ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പുകഴ്ത്തിയത് നിസ്സാരമായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. ‘എന്താ പ്രധാനമന്ത്രിയ്ക്ക് ഒരാളെ പുകഴ്ത്താനും പാടില്ലേ?’ എന്നതുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് വരുന്നത്.
രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗെഹ്ലോട്ടിനെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത്. “എന്നാല്‍ നരേന്ദ്രമോദി, ഗെഹ്ലോട്ടിനെ അഭിനന്ദിച്ചതിനെ നിസ്സാരമായി കാണാനാകില്ല. എല്ലാവര്ക്കും അറിയാം പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുലാബ് നബി ആസാദിനെ അഭിനന്ദിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന്.”- സച്ചിന് പൈലറ്റ് പറഞ്ഞു.
പ്രധാനമന്ത്രി മോദി ഗുലാം നബിയെ പുകഴ്ത്തിയ ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിച്ചതും. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉള്ളിലെ പിടിപ്പുകേടിനെ വിമര്‍ശിക്കുന്നതിന് പകരം മോദിയെ വിമര്ശിക്കുന്നതെന്തിനെന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് സീനിയര്‍ നേതാവായ ഗുലാം നബി ആസാദിന് രാജ്യസഭാംഗത്വം പുതുക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിനെ ചോദ്യം ചെയ്തത് മുതല്‍ ഗുലാം നബി ആസാദിനോടുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു സോണിയ. മോദി പുകഴ്ത്തിയത് കൊണ്ടല്ല, കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണ് നേതാക്കള്‍ പുറത്തുപോകുന്നതെന്നും സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.
അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്ന് സച്ചിന് പൈലറ്റിനെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കം ഗെഹ്ലോട്ട് പൊളിച്ചിരുന്നു. ഇതോടെ ഗെഹ്ലോട്ട് ഹൈക്കമാന്റിന്റെ അപ്രീതിക്ക് പാത്രമായി. മോദി ഗെഹ്ലോട്ടിനെ പുകഴ്ത്തിയതോടെ ഗെഹ്ലോട്ടിനെതിരെ രാജസ്ഥാന് മുഖ്യമന്ത്രിയാകാനുള്ള സച്ചിന് പൈലറ്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: