മാലി : മാലിദ്വീപ് തലസ്ഥാനമായ മാലിയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 മരണം. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഒരാള്‍ ബംഗ്ലാദേശുകാരനാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍നിന്നാണ് തീപടരുകയും മറ്റ് നിലകളിലേക്ക് ഇത് വ്യാപിക്കുകയുമായിരുന്നു. കത്തിനശിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തീപിടിത്തത്തില്‍ മരിച്ചതായി മാലദ്വീപിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവഹാനിക്ക് കാരണമായ മാലിയിലെ തീപിടിത്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മാലദ്വീപ് അധികൃതരുമായി എംബസി ബന്ധം പുലര്‍ത്തി വരികയാണ്, വിശദാംശങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും എംബസി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മാലി. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികള്‍ കഴിയുന്നത്. മാലദ്വീപിലെ ജനസംഖ്യയില്‍ പകുതിയോളം പേര് വിദേശത്തുനിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: