ന്യൂദല്‍ഹി: ഏഷ്യന്‍ കോണ്ടിനെന്റല് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദയ്ക്ക് കിരീടം. ഏഷ്യന്‍ കിരീടം നേടിയതോടെ അടുത്ത ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ 17കാരനായ പ്രഗ്നാനന്ദ യോഗ്യത നേടി. 2023ലാണ് ലോകചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.
ഒമ്പത് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്റില്‍ മൊത്തം ഏഴ് പോയിന്റുകള്‍ നേടിയാണ് പ്രഗ്നാനന്ദ ചാമ്പ്യനായത്. ഈ ടൂര്‍ണ്ണമെന്റില്‍ പ്രഗ്നാനന്ദ തോല്‍വി അറിഞ്ഞില്ല. ഒടുവിലത്തെ ഒമ്പതാം റൗണ്ടില്‍ പ്രഗ്നാനന്ദ ബി.അധിപനുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഏഴ് പോയിന്റുകള്‍ നേടി പ്രഗ്നാനന്ദ കിരീടം നേടിയത്.
ഏഴ് റൗണ്ട് വരെ പ്രഗ്നാനന്ദയ്ക്ക് ഒപ്പം കുതിച്ച ഹര്‍ഷ ഭാരതകോടിയുടെ കുതിപ്പ് എട്ടും ഒമ്പതും റൗണ്ടോടെ അവസാനിച്ചു. ആറര പോയിന്റ് നേടിയ ഭാരതകോടി രണ്ടാം സ്ഥാനക്കാരനായി. ബി. അധിപനും ആറര പോയിന്റുണ്ടെങ്കിലും മൂന്നാം സ്ഥാനക്കാരനായി.
എസ്.എല്‍.നാരായണന്, ഉസ്ബെക്കിസ്ഥാനിലെ ഷംസിദ്ദിന്‍ വോഖിഡൊവ്, വെങ്കട്ടരാമന് എന്നിവര്‍ നാല് മുതല്‍ ഏഴ് സ്ഥാനങ്ങള്‍ നേടി.
വനിതാവിഭാഗത്തില്‍ നന്ദിത പി.വി. ചാമ്പ്യനായി. ഏഴര പോയിന്റുകളോടെയാണ് നന്ദിത ചാമ്പ്യനായത്. ഏഴാം റൗണ്ടില്‍ ദിവ്യ ദേശ്മുഖുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള 26 കാരി ഒരൊറ്റ മത്സരത്തിലും തോല്‍ക്കാതെയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആറര പോയിന്റ് നേടിയ പ്രിയങ്ക നുടാക്കി രണ്ടാം സ്ഥാനം നേടി. ദിവ്യ ദേശ്മുഖ് മൂന്നാം സ്ഥാനവും തി കിം ഫുങ് വൊ നാലാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: