ന്യൂദല്‍ഹി: ഇംഗ്ലണ്ടുമായി ടി20 ലോകകപ്പ് സെമിയില്‍ തോറ്റുപുറത്തായതോടെ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെബാസ് ഷറീഫിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. ഇന്ത്യയുടെ തോല്‍വിയെ അതിക്രൂരമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിവാദ ട്വീറ്റ്.
“അപ്പോള്‍, ഈ ഞായറാഴ്ച, അത്: 152/0 vs 170/0 തമ്മിലാണ്.”- ഇതായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷറീഫിന്റെ ട്വീറ്റ്. ഈ ട്വീറ്റിലൂടെ ഇന്ത്യയുടെ രണ്ട് തോല്‍വികളെയാണ് ഷെബാസ് ഷറീഫ് കളിയാക്കിയത്. 2021ല്‍ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം നേടിയിരുന്നു. അന്ന് പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 152 റണ്‍സെടുത്തു. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടും തോറ്റത് പത്ത് വിക്കറ്റിനാണ്. വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് നേടിയത് 170 റണ്‍സ്. അതാണ് ഈ വരുന്ന ഞായറാഴ്ച 152/0 ഉം 170/0 ഉം തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന ഷെബാസ് ഷറീഫിന്റെ ഈ ട്വീറ്റ്. ഈ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ മത്സരത്തെക്കുറിച്ച് സൂചിപ്പിക്കുക വഴി ഇന്ത്യയെ പരിഹസിക്കുകയാണ് ഷെബാസ് ഷറീഫ്.
ഇയാള്‍ പ്രധാനമന്ത്രിയോ അതോടെ പ്രധാന കോമാളിയോ എന്നാണ് വരുണ്‍ കുമാര്‍ റാണ ഇതിനോട് പ്രതികരിച്ചത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ആശങ്കയാണ് കൗ കോര്‍ണര്‍ പ്രകടിപ്പിച്ചത്.
‘ഞങ്ങള്‍ സിംബാബ് വേയോട് ഏതായാലും തോറ്റില്ല’ എന്നാണ് മൃണാങ്കോ ചക്രബര്‍ത്തിയുടെ ട്വീറ്റ് (പാകിസ്ഥാന്‍ സിംബാബ് വേയോട് തോറ്റിരുന്നു).
‘ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ തരംതാഴ്ന്ന ട്വീറ്റ് വന്നത് ആ രാജ്യത്തിന്റെ ശോചനീയാവസ്ഥയെ കാണിക്കുന്നു’ എന്നാണ് ആദിത്യ ട്വീറ്റ് ചെയ്തത്.
“നെഗറ്റീവ് സമ്പദ്ഘടന, പ്രധാനമന്ത്രീ, താങ്കളുടെ തകരുന്ന സമ്പദ്ഘടനയേക്കാള്‍ എത്രയോ മൈലുകള്‍ മുന്നിലാണ് ഇന്ത്യ”- ഇതായിരുന്നു ഇന്ദ്രജിത് ഘോഷിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: