മലമ്പുഴ: കാലങ്ങളായി തുടരുന്ന വന്യമൃഗശല്യത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്നതുമൂലം ജീവിതം വഴിമുട്ടിയ നിലയിലാണ് മലമ്പുഴ നിവാസികള്‍. കാട്ടാന, കാട്ടുപന്നി, പുലി, മയില്‍ എന്നിവമൂലം മലമ്പുഴക്കാര്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായിട്ട് കാലങ്ങളേറെയായി.
മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനയും പുലിയും ഭീതി പരത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വീടും കൃഷി സ്ഥലവുമുപേക്ഷിച്ച് പലായനം ചെയ്യേണ്ട സ്ഥിതിവിശേഷമാണുള്ളത്. അകമലവാരം, പന്നിമട, ആറങ്ങാട്ടുകുളമ്പ്, ചെറാട്, ധോണി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതുമൂലം കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസമായി ആറങ്ങോട്ടുകുളമ്പ്, പന്നിമട മേഖലയില്‍ കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ലെടുക്കാനാവാത്ത സ്ഥിതിയാണ്. മാത്രമല്ല നേരത്തെ കൊയ്‌തെടുത്ത് സൂക്ഷിച്ച നെല്ലും കാട്ടാനകള്‍ തിന്നുപോയ സംഭവങ്ങളുമുണ്ട്. വീട്ടുമുറ്റത്തും വരാന്തകളിലുമൊക്കെയായി ടാര്‍പ്പായകളിട്ട് സൂക്ഷിച്ച നെല്ല് നഷ്ടമാകാതിരിക്കാന്‍ രാപകലന്യേ കാവലിരിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.
കാട്ടാനകളെയും കാട്ടുപന്നികളെയും തുരത്താനായി പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നാളുകള്‍ തള്ളി നീക്കുകയാണ് ഇവര്‍. വന്യമൃഗ ശല്യമുള്ള മേഖലകളില്‍ നെല്ലെടുപ്പിനു പ്രാമുഖ്യം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യവും ഫലം കണ്ടില്ല. മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കൂടുതലായും ചെറുകിട, പാട്ടകൃഷിക്കാരായതിനാല്‍ കൊയ്‌തെടുത്ത നെല്ലു സൂക്ഷിക്കാന്‍ ടാര്‍പ്പായ വാടകക്കെടുക്കുന്നതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
ധോണി മേഖലയില്‍ കാട്ടാനശല്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 40 ഓളം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു. വന്യമൃഗശല്യം കൂടുന്നതിനു പുറമെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് വന്യമൃഗശല്യങ്ങളുടെ എണ്ണം അഞ്ചുമുതല്‍ 20 ശതമാനം വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. മലമ്പുഴ മേഖലയില്‍ മുണ്ടൂര്‍, മലമ്പുഴ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം കൂടുതല്‍. കാര്‍ഷിക വിളകള്‍ക്കു പുറമെ നിരവധി ജീവനുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലമ്പുഴ മണ്ഡലത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
വന്യമൃശല്യം നിയന്ത്രിക്കാനായുള്ള പ്രതിരോധ മാര്‍ഗങ്ങളെല്ലാം വഴിപാടാവുമ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലാവുകയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും മൂലം കടമെടുത്തും സാമ്പത്തിക നഷ്ടം സഹിച്ചും അന്നത്തിനായി കൃഷിയെ ആശ്രയിക്കുന്ന മലമ്പുഴ മേഖലയിലെ കര്‍ഷക സമൂഹം വന്യ മൃശശല്യത്തില്‍ ജീവിതം ചോദ്യചിഹ്നമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: