആ നക്ഷത്രച്ചിമിഴ് അടച്ചുതുറന്ന് അവന് ചിരിക്കുന്നുണ്ടാകും. അവന്റെ അച്ഛന് സണ്‍ വൂഹ് ജങ്ങിനും ഫുട്ബോള്‍ ജീവനായിരുന്നു. അദ്ദേഹം ഒരുകാലം ദക്ഷിണ കൊറിയന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
ഈ കാലം സണ്ണിന്റേതാണ്, ടോട്ടനത്തിന്റെയും. സണ്‍-ഹാരി കെയ്ന്‍ കോംപോയുടെ കരുത്തില്‍ ടോട്ടനം പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷകളുടെ തൊങ്ങല് തുന്നുകയാണ്. ഹാരി കെയ്നിന്റെ നിഴലായിരുന്നു ആദ്യം സണ്‍… ഇപ്പോള്‍ കളി മാറി… നാല് സീസണ്… നാല്‍പ്പതിലേറെ ഗോള്‍… ഈ സീസണില്‍ മാത്രം ഇതിനകം പന്ത്രണ്ട് ഗോള്‍…. റയല്‍ മാഡ്രിഡും ബാഴ്സയും വരെ ടോട്ടനത്തിന്റെ ഓരങ്ങളില്‍ അവന് വല വിരിക്കുന്നതിന് ഇതിനപ്പുറമൊരു കാരണം വേണോ?
സണ്‍ കളിക്കുമ്പോള്‍ ഏത് സ്റ്റേഡിയത്തിലും ദക്ഷിണ കൊറിയന്‍ പതാകകള്‍ പാറും. ഓട്ടോഗ്രാഫുമായി കൊറിയന്‍ കുഞ്ഞുങ്ങള്‍ അവനെ കാത്തുനില്ക്കും. ഏത് ലോകത്തായാലും അവന് കൊറിയയുടേതെന്ന് അവര്‍ ആരവം മുഴക്കും… സണ്‍ കൊറിയയുടെ “സണ്‍’ എന്ന് അവര്‍ ഈണത്തില്‍ പാടും… ഏഴാം കടലിനക്കരെ ഖത്തറില്‍ അവന് വിശ്രുതമായ ഏഴാം നമ്പറില്‍ കാണും. ഹൃദയനിലാവായി ഒഴുകുന്ന അതേ ചിരിയുമായി, എതിരാളികള്‍ക്ക് വിനാശകാരിയായ പെരുച്ചാഴിയായ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: