ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജരത്നം പത്മനാഭന്റെ വിയോഗത്തിനു ശേഷം ആനക്കോട്ടയിലെ തലയെടുപ്പുള്ള പ്രധാനികളില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന ഇന്ദ്രസെന്നിനും നന്ദനും ഗുരുവായൂര്‍ ദേവസ്വം ഏക്കത്തുക വര്‍ധിപ്പിച്ചു. നിലവില്‍ 75,000 രൂപ ഏക്കത്തുകയുള്ള ഇന്ദ്രസെന്നിനും, നന്ദനും ഒരു ലക്ഷം രൂപയാക്കി. കാലങ്ങളായി തൃശൂര്‍ പൂരത്തിന് പാറമേക്കാവിലമ്മയുടെ കോലമേറ്റുന്നത് നന്ദനാണ്.
ഇന്ദ്രസെന്നിനും, നന്ദനും കൂടാതെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ആനയോട്ട മത്സരത്തിലെ താര രാജാക്കന്മാരായ ഗോപീകൃഷ്ണന്റേയും ഗോപിക്കണ്ണന്റേയും ഏക്കത്തുക, 30000 ല്‍ നിന്നും 40000 രൂപയാക്കി. ഒപ്പം, ദേവസ്വത്തിലെ മറ്റ് കൊമ്പന്മാരായ സിദ്ധാര്ഥന്, ജൂനിയര്‍ മാധവന്, ഗോപാലകൃഷ്ണന്, ശ്രീധരന്, വിഷ്ണു, ജൂനിയര്‍ വിഷ്ണു, രവികൃഷ്ണന്‍, ബല്‍റാം, വിനായകന്, ദാമോദര്‍ദാസ് എന്നീ കൊമ്പന്മാര്ക്കും ഇതേ നിരക്കാണ് ദേവസ്വം നിശ്ചയിച്ചിട്ടുള്ളത്. ബാലു, ചെന്താമരാക്ഷന്, ഗോകുല്‍ എന്നീ കൊമ്പന്മാര്ക്ക് 25,000 ല്‍ നിന്ന് 30,000 ആക്കി.
11 ആനകള്‍ക്ക് 20,000 ല്‍ നിന്ന് 25,000 രൂപയും, അതിന് താഴെ വരുന്ന ഒമ്പതാനകള്ക്ക് 15,000 ല്‍ നിന്നും 23,000 രൂപയുമാക്കി. ഗുരുവായൂര്‍ ദേവസ്വത്തിലെ 43 ആനകളില്‍ 38 ആനകളുടെ ഏക്ക തുകയിലാണ് ദേവസ്വം ഇപ്പോള്‍ വര്‍ധനവ് വരുത്തിയിട്ടുള്ളത്. ആനക്കഥകളിലെ രാജകുമാരന്മാരുടെ തറവാടായ ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയില്‍, ഏക്ക തുകയുടെ ചരിത്രത്തില്‍ കേരളത്തില്‍ റെക്കോഡ് സൃഷ്ടിച്ചിട്ടുള്ളത്, ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്മാരായ ഗുരുവായൂര്‍ പത്മനാഭനും, വലിയ കേശവനുമാണ്. ഈ രണ്ടാനകളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
പത്മനാഭന്റെ ഏക്ക തുകയുടെ റെക്കാര്‍ഡ് തകര്‍ത്താണ് വലിയ കേശവന് ചരിത്രത്തില്‍ ഇടംപിടിച്ചത്. പത്മനാഭന്റെ റെക്കാര്‍ഡ് ഏക്കത്തുക 2,22,222 രൂപ ആയിരുന്നപ്പോള്‍, മത്സരബുദ്ധിയോടെ പൂര കമ്മറ്റിക്കാര് ലേലത്തില്‍ വലിയ കേശവന്റെ ഏക്കത്തുക 2.75 ലക്ഷമായി ഉയര്‍ത്തി. ആ ഏക്ക തുകയുടെ റെക്കാഡ് തകര്‍ക്കാന്‍ കേരളത്തിലെ ഒരു കൊമ്പനും ഇന്നോളം കഴിഞ്ഞിട്ടുമില്ല. പൂരങ്ങളുടെ കാലം തുടങ്ങാനിരിയ്ക്കെ, ഗുരുവായൂര്‍ ദേവസ്വത്തിലെ പരമാവധി ആനകളെ എഴുന്നെള്ളിപ്പുകള്‍ക്ക് അയക്കാനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.
ആനകളെ ബുക്ക് ചെയ്യുന്ന പൂരക്കമ്മറ്റിക്കാര്‍ പൂരങ്ങള്‍ക്ക് 90 ദിവസം മുമ്പ് ബുക്കു ചെയ്യണം. മാത്രമല്ല, അന്നുതന്നെ മുഴുവന്‍ പണവും ദേവസ്വത്തിലടയ്ക്കണം. ഒരാനക്ക് ഒരേ ദിവസം ഒന്നിലധികം അപേക്ഷകള്‍ വന്നാല്‍, ടെണ്ടറിലൂടെ നിശ്ചയിക്കും. ആ വിവരം 45 ദിവസങ്ങള്‍ക്ക് മുമ്പ് പൂര കമ്മറ്റിക്കാരെ ദേവസ്വം അറിയിക്കും. ജനുവരി ഒന്നു മുതല്‍ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുകയുടെ നിരക്ക് പ്രാബല്യത്തില്‍ വരും. രണ്ട് മോഴകളും, അഞ്ച് പിടിയാനകളും ഉള്‍പ്പെടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആകെ ആനകളുടെ എണ്ണം 43 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: