ഷാജന്‍ സി. മാത്യു
കൊച്ചി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണയില്‍ രാജ്യം കപ്പല്‍ നിര്‍മിക്കുന്നു. ‘അടല്‍’ എന്നാണ് കപ്പലിന്റെ പേര്. 1,200 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യം. കൊച്ചിന്‍ കപ്പല്‍ശാലയ്‌ക്കാണ് നിര്‍മാണച്ചുമതല. 450 കോടി രൂപയാണ് ചെലവു കണക്കാക്കുന്നതെന്നും സമയ ബന്ധിതമായി കമ്മിഷന്‍ ചെയ്യാനാകുന്ന വിധത്തില്‍ പണി പുരോഗമിക്കുന്നെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. ഘടന പൂര്‍ത്തിയായ കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഡോക്കില്‍ നിന്നു പുറത്തിറക്കിയത്.
സഞ്ചാര സൗകര്യത്തില്‍ പോരായ്മയനുഭവിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വിശാഖപട്ടണത്തേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കപ്പല്‍ നിര്‍മിക്കുന്നത്. ആന്‍ഡമാനിന്റെ കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആന്‍ഡമാന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 500 പേര്‍ക്കു വീതം യാത്ര ചെയ്യാവുന്ന സിന്ധു, നളന്ദ കപ്പലുകള്‍ ദ്വീപ സമൂഹങ്ങള്‍ക്ക് കൊച്ചിന്‍ കപ്പല്‍ശാലയില്‍ നിന്നുതന്നെ നിര്‍മിച്ചു നല്കിയിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി രണ്ടു വലിയ കപ്പല്‍ കൂടി കൊടുക്കുന്നുണ്ട്. അതിലൊന്നാണ് അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റൊന്നിന് അശോക ചക്രവര്‍ത്തിയുടെ പേരാണ് നല്കുക.
വാജ്പേയിയുടെ പേരിലുള്ള കപ്പല്‍ ചിലപ്പോള്‍ ആന്‍ഡമാന്‍ സര്‍വീസില്‍ നിന്നു മാറ്റി ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തുന്ന മറ്റൊരു വലിയ പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും ഷിപ്പിങ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോടു പറഞ്ഞു. അതു യാഥാര്‍ഥ്യമായാല്‍ ആ നേട്ടം കൈവരിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: