മുംബൈ : വീര്‍ സവര്‍ക്കരെ അപമാനിക്കുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ സവര്‍ക്കരെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ശിവസേന ഷിന്‍ഡെ വിഭാഗം നല്കിയ പരാതിയിലാണ് താനെ പോലീസ് കേസെടുത്തിരിക്കുന്നത്.
സവര്‍ക്കര്‍ മറ്റ് മഹാത്മഹാന്ധി, നെഹ്രു, പട്ടേല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കര്‍ എഴുതിയതെന്ന് പറഞ്ഞ് കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സവര്‍ക്കര്‍ജി ബ്രിട്ടീഷുകാരോട് ക്ഷമ ചോദിച്ച് എഴുതിയതാണ്. മഹാത്മാ ഗാന്ധി, നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
രാഹുലിന്റെ ഈ പ്രസ്താവന പുറത്തുന്നതിന് പിന്നാലെ ശിവ്സേന ഷിന്‍ഡെ വിഭാഗം പ്രതിഷേധവുമായി എത്തുകയും ഇതിനെതിരെ പരാതി നല്‍കുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍ സര്‍ക്കാരില്‍ സഖ്യ കക്ഷി ആയിരുന്നെങ്കിലും രാഹുലിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. താന്‍ നയിക്കുന്ന ശിവസേനയ്ക്ക് സവര്‍ക്കറോട് ഏറെ ബഹുമാനമുണ്ടെന്നും താക്കറെ പറഞ്ഞു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: