ആര്.കെ.സിങ്
(കേന്ദ്ര പാരമ്പര്യേതര-പുനരുല്‍പ്പാദക ഊര്‍ജമന്ത്രി)
ലോകം സൗരവിപ്ലവത്തിന്റെ പാതയിലാണ്. സൗരോര്‍ജം ലോകത്തിലെ ഏറ്റവും സമൃദ്ധവും ശുദ്ധവുമായ ഊര്‍ജസ്രോതസ് എന്നതിനപ്പുറം, അതിന്റെ സ്വീകാര്യതയാല്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാനങ്ങളിലെ നിര്‍ണായകഘടകമായും മാറിയിരിക്കുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ടു മിക്ക രാജ്യങ്ങള്‍ക്കും ഇപ്പോള്‍ സുസ്ഥാപിതനയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനമനുസരിച്ചുള്ള അളവും ലഭ്യതയും ഇപ്പോള്‍ സൗരോര്ജത്തിനുണ്ട്. ഊര്‍ജലഭ്യതയും ഊര്‍ജസുരക്ഷയും കൈകാര്യം ചെയ്യുന്നതില്‍ വികസ്വര-വികസിതരാജ്യങ്ങളില്‍ സൗരോര്‍ജം പ്രധാന പങ്കുവഹിക്കുന്നു. ബാറ്ററി ഊര്‍ജസംഭരണം, വൈദ്യുതവാഹനം ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഹൈഡ്രജന്‍ ഉല്‍പ്പാദനം എന്നിവയുമായി സംയോജിപ്പിക്കുന്നതിലൂടെ ഊര്‍ജപരിവര്‍ത്തനം സുഗമമാക്കുന്നതിനു വികസ്വര രാജ്യങ്ങളില്‍ മാത്രമല്ല, വികസിത രാജ്യങ്ങളിലും സൗരോര്‍ജം പ്രധാന പങ്കു വഹിക്കുന്നു.
ചെലവ് കുറവ്, കുറഞ്ഞ അറ്റകുറ്റപ്പണി, മോഡുലാരിറ്റി, ആപ്ലിക്കേഷനുകളുടെ ശ്രേണി എന്നിവയില്‍ മറ്റ് ഊര്ജസാങ്കേതികവിദ്യകളേക്കാള് മികവുണ്ടെങ്കിലും സൗരോര്‍ജമേഖല ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ആഗോള ഫോട്ടോവോള്‍ട്ടായിക് (പിവി) ഉല്‍പ്പാദന വിതരണ ശൃംഖല വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് ഇവയില്‍ പ്രധാനം. നിലവിലുള്ള പരിമിതമായ വിതരണശൃംഖലകള്‍ക്ക്, മതിയായ ഉല്‍പ്പാദനം നിര്‍വഹിക്കാന്‍ സാധിക്കാത്തതിനാല്‍ വിലവര്‍ധനയ്ക്ക് അടുത്തകാലത്തായി ഇതു കാരണമായിട്ടുണ്ട്.
പ്രതിസന്ധികളില്‍ നിന്ന് ഉത്തേജനം
കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഊര്‍ജം, അസംസ്കൃതവസ്തുക്കള്‍, ഊര്‍ജസുരക്ഷ എന്നിവയ്ക്കായി ചില രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വന്നു. സൗരോര്‍ജ പാനലുകള്‍ സംഭരിക്കുന്നതിലാണു മറ്റൊരു പ്രധാന വെല്ലുവിളി നേരിട്ടത്. സൗരോര്‍ജ പിവിയുടെ ആഗോള ആവശ്യകത 2030ഓടെ ഏറ്റവും കുറഞ്ഞത് 5,000 ജിഗാവാട്ട് (ജിഡബ്ല്യു) സഞ്ചിതശേഷി ആകുമെന്നു കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സൗരോര്‍ജത്തിന്റെ വിലയിടിയുന്നതും ലോകമെമ്പാടും വരുന്ന സംരംഭങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇത് 10,000 ജിഗാവാട്ടിനടുത്തായേക്കാം. ഇതിനര്‍ഥം ഓരോ വര്‍ഷവും ഏകദേശം 800-1,000 ജിഗാവാട്ട് പിവിയുടെ വാര്ഷികശേഷി വര്‍ധിപ്പിക്കുക എന്നാണ്. ഇതുവരെ ഇത് 200 ജിഗാവാട്ട് മാത്രമായിരുന്നു.
നിലവിലെ ശേഷിയുടെ അഞ്ചിരട്ടി കയറ്റുമതി ചെയ്യേണ്ട ഒരു ഭാവിയിലേക്കു നാം പോകുമ്പോള്‍, അതിജീവനശേഷിയുള്ളതും വൈവിധ്യമാര്‍ന്നതുമായ വിതരണശൃംഖലകള്‍ നിര്‍മിക്കേണ്ടത് അനിവാര്യമാണ്. രാജ്യങ്ങള്‍ക്ക് അവരുടെ വിതരണശൃംഖലകളെ വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ അതിജീവനശേഷി മെച്ചപ്പെടുത്താന്‍ കഴിയും. സൗരോര്‍ജ പിവി ഉല്പ്പാദനപദ്ധതികളുടെ വികസനം പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം വളര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്കു നല്കുന്ന നേരിട്ടുള്ള പിന്തുണയാണ്. ഉദാഹരണത്തിന് നികുതി ഇളവുകള്‍, കുറഞ്ഞ ചെലവില്‍ ധനസഹായം അല്ലെങ്കില്‍ നേരിട്ടുള്ള സബ്സിഡികള്‍ (ഭൂമിക്ക് അല്ലെങ്കില്‍ അടിസ്ഥാനസൗകര്യനിക്ഷേപങ്ങള്ക്ക്) പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയാകണം ഇത്.
ആവശ്യകത വര്‍ധിപ്പിക്കുകയും വളര്‍ന്നുവരുന്ന ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഈ മേഖലയിലെ വ്യവസായം വികസിപ്പിക്കുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗമാണ്. പക്ഷേ അതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ നിര്‍ബന്ധമായും വേണ്ടതുണ്ട്. സൗരോര്‍ജ പിവി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ അടുത്തിടെ വിജയകരമായി ഉല്‍പ്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിനു കീഴിലുള്ള പദ്ധതികളുടെ ഭാഗമാകുന്നവര്‍ പോളിസിലിക്കണ്, ഇന്‍ഗോട്ടുകള്‍, വേഫറുകള്‍, സെല്ലുകള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള പാനലുകള്‍ എന്നിവ നിര്‍മിക്കുന്നതുമുതല്‍ ഉല്പ്പാദനചക്രമാകെ വ്യാപിക്കുന്ന നിര്മാണസൗകര്യങ്ങള്വരെ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.
സൗര പിവി നിര്‍മാണമേഖലയുടെ ദീര്‍ഘകാല സാമ്പത്തികസുസ്ഥിരത വേഗത്തിലുള്ളതും ചെലവുകുറഞ്ഞതുമായ ശുദ്ധമായ ഊര്‍ജ സംക്രമണത്തില്‍ നിര്‍ണായകമാണ്. ദീര്ഘകാലപദ്ധതികള്ക്കൊപ്പം ദ്രുതഗതിയിലുള്ള വളര്‍ച്ച, വിതരണത്തിന്റെയും ആവശ്യകതയുടെയും പൊരുത്തക്കേടുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതു ചെലവുവര്ധനയ്ക്കും വിതരണത്തിലെ ക്ഷാമത്തിനും ഇടയാക്കും. എല്ലാ വിതരണശൃംഖലാവിഭാഗങ്ങള്ക്കും സൗര പിവി മേഖലയുടെ അറ്റാദായം അസ്ഥിരമാണ്. അതിനാല്‍, വ്യവഹാരപാതകളിലുടനീളമുള്ള പ്രതിസന്ധികള്‍, പിന്തുണയേകുന്ന നയങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഹരിത തൊഴിലവസരങ്ങളുടെ വര്‍ദ്ധന
രാജ്യങ്ങള്‍ക്കിടയിലുള്ള മെച്ചപ്പെട്ട സഹകരണം, ഊര്‍ജപരിവര്‍ത്തനത്തിലും നിക്ഷേപം മുന്നോട്ടുകൊണ്ടുപോകുന്നതിലും ദശലക്ഷക്കണക്കിനു പുതിയ ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, നിര്‍ണായക പങ്കു വഹിക്കും. സൗര പിവി ഉല്‍പ്പാദനത്തില്‍ ഗവണ്മെന്റുകളും പങ്കാളികളും അധിക ശ്രദ്ധ നല്കാന് തുടങ്ങിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധിച്ചുവരുന്ന ലോകത്ത് ഈ മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യത്തിനു സമാനചിന്താഗതിക്കാരായ രാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട മൊഡ്യൂള്‍ നിര്‍മാണം എല്ലായിടത്തും നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആഗോളസമൂഹമെന്ന നിലയില്‍, ആദ്യവര്‍ഷങ്ങളില്‍ ഇതിനായി ശക്തമായ പരസ്പരസഹകരണവും പിന്തുണയും ആവശ്യമാണ്. ഉല്‍പ്പാദനത്തിനുള്ള അന്തരീക്ഷം സജ്ജമാക്കുന്നതിനു നാം പരസ്പരം പിന്തുണയ്ക്കേണ്ടതുണ്ട്. 110 അംഗരാജ്യങ്ങളുള്ള അന്താരാഷ്ട്ര സൗരസഖ്യം ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
സോളാര്‍ പ്ലസ് ബാറ്ററികള്‍ മത്സരാധിഷ്ഠിതമാകുന്നതുള്‍പ്പെടെ പുതിയ സാങ്കേതികവിദ്യകള്‍ വിപണിയിലെത്തും. വിതരണശൃംഖലയിലെ പുതിയ സൗരോര്‍ജ പിവി നിര്‍മാണസൗകര്യങ്ങള്‍ക്കായി 2030ഓടെ ശതകോടിക്കണക്കിനു രൂപയുടെ നിക്ഷേപം വരും. വിതരണശൃംഖലയിലുടനീളം വാര്‍ഷികനിക്ഷേപത്തിന്റെ തോത് ഇരട്ടിയാക്കേണ്ടതുണ്ട്. പോളിസിലിക്കോണ്, ഇന്‍ഗോട്ടുകള്‍, വേഫറുകള്‍ എന്നിവയുടെ നിര്‍മാണം പ്രധാനമാണ്. കൂടാതെ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനു പരമാവധി നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. സൗരോര്‍ജം ധാരാളമായി ലഭിക്കുന്നുണ്ട്. സൗരോര്‍ജമല്ലാതെ അനുയോജ്യമായ മറ്റൊരു സാങ്കേതികവിദ്യയുമില്ല. അത് ഊര്‍ജത്തിന്റെ കാര്യത്തില്‍ കുടുംബങ്ങളെയും സമൂഹങ്ങളെയും സ്വയംപര്യാപ്തമാകാന്‍ സഹായിക്കുന്നു. ഗ്രിഡ്-ഇന്ററാക്ടീവ് മിനി ഗ്രിഡുകളും സാമൂഹ്യപുരപ്പുറ സൗരോര്‍ജപാനല്‍ സ്ഥാപിക്കുന്നതും ഈ മാറ്റം പ്രാപ്തമാക്കും. 2070ല്‍ നെറ്റ് സീറോ എന്ന ലക്ഷ്യംനേടാന്‍ കുതിക്കുന്ന ഇന്ത്യക്ക്, സൗരോര്‍ജം ഒരടിത്തറയായി മാറുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: