ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം സബോര്‍ബിറ്റല്‍ (വികെഎസ്) വിക്ഷേപണം വന്‍വിജയം. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എപിഎല്‍) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ഏകദേശം 545 കിലോഗ്രാം ഭാരമുള്ള ഒറ്റഘട്ട സ്പിന്‍സ്റ്റെബിലൈസ്ഡ് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റായിരുന്നു പരീക്ഷണാര്‍ത്ഥം കുതിച്ചുയര്‍ന്നത്. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.
റോക്കറ്റ് 101 കിലോമീറ്ററോളം ഉയരത്തില്‍ പോയി കടലില്‍ പതിച്ചു. വിക്ഷേപണത്തിന്റെ ആകെ ദൈര്‍ഘ്യം വെറും 300 സെക്കന്‍ഡായിരുന്നു. പരീക്ഷണം വിജയിച്ചതോടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേരുകയാണ്. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാര്‍ട്ടപ്പാണ് സ്കൈറൂട്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 15ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തീയതിയും സമയവും മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അടക്കം പ്രമുഖര്‍ വിക്ഷേപണം വീക്ഷിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: