കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്ന മൂവര്‍ സംഘത്തെതേടി കസ്റ്റംസ്. റിയാസ്, ഷബീബ് ഹുസൈന്, ജലീല്‍ എന്നിവരെയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഏറ്റവുമൊടുവില്‍ അഞ്ച് കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഇവരാണ് മുഖ്യപ്രതികള്‍. വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ചായിരുന്നു കള്ളക്കടത്ത്.
കോഴിക്കോട് കരുവന്തിരിത്തി സ്വദേശി റിയാസ് (35), കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീബ് ഹുസൈന്(36), ജലീല്‍ നേര്‍ക്കൊട്ടുപോയില്‍ (30) എന്നിവര്‍ക്ക് വേണ്ടി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ റിയാസിനെ പിടികൂടാന്‍ കസ്റ്റംസ് ഒരിയ്ക്കല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഷബീബ്, ജലീല്‍ എന്നിവര്‍ ദുബായിലാണ്.
ദുബായില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണ്ണം കൊണ്ടുവന്ന വയനാട് സ്വദേശി അസ്കര്‍ അലി കൊപ്രക്കോടന്‍ കഴിഞ്ഞ ദിവസം കസ്റ്റംസില്‍ പിടികൊടുത്തിരുന്നു. സ്വര്‍ണ്ണവാഹകനായ യാത്രക്കാരന് എന്ന നിലയില്‍ 60000 രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അസ്കര്‍ അലി പറഞ്ഞു. ഇത് നല്‍കാമെന്ന് പറഞ്ഞത് ദുബായിലെ ഷബീബ്, ജലീല്‍ എന്നിവരാണ്. സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയതോടെ അസ്കര്‍ അലി കാഠ്മണ്ഡു വിമാനത്താവളം വഴി ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി കിട്ടാത്തതിനാല്‍ വേറെ വഴിയില്ലാത്തതിനാലാണ് ഇയാള്‍ കീഴടങ്ങിയത്.
സെപ്തംബര്‍ 12നാണ് അഞ്ചു കിലോ സ്വര്‍ണ്ണമിശ്രിതം ഇന്‍ഡിഗോ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ അസ്കര്‍ അലിയുടെ ബാഗില്‍ നിന്നും പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് ഇന്‍ഡിഗോ ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു.
ഇതിനിടെ റിയാസ് കാറില്‍ വരുന്നുവെന്നറിഞ്ഞ് കസ്റ്റംസ് കരിപ്പൂര്‍ ഭാഗത്ത് വെച്ച് കാര്‍ തടഞ്ഞെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇതിനിടെ സംഘവുമായി ബന്ധമുള്ള സമീര്‍ അറാംതൊടിയെയും റിയാസിന്റെ ഡ്രൈവറായി സ്വര്‍ണ്ണക്ടടത്തിലുള്ള ഷാമിലിനെയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: