തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യവകുപ്പിലെ താത്കാലിക തസ്തികളിലേക്ക് നിയമനത്തിനുള്ള ശുപാര്‍ശയ്ക്കായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തും. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് തന്റേതല്ലെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡി.ആര്. അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
കത്തിന്റെ ഒറിജിനല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തെങ്കില്‍ മാത്രമേ തുടര്‍ നടപടിയുണ്ടാകൂ.
തന്റേതെന്ന പേരില്‍ പ്രചരിച്ച കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്. മധുസൂധനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആകും കേസ് അന്വേഷിക്കുന്നത്.
അതേസമയം കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നാല്‍ കത്ത് തനിക്ക് ലഭിച്ചിട്ടില്ല. ഇത് വ്യാജമാണോയെന്ന് അറിയില്ലെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: