ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമിതി രൂപീകരിച്ചതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. നേരത്തെ ബിജെപി ഭരണമുള്ള ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബിജെപി സര്‍ക്കാരും ആ വഴിക്കു നീങ്ങുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായും ഇതിനെ ഇക്കൂട്ടര്‍ ബന്ധിപ്പിക്കുന്നു. പൗരത്വ നിയമഭേദഗതിയുടെ തുടര്‍ച്ചയാണിതെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ്. ഏകീകൃത സിവില്‍ കോഡ് തങ്ങളുടെ മതപരമായ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ഇടപെടുന്നതാണെന്നു പറഞ്ഞാണ് ചില മുസ്ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തുന്നത്. എന്നാല്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതുപോലെ ഏക സിവില്‍ കോഡല്ല, ഏകീകൃത സിവില്‍ കോഡാണ് കൊണ്ടുവരുന്നത്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമായ അവകാശങ്ങളില്‍ കടന്നുകയറുകയല്ല, എല്ലാ മതങ്ങള്‍ക്കും ബാധകമായ പൊതുനിയമമാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നാല്‍ തങ്ങളുടെ മതാചരണങ്ങള്‍ക്ക് വിലക്കുവരുമെന്നും, ഖബറടക്കാന്‍പോലും അനുവദിക്കില്ലെന്നുമൊക്കെയാണ് തല്‍പ്പരകക്ഷികള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങളില്‍ മതപരമായ ആശങ്ക നിറച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് ഈ കള്ളപ്രചാരണത്തിന്റെ അടിയന്തര ലക്ഷ്യം.
രാജ്യത്ത് എല്ലാ പൗരന്മാര്ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ആരെങ്കിലും ഭരണഘടനയില്‍ ഒളിച്ചുകടത്തിയതുമല്ല. ഭരണഘടനാ നിര്‍മാണ സഭയില്‍ ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നതാണ്. ശരിഅത്തിന്റെ പേരുപറഞ്ഞ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ ഭരണഘടനാ നിര്‍മാണ സഭയില്‍ എതിര്‍ത്തപ്പോള്‍ അല്ലാഡി കൃഷ്ണസ്വാമി അയ്യരെപ്പോലുള്ളവര്‍ ശക്തമായാണ് അതിനോട് വിയോജിച്ചത്. ബ്രിട്ടീഷുകാര്‍ ശരിഅത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ മുറവിളി കൂട്ടുന്നത് എന്തിനാണെന്ന അല്ലാഡിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. മറ്റ് പല വിഷയങ്ങളിലും ഭരണഘടനയുടെ പേരില്‍ ഊറ്റംകൊള്ളുകയും, ഭരണഘടന അട്ടിമറിക്കുകയാണെന്നു പറഞ്ഞ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ ഏകീകൃത സിവില്‍ കോഡിന്റെ വിഷയം വരുമ്പോള്‍ മാത്രം അത് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമായിരുന്നിട്ടുകൂടി എതിര്‍ക്കുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ ഭരഘടനാ നിര്‍മാണ സഭയെയും ഭരണഘടനയെത്തന്നെയും തള്ളിപ്പറയുകയാണ്. മറ്റു കാര്യങ്ങളിലൊക്കെ ഇന്ത്യന്‍ നിയമം സ്വീകരിക്കുകയും വിവാഹം, പിന്തുടര്ച്ചാവകാശം എന്നീ കാര്യങ്ങളില്‍ ശരിഅത്ത് നിയമം വേണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നവര്‍ മതവിഭാഗീയതയ്ക്കും വര്‍ഗീയ ധ്രുവീകരണത്തിനും വളംവയ്ക്കുന്നത് കാണാതിരുന്നുകൂട. ഈ രാഷ്ട്രത്തിന്റെ ദേശീയ മുഖ്യധാരയില്‍ ലയിച്ചു ചേരാനുള്ള മടിയാണ് ഇതിനുപിന്നിലുള്ളതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ദേശീയോദ്ഗ്രഥനത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരിനും ഇത് അംഗീകരിക്കാനാവില്ല.
ഗുജറാത്തില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് ബിജെപി പറയുന്നത് വെറുതെയാണെന്നും വീമ്പിളക്കലാണെന്നും, തങ്ങളാണ് അത് നടപ്പാക്കാന്‍ പോകുന്നതെന്നുമുള്ള അവകാശവാദവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നു. ആ പാര്‍ട്ടി ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പു മുതല്‍ ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുപോരുന്ന പാര്‍ട്ടിയാണ് ബിജെപി. ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായതുകൊണ്ടാണ് ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും ഗുജറാത്തും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികളെടുക്കുന്നത്. ഇപ്പോള്‍ ഒരു വെളിപാടുണ്ടായതുപോലെ തങ്ങള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറയുമ്പോള്‍ ഇക്കാര്യത്തില്‍ ആ പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഏകീകൃത സിവില്‍ കോഡ് ഒരുതരത്തിലും മതപരമായ പ്രശ്നമല്ല. ഇതിനാലാണ് ഈ ആവശ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഡോ. അംബേദ്കറെപ്പോലുള്ളവര്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്താനും, നിയമത്തിനു മുന്നില്‍ പൗരന്മാര് സമന്മാരാണെന്ന മനോഭാവം വളര്‍ത്താനും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണ്. മതവികാരം ആളിക്കത്തിച്ച് ഇത് അട്ടിമറിക്കാമെന്ന് വിചാരിക്കുന്നവര്‍ കശ്മീരില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പുതിയ ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: