പാലക്കാട്: രഥോത്സവ ലഹരിയിലാണ് കല്പാത്തി. തേരുരുളും വഴികളിലെല്ലാം രഥോത്സവാരംഭത്തിനു മുമ്പേ തിരക്കോട് തിരക്ക്. ഒന്നാം തേര് ആരംഭിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ തന്നെ വിദേശികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചത് വിസ്മയക്കാഴ്ചയായി.
മൂന്നാംതേര് ദിനത്തിലല്ലാതെ ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാത്ത തിരക്കാണ് ഇത്തവണ. രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്കു ശേഷമുള്ള ആഘോഷമായതിനാല്‍ തെരുവെങ്ങും തേരുക്കടകള് നിറഞ്ഞു. ശേഖരീപുരം, ചാത്തപുരം ബസ് സ്റ്റോപ്പ് തുടങ്ങി കല്പാത്തിയിലേക്കുള്ള എല്ലാ പ്രധാനവഴികളും ജനസമുദ്രമായി. പഴയ കല്പാത്തി, പുതിയ കല്പാത്തി, കുണ്ടമ്പലം, തേരുമുട്ടി തുടങ്ങിയെങ്ങും തേരുക്കടകളും തിങ്ങിനിറഞ്ഞ ജനാവലിയും മാത്രം.
ഇത്രയും ജനം ഒന്നാംതേരിനു മുമ്പുതന്നെ വന്നു കണ്ടിട്ടില്ലെന്ന് 35 വര്‍ഷമായി തേരിന് പാരമ്പര്യമായി കച്ചവടം ചെയ്യുന്ന ചൈനീസ് പന്തുവില്പനക്കാരന് രാജാ മുഹമ്മദ് പറഞ്ഞു. ഒരു രൂപയ്ക്കും ഒന്നര രൂപയ്ക്കും പന്തുവില്ക്കാന് തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ അതേ പന്ത് വില്‍ക്കുന്നത് 15ഉം 20ഉം രൂപയ്ക്കാണ്, രാജാ മുഹമ്മദ് വിശദീകരിച്ചു.
35 വര്‍ഷമായി കല്പാത്തിയില് സ്ഥിരമായി താമസിക്കുന്ന പാലക്കാട്ടെ തുറന്നകത്ത് സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ സുബ്രഹ്മണ്യനും മൂന്നാംതേരിനു പോലും കാണാത്ത തിരക്ക് ഒന്നാം തേരുതുടങ്ങും മുമ്പ് കണ്ടിട്ടില്ലെന്നു വ്യക്തമാക്കി.
‘വാവ്! വാട്ട് എ വണ്ടര്ഫുള് എക്സ്പീരിയന്‍സ്’ എന്നു പ്രതികരിച്ച വിദേശി തേരിനു മുമ്പെ വിസ്മയക്കാഴ്ചകളില്‍ മതിമറന്ന് ആഹ്ലാദം ജന്മഭൂമിയുമായി പങ്കുവെച്ച് തിരക്കിട്ട് കടന്നുപോയി.
ചരിത്രം കാണാത്ത തിരക്കാണ് ഇത്തവണ തേരൊരുക്കം തുടങ്ങിയതു മുതല്‍ കാണുന്നതെന്ന് ഒരു നൂറ്റാണ്ടുകാലമായി പന്ത്രണ്ടാം തെരുവില്‍ താമസിക്കുന്ന കുടുംബത്തിലെ സെല്‍വകുമാറും പറയുന്നു. ‘കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ തേരിനു കടയിടുന്നു. കൊവിഡുമൂലം കഴിഞ്ഞ രണ്ടുവര്‍ഷം കച്ചവടം മുടങ്ങി. ഇത്തവണ ആരംഭം തന്നെ പ്രതീക്ഷയില്‍ കവിഞ്ഞ കച്ചവടത്തോടെയാണ്.’ പറയുന്നത് കുണ്ടമ്പലത്തിനുളളില് തേരുകടയിട്ട ജലാവുദീന്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമൊഴികെ പത്തു വര്‍ഷമായി കടയിടുന്ന ജലാവുദീന്.
തേരിനു മുമ്പെ തേര് ആഘോഷിക്കുകയാണ് പാലക്കാടന്‍ ജനത. കൊവിഡ് നിയന്ത്രണം മൂലം ജീവിതം വഴിമുട്ടിയ കച്ചവടക്കാര്‍ തേരുരുളും മുമ്പുതന്നെ തേരുത്തെരുവുകളിലെത്തി ആഘോഷിക്കുന്നവരുടെ ആവേശത്തില്‍ ആഹ്ലാദിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: