ഹൈദരാബാദ്: തെലങ്കാനയിലെ മനുഗോഡ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസ് ജയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ജയിച്ചത് ബിജെപി തന്നെ. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതെ നാമമാത്ര വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് നിന്ന ബിജെപിയാണ് ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ടിആര്‍എസിനെ വിറപ്പിച്ചത്. ബിജെപിയുടെ വോട്ട്നില 2018ലെ 6.4ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 38 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ആകെ പോള്‍ചെയ്ത 225192 വോട്ടുകളില്‍ നിന്നും ബിജെപി നേടിയത് 86485 വോട്ടുകളാണ്.
മറ്റൊരു പ്രധാനകാര്യം മനുഗോഡ കോണ്‍ഗ്രസ് മുക്തമായി എന്നതാണ്. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജഗോപാല്‍ റെഡ്ഡി 2552 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ടിആര്‍എസ്. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി അന്ന് ലഭിച്ചത് വെറും 12725 വോട്ടുകള്‍ മാത്രം.
എന്നാല്‍ 2022ല്‍ സംഗതി കീഴ്മേല്‍ മറഞ്ഞിരിക്കുന്നു. വെറും 11,666 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. ടിആര്‍എസിന്റെ പ്രഭാകര്‍ റെഡ്ഡി വോട്ടെണ്ണലില്‍ ഉടനീളം ഏറെ പിരിമുറുക്കം അനുഭവിച്ച ശേഷമാണ് ജയിച്ചത്. മാറി മാറി ടിആര്‍എസിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിക്കൊണ്ടിരുന്നു.
വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ 93 ശതമാനം പേര് വോട്ട് ചെയ്തിരുന്നു. 96,598 വോട്ടുകള്‍ ടിആര്‍എസ് നേടിയപ്പോള്‍ ബിജെപി 86485 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 23,864 വോട്ടുകള്‍ മാത്രം. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പല്വൈ ഗോവര്ധന് റെഡ്ഡിയുടെ മകള്‍ പാല്‍വൈ ശ്രാവന്തിയായിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്.
ഒരു വര്‍ഷം കഴിഞ്ഞാല്‍ തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. മനുഗോഡയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇനി നേര്‍ക്കുനേര്‍ പോരാട്ടം ടിആര്‍എസും ബിജെപിയും തമ്മിലാണെന്നതാണ്. കോണ്‍ഗ്രസ് കളിക്കളത്തില്‍ വെറും നിഴലായി മാറും.
കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്ന് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാല്‍ റെഡ്ഡി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: