ന്യൂദല്‍ഹി: ഹിന്ദു കഥാപാത്രങ്ങളെ പലപ്പോഴും പുച്ഛത്തോടെയും വെറുപ്പോടെയും ചിത്രീകരിക്കുന്ന രീതികളില്‍ നിന്നും ഇന്ത്യന്‍ സിനിമ വഴി മാറി നടക്കുന്നു. ഈയിടെ പുറത്തിറങ്ങിയ കന്നട ചിത്രം കാന്താരയിലും അതിന് മുന്‍പ് ഇറങ്ങിയ റോക്കട്രി: നമ്പിനാരായണന്‍ ഇഫക്ട് എന്ന സിനിമയിലും ഹിന്ദു നായകരെയാണ് കാണുന്നത്.
രാമായണം മുതല്‍ എഴുത്തുകാരുടെ ഒരു പൊതുവായ പ്രതീകമാണ് നായകരുടെ യാത്ര എന്നത്. പരീക്ഷണങ്ങളെ എതിരിട്ട്, പലപ്പോഴും പരാജയങ്ങള്‍ രുചിച്ചറിഞ്ഞ് ഒടുവില്‍ അവര്‍ വിജയത്തിലേക്ക് കുതിക്കും. നായകര്‍ പരിവര്‍ത്തനം ചെയ്യപ്പെടും, സ്വയം അവരെ വീണ്ടെടുക്കും. നായകന്റെ വെല്ലുവിളികളിലൂടെയുള്ള ഈ യാത്രകളും ഒടുവില്‍ വിജയത്തെ എത്തിപ്പിടിക്കലും കാന്താരയിലും റോക്കട്രിയിലും കാണാം. പക്ഷെ ഇവിടെ വ്യത്യാസമെന്തെന്നാല്‍ രണ്ട് സിനിമയിലും ഹിന്ദു നായകരാണ്. പലപ്പോഴും ഇന്ത്യന്‍ സിനിമയില്‍ പുച്ഛത്തിനും വെറുപ്പിനും പാത്രമാകുന്ന ഹിന്ദു കഥാപാത്രം ഇവിടെ നായകവേഷമണിയുന്നു.
ഹിന്ദുവിനെ, ഒരു ദേശീയവാദിയെ ആരാധനയോടെ, സഹതാപത്തോടെയാണ് ഈ രണ്ട് സിനിമകളും സമീപിക്കുന്നത്. കാന്താരയില്‍ ദക്ഷിണകന്നടയിലെ തുളുപ്രദേശത്താണ് കഥ നടക്കുന്നത്. ഇത് കര്‍ണ്ണാടകക്കാര്‍ക്കും ഇന്ത്യയില്‍ എവിടെയുമുള്ള ഹിന്ദുക്കള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന, ഐക്യപ്പെടാവുന്ന കഥയാണ്. റോക്കട്രിയിലാകട്ടെ തിരുവനന്തപുരത്ത് ജീവിക്കുന് തമിഴ് ബ്രാഹ്മണനാണ് നായകന്‍. മലയാളത്തിലെ ചില രഞ്ജിത് സിനിമകളില്‍ മോഹന്‍ലാല്‍ കെട്ടിയാടുന്ന പല വേഷങ്ങളിലും ഈ ഹിന്ദു നായകര്‍ ഉണ്ട്.
കാന്താരയിലെ നായകനായ ശിവ തന്റെ ഗ്രാമത്തിലെ വെളിച്ചപ്പാടായ അച്ഛനെ കാണാതായതുമുതല്‍ ഭൂതകോലത്തെ എന്നും ഒഴിവാക്കുന്ന ആളാണ്. കാട്ടുപന്നിയെ പിടിച്ചും, കുടിച്ചും, തല്ലുകൂടിയും കെട്ടഴിഞ്ഞ് ജീവിക്കുന്ന യുവാവാണ് ശിവ. പലപ്പോഴും അവന്റെ സ്വപ്നങ്ങളില്‍ പഞ്ചുരുളി ദൈവം കടന്ന് വരുന്നുണ്ട്. പക്ഷെ ശിവ എന്ന നായകന്റെ യാത്ര ഒടുവില്‍ വിജയകരമായി പര്യവസാനിക്കുന്നു.
റോക്കട്രിയില്‍ ഹിന്ദുവായ റോക്കറ്റ് എഞ്ചിനീയര്‍ പല പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്നു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഇന്ത്യയിലും പുറത്തും അപമാനം പേറേണ്ടി വരുന്നു. പൊലീസ് ആക്രമത്തിനു പോലും വിധേയനാകുന്നു. ഒടുവില്‍ എല്ലാ നാണക്കേടുകളും സഹിച്ച്, അതിന് മുന്നില്‍ തളരാതെ പോരാടി ഒടുവില്‍ വിജയം വരിക്കുകയാണ് നായകനായ നമ്പി നാരായണന്‍ എന്ന റോക്കറ്റ് എഞ്ചിനീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: