ചാവക്കാട്: കാഴ്ചക്കുറവുള്ള വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. തിരുവളയന്നൂര് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ജ്യോതിഷിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്പെഷല്‍ ക്ലാസ് കഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥിയെ എട്ടു പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
പ്ലസ്ടു വിദ്യാത്ഥികളാണ് ആക്രമിച്ചതെന്ന് ജ്യോതിഷ് പറഞ്ഞു. ഷൂ ധരിച്ചതും കണ്ണട വെച്ചതും ചോദ്യം ചെയ്തായിരുന്നു ആക്രമണം. ബഹളം കേട്ട് അധ്യാപകരെത്തിയപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. ക്ലാസില്‍ നിന്ന് പുറത്തിറക്കുന്നതിന് മുന്‍പേ രക്ഷിതാവിനോട് വിളിച്ചു പറയാന്‍ ഒരു അധ്യാപികയോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് പറയുന്നു. മറ്റൊരധ്യാപിക വിളിച്ച് സംഭവത്തില്‍ പരാതികളിലേക്ക് കടക്കരുതെന്നും പോലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ടതായും ജ്യോതിഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
വീട്ടിലെത്തിയ ജ്യോതിഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം സ്കൂള്‍ വിട്ട് പുറത്ത് പോയതിന് ശേഷം ഉണ്ടായ ആക്രമണം വൈകിയാണ് അറിഞ്ഞതെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: