ന്യൂദല്‍ഹി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് നാളെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങില്‍ സംസാരിക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 53 കോടി രൂപയുടെ ധനസഹായത്തോടെയാണ് 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നത്. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സംഘടിതമായി കൈകാര്യം ചെയ്യുന്നതിനായി മരുന്നുകളുമായി സംയോജിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംഭാവന നല്കാന് ഈ സംരംഭം സഹായിക്കും.
ഇന്‍വിട്രോ ഡയഗ്നോസ്റ്റിക്സ്, പോയിന്റ് ഓഫ് കെയര്‍ ഡിവൈസുകള്‍, ബയോസെന്‍സറുകള്‍, ടിഷ്യു എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓര്‍ത്തോട്ടിക്സ്, റീഹാബിലിറ്റേഷന്‍ എന്നിവയുടെ വികസനത്തിനുള്ള ലബോറട്ടറികളും മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റങ്ങളും (എംഇഎംഎസ്) മൈക്രോ റോബോട്ടിക്സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്കില്‍ സ്ഥാപിക്കും.
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തിരുവനന്തപുരം പൂജപുര കൗണ്‍സിലര്‍ വി.വി. രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്സിടിഐഎംഎസ്ടി ഡയറക്ടര്‍ പ്രൊഫ സഞ്ജയ് ബിഹാരി, ബിഎംടി വിംഗ് മേധാവി ഡോ. ഹരികൃഷ്ണ വര്‍മ്മ പി ആര് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് രാവിലെ 11 മണിക്ക് ശ്രീചിത്രയിലെ അച്യുത മേനോന് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഹോസ്പിറ്റല്‍ വിംഗിലെ എല്ലാ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: