അഹമ്മദാബാദ് : ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ വീണ്ടും രാജി. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഭവേശ് കത്താരയാണ് അവസാനമായി കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് എംഎല്‍എയാണ് കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ തെതരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.
ഭവേശ് കത്താര പാര്‍ട്ടി വിട്ടതിനോടൊപ്പം എംഎല്‍എ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. സ്പീക്കര്‍ നിമാബെന്‍ ആചാര്യയുടെ വസതിയിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. അതേസമയം ഭവേശ് ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ പിളര്‍പ്പിനെ തുടര്‍ന്ന് രണ്ട് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആദിവാസി മേഖലയില്‍ സ്വാധീനമുള്ള നേതാവും പത്തുതവണ എംഎല്‍എയുമായിരുന്ന മോഹന്‍സിന്‍ഹ് രത്വ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ബരാഡ് എന്നിവര്‍ക്ക് പിന്നാലെയാണ് ഭവേശും കോണ്‍ഗ്രസ് വിട്ടത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയതിന് പിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് വളരെ നിര്‍ണ്ണായകമാണ്. പുതിയ അധ്യക്ഷന്റെ വിലയിരുത്തലുകള്‍ കൂടിയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കേയാണ് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: