തൊടുപുഴ : മ്യൂസിയം പരിസരത്ത് വച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് തൊടുപുഴയില്‍ വനിതാ ഡോക്ടറേയും അക്രമിച്ചതായി സംശയം. കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറുടേതായിരുന്നു പരാതി. സംഭവത്തില്‍ തൊടുപുഴ പോലീസ് മ്യൂസിയം പോലീസിനെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ 2021 ഡിസംബര്‍ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പാതി മുഖം മറച്ച നിലയിലായിരുന്നു പ്രതിയുടെ ചിത്രങ്ങള്‍ ലഭിച്ചത്. ഇത് അന്വേഷണത്തിന് തടസ്സമായി. ചിത്രം വരച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ടാണ് മ്യൂസിയം പോലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതൊന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി. എന്നാല്‍ പ്രതി സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈഎസ്പി മധുബാബു പറഞ്ഞു.
അതേസമയം സന്തോഷിനെ മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മ്യൂസിയത്തിനകത്തെത്തിയാണ് പോലീസ് പ്രതിയുമായി പരിശോധന നടത്തിയത്. കുറവന്‍കോണത്ത് സ്ത്രീയുടെ വീട്ടില്‍ കയറിയതിനും സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആയിരുന്നു സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: