കോട്ടയം: മുന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് എൻഎസ്എസ്. സാമൂഹിക നീതിയുടെ വിജയമാണ് സുപ്രീംകോടതി വിധിയിലൂടെ പ്രതിഫലിക്കുന്നതെന്നും എൻഎസ്എസിന്റെ നിലപാടിനുള്ള അംഗീകാരമാണ് ഈ വിധിയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണം എന്നതാണ് എൻഎസ്എസ് നിലപാട്. സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. നായർ സമുദായത്തിന് മാത്രമല്ല. മുഴുവൻ ജനങ്ങൾക്കും സംവരണം വേണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി സംവരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജാതി സംവരണത്തിൽ നേട്ടം കിട്ടിയിരുന്നത് പിന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ഉയർന്നവർക്കാണെന്നും സുകുമാരൻ നായർ പറഞ്ഞു. അതേസമയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടിയാണ് സുപ്രീംകോടതി ശരിവച്ചത്.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: