കാളപ്പോരിന്റെ ശൗര്യം ചുരമാന്തുന്ന നിലങ്ങളില്‍ നിന്നാണ് അവന് വരുന്നത്. കൗമാരം വിട്ടുമാറാത്ത പെഡ്രോ ഗോണ്‍സാലസ് ലോപ്പസ്… പോയകാലം യൂറോയില്‍ പെദ്രിയായിരുന്നു താരം. സ്പാനിഷ് മധ്യനിരയില്‍ ചെറുതും വലുതുമായ പാസുകള്‍ കൊണ്ട് അവന് എതിര് ഗോള്‍മുഖങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒരു കാലില്‍ നിന്ന് മറ്റൊരു കാലിലേക്ക് പന്തിനെ പകര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസിങ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടര്ച്ചയുണ്ടായാല്, സ്വാര്‍ത്ഥം തലപൊക്കിയാല്‍ കളിയുടെ താളം പോകും.
സൗഹൃദത്തിന്റെ സ്വേദകണങ്ങള്‍ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. സ്വാര്‍ത്ഥലേശമില്ലാത്ത പെഡ്രിയുടെ കാല്ച്ചുവടുകളിലാണിപ്പോള് സ്പെയിന്റെ ഹൃദയം മിടിക്കുന്നത്. മൂന്ന് വര്‍ഷമായി അവന്റെ ചലനങ്ങള്‍ക്കൊപ്പമാണ് മൈതാനത്ത് സ്പാനിഷ് നിര വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. പെദ്രി കടന്നുവന്ന വഴികളെ ജ്വലിപ്പിച്ചു നിര്‍ത്തിയവരില്‍ സാവി ഫെര്‍ണ്ടസ് ക്രൂസോ എന്ന സാവിയുണ്ട്. സാവിയുടെ റോള്‍ മോഡലായിരുന്ന പെപ്ഗാ ര്ഡിയോളയുണ്ട്. പെദ്രിയുടെ ഫുട്ബോള്‍ കാമനകളെ ആളിക്കത്തിച്ചവരില് വിശ്രുതനായ ഇനിയേസ്റ്റയുണ്ട്, ഫെര്‍ണാണ്ടോ ടോറസുണ്ട്… എന്നിട്ടും പെദ്രിക്ക് റോള്‍ മോഡലായത് അവരല്ല, ടികി ടാകയെക്കാള് സാംബയുടെ താളത്തോടായിരുന്നു അവന് കമ്പം. അതുകൊണ്ടാവണം കളിയാരവങ്ങളിലേക്ക് കാതുകൂര്‍പ്പിച്ച കാലം മുതല്‍ പെദ്രി ബ്രസീലിയന്‍ ലെജന്‍ഡ് റൊണാള്‍ഡീഞ്ഞോയുടെ കടുത്ത ആരാധകനായത്…
ബാഴ്സയുടെ കഥകളിലാണ് പെദ്രി റൊണാള്‍ഡീഞ്ഞോയെ കണ്ടത്. ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും പോര് കളിക്കളത്തില്‍ തീര്‍ക്കാനിറങ്ങുന്ന മാഡ്രിഡ്-ബാഴ്സ നഗരങ്ങളുടെ കാല്‍പ്പന്ത് കളരിയില്‍ സമാനതകളില്ലാത്ത ചുവടുകളുമായി പുത്തന്‍ അടവുകള്‍ പയറ്റുന്നവന്. ആവേശക്കൊടുങ്കാറ്റില്‍ ആരവം തീര്‍ത്ത് ആടിയുലയുന്ന മുളങ്കാട് പോലെ ബെര്‍ണാബ്യൂ സ്റ്റേഡിയം ഇരമ്പുമ്പോള്‍ പലകപ്പല്ലുകള്‍ കാട്ടിച്ചിരിച്ച് റൊണാള്‍ഡീഞ്ഞോ മൈതാനമധ്യത്തുണ്ടാകും. ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടുന്ന ഒരു നര്‍ത്തകനായി റൊണാള്‍ഡീഞ്ഞോ ഗാലറികളുടെ മനസ് കീഴടക്കും.
പെദ്രി കേട്ടറിഞ്ഞ കഥകളെ മാത്രമല്ല റൊ യുഗത്തിന് സാക്ഷിയായ കാലത്തെത്തന്നെ വിസ്മയിപ്പിച്ച ഒരു ഫ്രീകിക്കുണ്ട് ബ്രസീലിയന്‍ മധ്യനിരയില്‍ മോണ കാട്ടിച്ചിരിച്ച്, ശരീരചലനങ്ങള്‍ കൊണ്ട് ലോകത്തെ വണ്ടറടിപ്പിച്ച റൊണാള്‍ഡീഞ്ഞോയുടെ ഇതിഹാസത്തില്‍. 2002 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ജപ്പാനിലെ ഷിസുവോക സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ടും റിവാള്‍ഡോയിലൂടെ ബ്രസീലും സമനിലയില്‍ കൊരുത്തുനില്ക്കെയായിരുന്നു അത് പിറന്നത്. കാറ്റിലാടുന്ന പനങ്കുലപോലെയുള്ള മുടി കുലുക്കി നാല്‍പ്പത് വാര അകലെ നിന്ന് റൊണാള്‍ഡീഞ്ഞോ ചുഴറ്റിയടിച്ച പന്ത് ഇംഗ്ലീഷ് ഹൃദയങ്ങളെ തകര്‍ക്കുമ്പോള്‍ തലകുനിച്ചുനിന്നത് പദചലനത്തിന്റെ അളവുതൂക്കങ്ങള്‍ തിട്ടപ്പെടുത്തുന്നതില്‍ പിഴയ്ക്കാത്ത, ഗോള്‍വലയുടെ ജ്യാമിതീവിജ്ഞാനത്തില് അപരാജിതനായ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ സാക്ഷാല്‍ ഡേവിഡ് സീമാനായിരുന്നു. സമാനമായ ഒരു പേര് പിന്നെ ലോകത്തിലെ എണ്ണം പറഞ്ഞ കോമിക്സുകളില്‍ വീരനായകനായ ഹീമാന്റേത് മാത്രമാണെന്നോര്‍ക്കണം.
ഹൃദയതാളങ്ങളില്‍ റൊ മാജിക്കിനെ ചേര്‍ത്താണ് ഖത്തറിലെ സ്പാനിഷ് പ്രതീക്ഷയായ പെദ്രിയുടെ വരവ്. ലോകകപ്പ് ഫുട്ബോളിലെ അരങ്ങേറ്റത്തിന് മുമ്പ് അദ്ദേഹത്തെ അടുത്തുകാണണമെന്ന ആഗ്രഹമാണ് പെദ്രിക്ക്…
ബ്രസീലിയന്‍ പാതയില്‍ ഒരു സ്പാനിഷ് പിറവി മണക്കുന്നുണ്ട് ഖത്തറില്‍ ആരാധകലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: