ശാസ്താംകോട്ട: കോണ്‍ഗ്രസ് കൊല്ലം ജില്ലാ നേതാവ് ഭരണം നടത്തുന്ന സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിയമനങ്ങള്‍ വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കൂട്ടരാജിയിലേക്ക്. ശൂരനാട് തെക്ക് പതാരം സര്‍വ്വീസ് സഹകരണ ബാങ്കിലെ നാല് നാല് ഭരണസമിതി അംഗങ്ങളാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.
ഡിസി സി വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി നായരാണ് ബാങ്ക് പ്രസിഡന്റ്. ബാങ്കില്‍ അടുത്തിടെ നാല് നിയമനങ്ങള്‍ നടന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ വിഴുപ്പലക്കലിന് ആധാരം. നിയമനങ്ങള്‍ വീതം വയ്‌ക്കുന്നത് സംബന്ധിച്ച് തുടക്കത്തില്‍ തന്നെ തര്‍ക്കമുയര്‍ന്നിരുന്നു. ഇതിന് പരിഹാരമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടതോടെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലായി.
ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കെപിസിസി നേതൃത്വം വരെ ഇടപെട്ടങ്കിലും നാല് നിയമനങ്ങളും തനിക്ക് വേണം എന്ന നിലപാടില്‍ ബാങ്ക് പ്രസിഡന്റ് പിടിവാശി കാട്ടിയത്രേ.
അറ്റന്‍ഡര്‍, പ്യൂണ്‍, സെയില്‍സ്മാന്‍ തസ്തികകളിലാണ് നിയമനം നടന്നത്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വന്‍തുക കോഴ വാങ്ങിയാണ് പ്രസിഡന്റ് ഈ നിയമനങ്ങള്‍ എല്ലാം നടത്തിയതെന്ന് രാജിവച്ച ബാങ്ക് ഭരണസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളാണ് ഇവര്‍. ഭരണസമിതി യോഗം വിളിച്ചതായി വ്യാജരേഖയുണ്ടാക്കിയാണ് നിയമനങ്ങള്‍ നടത്തിയത്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് തങ്ങള്‍ രാജി നല്‍കിയതെന്ന് പാര്‍ട്ടിയുടെ മണ്ഡലം ഭാരവാഹികള്‍ കൂടിയായ എം.വി ജയരാഘവന്‍, ബി.ശിവദാസന്‍, വി.സുരേന്ദ്രന്‍, വി.ലൈലാബീവി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: