ദോഹ: രണ്ടുനാളിനപ്പുറം ഖത്തര്‍ കടലായി ഇരമ്പുമ്പോള്‍ അതിനൊപ്പം ആടിത്തിമിര്‍ക്കാന്‍ കച്ചകെട്ടി അവര്‍ ഖത്തറിന്റെ മണ്ണില്‍ത്തൊട്ടു. ലോക ഫുട്ബോളിലെ പുതിയ രാജാക്കന്മാരാകാന് സര്‍വ്വസജ്ജമായി സന്നാഹങ്ങളൊരുക്കിയാണ് അവരുടെ വരവ്.
ലയണല്‍ മെസ്സിയും സംഘവും ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശികസമയം2.40നാണ് എത്തിയത്. മുന്‍ ലോകചമ്പ്യന്മാരായ ജര്‍മനി, കരുത്തരായ പോളണ്ട്, മെക്സിക്കോ, യുഎഇയില്‍ ജപ്പാനെതിരായ സൗഹൃദ മത്സരം കളിച്ച ശേഷം കാനഡ, ഖത്തറിന്റെ അയല്‍ രാജ്യമായ സൗദി അറേബ്യ ടീമുകളും ദോഹയിലിറങ്ങി.
നാല് തവണ ലോകചാമ്പ്യന്മാരായ ജര്‍മനി മസ്കറ്റില്‍ ഒമാനെതിരായ സൗഹൃദ മത്സരത്തില്‍ കഷ്ടിച്ച് ജയിച്ച ശേഷമാണ് ദോഹയിലെത്തിയത്. 1-0നായിരുന്നു ജര്‍മനിയുടെ ജയം. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ കളി. അവസാന സൗഹൃദ മത്സരത്തില്‍ ചിലിയെ 1-0ന് തോല്‍പ്പിച്ചാണ് പോളണ്ട് ഇന്നലെ രാത്രി ദോഹയിലെത്തിയത്. ഗ്രൂപ്പ് സിയില്‍ മെക്സിക്കോക്കെതിരെ 22നാണ് പോളണ്ടിന്റെ ആദ്യ മത്സരം. അവസാന സന്നാഹ മത്സരത്തില്‍ സ്വീഡനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് മെക്സിക്കോ എത്തിയത്. ലോകകപ്പിനു തൊട്ടുമുന്‍പുള്ള ഈ തോല്‍വി മറന്ന് മികച്ച പ്രകടനം നടത്തുക അവരുടെ ലക്ഷ്യം. റിയാദില്‍ നടന്ന അവസാന സൗഹൃദ പോരാട്ടത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടാണ് ഖത്തറിന്റെ അയല്‍ രാജ്യമായ സൗദി അറേബ്യ ഇന്നലെ എത്തിയത്.
ഇന്നും നാളെയുമായി ബാക്കിയുള്ള ടീമുകളെല്ലാം ദോഹയില്‍ വിമാനമിറങ്ങും. ഇന്ന് മുന്‍ ചാമ്പ്യന്മാരായ സ്പെയ്ന്‍, നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്, ഘാന എന്നിവരും നാളെ കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വെ, ബ്രസീല്‍ ടീമുകളും ദോഹയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: