ലഖ്നൗ : ദീപാവലി ആഘോഷവേളയില്‍ ചരിത്ര നേട്ടവുമായി ലഖ്നൗ ലുലു മാള്‍. ദീപാവലിയുടെ ഭാഗമായി ഏറ്റവുമധികം ആളുകള്‍ അണിചേര്‍ന്ന് മാളില്‍ സംഘടിപ്പിച്ച റിലേ ദീപം തെളിയിക്കല്‍ ഗിന്നസ് റെക്കോര്‍ഡിട്ടു. ആഘോഷ ദിനത്തില്‍ മാള്‍ എട്രിയത്തില്‍ നടന്ന റിലേ ദീപം തെളിയിക്കലില്‍ പൊതുജനങ്ങളും, മാളിലെയും ഷോപ്പുകളിലെയും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു. മാള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റ മൂന്നാമത്തെ ഗിന്നസ് റെക്കോര്‍ഡാണിത്. 2017ല്‍ കൊച്ചി ലുലു മാളും, ഈ വര്‍ഷം തിരുവനന്തപുരം ലുലു മാളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍ ഗംഗാധരന്, ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ്മ എന്നിവരാണ് റീലേ ദീപം തെളിയിക്കലിന് തുടക്കമിട്ടത്. ദീപം തെളിയിക്കാനായുള്ള സൂചന നല്കി ശബ്ദം മുഴങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ആദ്യത്തെ ചിരാതില്‍ അഗ്നി പകര്‍ന്നു. ഇതോടെ റിലേ ദീപാലങ്കാരത്തിന് തുടക്കമായി. തൊട്ടുപിന്നാലെ ഓരോ ഇരുപത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓരോരുത്തരും ഒന്നൊന്നായി ചിരാതുകളില്‍ ദീപം തെളിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ നിരകളിലുമായി ആകെ 350 ഓളം ദീപങ്ങള്‍ തെളിഞ്ഞു. റിലേ പൂര്‍ത്തിയാകുന്നത് വരെ എല്ലാ ദീപങ്ങളും തെളിഞ്ഞ് നിന്നു. നിമിഷങ്ങള്‍ക്കകം മാളിലെ എട്രിയത്തിലൊരുങ്ങിയ റിലേ ദീപാലങ്കാരം മനോഹര ദൃശ്യ വിസ്മയം കൂടി തീര്‍ത്തു.
ദീപാവലി ആഘോഷത്തിളക്കത്തോടനുബന്ധിച്ച് മാളില്‍ ഒരുക്കിയ റിലേ ദീപാലങ്കാരം ഗിന്നസ് റെക്കോര്‍ഡില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ടതില്‍ സന്തോഷമെന്ന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍ ഗംഗാധരന് പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അഡ്ജൂഡിക്കേറ്റര്‍ റിഷി നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റോപ്പ് വാച്ചുകളുടെ സഹായത്തോടെ റിലേ ദീപാലങ്കാരം പരിശോധിക്കാന്‍ മാളില്‍ എത്തിയിരുന്നത്.
റിട്ടയേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥന് വിജയ് സിന്‍ഹ, പ്രൊഫ. ഡോ. ജസ്വന്ത് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലുലു മാള്‍ റീജിയണല്‍ മാനേജര്‍ ബിജു സുഗതന്, ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നോമാന്‍ അസീസ് ഖാന്, പി ആര് മാനേജര്‍ സെപ്റ്റൈന്‍ ഹുസ്സൈന്‍, എച്ച്ആര്‍ ആന്‍ഡ് അഡ്മിന് മാനേജര്‍ സൗരബ് വര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: