ദോഹ: ചേട്ടന് ഘാനയില്‍, അനുജന് സ്പെയിനില്‍. ഖത്തര്‍ ലോകകപ്പിലാണ് സഹോദരന്മാര് രണ്ട് ടീമിനായി കളത്തിലിറങ്ങുന്നത് അത്ലറ്റിക് ബില്‍ബാവോ ഫോര്‍വേഡുകളായ ഇനാകി വില്യംസും നിക്കോ വില്യംസുമാണ് ഒരു ലോകകപ്പില്‍ വിവിധ രാജ്യങ്ങള്‍ക്കായി കളിക്കുന്ന പുതിയ സഹോദരന്മാര്. ഇനാക്കി വില്യംസ് ഘാനയ്ക്കുവേണ്ടിയും ഇളയ സഹോദരന് നിക്കോ വില്യംസ് സ്പെയിനിന് വേണ്ടിയും കളിക്കും.
2010ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ബ്രസീലിലും കളിച്ച ബോട്ടെങ് സഹോദരങ്ങളുടെ പിന്മുറക്കാരാവുകയാണ് ഇനാകിയും നിക്കോയും. ജര്‍മ്മനിയുടെ സെന്‍ട്രല്‍ ഡിഫന്‍ഡറായിരുന്ന ജെറോം ബോട്ടെങ്ങിന്റെ ചേട്ടന് കെവിന് പ്രിന്‍സ് ബോട്ടെങ് ഘാനയുടെ അറ്റാക്കിങ്. മിഡ്ഫീല്‍ഡറായാണ് കളം നിറഞ്ഞത്. ബോട്ടെങ് സഹോദരന്മാരുടെ അച്ഛന് ഘാനക്കാരനും അമ്മ ജര്‍മ്മന്‍കാരിയുമാണ്. അതേസമയം ഘാനക്കാരാണ് വില്യംസ് സഹോദരന്മാരുടെ അച്ഛനമ്മമാര്‍.
ജീവിതം കരുപ്പിടിപ്പിക്കാന്‍ ഘാനയില്‍ നിന്ന് സ്പെയിനിലേക്ക് കുടിയേറിയവരാണ് വില്യംസ് ദമ്പതികള്‍. സഹാറാ മരുഭൂമിയിലൂടെ നടന്നും തിരക്കേറിയ ട്രക്കിന്റെ പിന്നില്‍ കയറിയും ഘാന കടന്ന് സ്പെയിനിലേക്ക് പോകുന്നതിനിടെ അച്ഛനും അമ്മയും സ്പാനിഷ് സൈന്യത്തിന്റെ പിടിയിലായിരുന്നു. അന്ന് അമ്മ ഗര്‍ഭിണിയായിരുന്നു.
രണ്ട് ആണ്‍കുട്ടികളും ജനിച്ചതിനുശേഷം അവര്‍ ബാസ്ക് കണ്ട്രി മേഖലയിലേക്ക് മാറി. പിന്നീട് ഇനാകിയും നിക്കോയും സ്പെയിനിലെ ഫസ്റ്റ് ഡിവിഷന് ക്ലബ് അത്ലറ്റിക് ബില്‍ബാവോ യൂത്ത് അക്കാദമിയില്‍ ചേരുകയായിരുന്നു. അത്ലറ്റിക്കിന്റെ മുന്നേറ്റനിരയില്‍ മികച്ച ഫോമിലാണ് ഇരുപത്തെട്ടുകാരനായ ഇനാകിയും ഇരുപതുകാരനായ നിക്കോയും.
സ്പെയിനും ഘാനയും ഖത്തറില്‍ വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. അതുകൊണ്ടുതന്നെ ക്വാര്‍ട്ടര്‍ വരെയെങ്കിലും ഇനാകിയും നിക്കോയും മുഖാമുഖം വരില്ല. എന്നാല്‍ നേര്‍ക്കുനേര്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇനാകി പറയുന്നു. “അത് സംഭവിക്കും, ഘാന വിജയിക്കുകയും ചെയ്യും’
ഒരുമിച്ച് കാണുന്ന മത്സരത്തിനാണ് കാത്തിരിക്കുന്നത്. കളിക്കുശേഷം ഞങ്ങള്‍ ജേഴ്സി പരസ്പരം കൈമാറും, നിക്കോ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: