കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആത്മനിര്‍ഭര ഭാരതം എന്ന ആശയം അഭൂതപൂര്‍വമായ രീതിയില്‍ പ്രവൃത്തി പഥത്തിലെത്തുകയും, വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയുമാണ്. ടാറ്റ-എയര്‍ബസ് സംയുക്ത വിമാന നിര്‍മാണ കമ്പനിക്ക് ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതോടെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഇന്ത്യ സ്വന്തമായി വിമാനം നിര്‍മിക്കുന്നില്ല എന്നത് പലര്‍ക്കും അറിയില്ല. പലരുടെയും ധാരണ മറിച്ചാണ്. യാത്രാ വിമാനങ്ങളായാലും യുദ്ധവിമാനങ്ങളായാലും നാം മറ്റു രാജ്യങ്ങളില്‍നിന്ന് വാങ്ങുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇതിന് മാറ്റം വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ തേജസ് എന്ന പേരില്‍ ലഘുവിമാനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ എയ്റോ നോട്ടിക്സ് നിര്‍മിക്കുന്ന ഇന്ത്യയുടെ ഈ യുദ്ധ വിമാനത്തിന് ലോകത്ത് ആവശ്യക്കാര്‍ ഏറെയാണ്. ഇതിനിടെയാണ് വ്യോമയാന മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം വച്ചുള്ള വിമാനനിര്‍മാണ കമ്പനി രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ പറന്നുയരാന്‍ പോകുന്ന സി-295 വിമാനം സൈനികേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വ്യോമസേനയുടെ കാലഹരണപ്പെട്ട ആവ്റോ വിമാനങ്ങള്‍ക്ക് പകരമാണ് 510 ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ ഇന്ത്യ നിര്‍മിക്കുന്നതെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ചരിത്രപരമാണ് ഈ കാല്‍വയ്പ്പ്.
ആത്മനിര്‍ഭര ഭാരതം എന്ന ആശയം ജനങ്ങളുടെ കയ്യടി നേടാനോ വോട്ടര്‍മാരെ ആകര്‍ഷിക്കാനോ വേണ്ടിയായിരുന്നില്ല. എല്ലാ മേഖലയിലും ഇന്ത്യയ്ക്ക് സ്വന്തംകാലില്‍ നില്‍ക്കാനുള്ള കഴിവ് നേടുന്നതിനുവേണ്ടിയായിരുന്നു അത്. സ്വയംപര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരായിരുന്നു നമ്മുടെ രാഷ്ട്രീയ-ഭരണ നേതൃത്വമെങ്കിലും ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും ആരുടെയും ഭാഗത്തുനിന്ന് വലിയ തോതില്‍ ഉണ്ടായില്ല. ഈ കുറവ് ഏറ്റവും ബാധിച്ചത് പ്രതിരോധ മേഖലയെയാണ്. സായുധസേനയ്ക്കുവേണ്ടിയുള്ള ആയുധങ്ങള്‍ക്കും കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമൊക്കെ എപ്പോഴും മറ്റു രാജ്യങ്ങളെ ആശ്രയിച്ചാല്‍ മതിയെന്ന നയമാണ് ഇന്ത്യ ഭരിച്ചിരുന്നവര്‍ സ്വീകരിച്ചത്. പ്രതിരോധ കരാറുകള്‍ക്കു പിന്നിലെ സാമ്പത്തിക ഇടപാടുകളും കമ്മീഷനുമൊക്കെ ഇതിലെ ആകര്‍ഷക ഘടകങ്ങളായിരുന്നു. ബൊഫോഴ്സ് തോക്കിടപാടും അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്ടര്‍ ഇടപാടുമുള്‍പ്പെടെ നിരവധിയുണ്ട് ഉദാഹരണങ്ങളായി. സൈനികരംഗത്ത് ഇന്ത്യയ്ക്ക് ഒരുപാട് പരാധീനതകള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നിട്ടും ആയുധങ്ങളും അന്തര്‍വാഹിനികളുമൊക്കെ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന രാജ്യസ്നേഹമില്ലാത്തവരും കഴിവുകെട്ടവരുമായ പ്രതിരോധമന്ത്രിമാരെ വരെ നമുക്ക് കാണേണ്ടി വന്നു. ഈ രാജ്യദ്രോഹം അവസാനിപ്പിക്കാനുള്ള ധീരത കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്താരാഷ്ട്ര ആയുധ ദല്ലാളുകളും അവരുടെ ഇഷ്ടക്കാരായ രാഷ്ട്രീയ നേതാക്കളുമൊക്കെ ഇതിനെതിരെ രംഗത്തുവന്നെങ്കിലും മോദി സര്‍ക്കാര്‍ പിന്നോട്ടുപോയില്ല. കേസിലെ പ്രതികള്‍ പലരും ജയിലിലുമായി. ഇന്ത്യ സ്വന്തമായി യുദ്ധവിമാനങ്ങളും പടുകൂറ്റന്‍ ടാങ്കുകളും അന്തര്‍വാഹിനികളുമൊക്കെ നിര്‍മിക്കാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകാര്‍ നിശ്ശബ്ദരായി.
ഒരു കാലത്ത് മറ്റു രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യ നിഷേധിച്ചിരുന്ന ബഹിരാകാശ മേഖലയില്‍ ഇന്ന് നാം അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. ബഹിരാകാശ രംഗത്ത് വിപ്ലവകരമായ കുതിപ്പുകളാണ് ഐഎസ്ആര്‍ഒ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ മുപ്പത്തിയാറ് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട് ഈ സ്ഥാപനം അത്ഭുതകരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഇത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയെന്നു മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞു. ബഹിരാകാശ രംഗത്ത് ഇന്ത്യ ഇന്ന് വന്‍ശക്തികള്‍ക്കൊപ്പമാണ്. തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റുകള്‍ വഴി സ്വന്തമായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്യുന്നു. ബഹിരാകാശ രംഗത്ത് സ്വകാര്യമേഖലയെക്കൂടി പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിച്ചതോടെ വന്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആത്മനിര്‍ഭര ഭാരതത്തിന്റെ അന്യാദൃശമായ മറ്റൊരു നേട്ടമാണ് സൗരോര്‍ജത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയത്. ഗുജറാത്തിലെ സൗരോര്‍ജ ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് വൈദ്യുതി ബില്ലുകളല്ല, വൈദ്യുതി ഉല്‍പ്പാദനത്തില്‍നിന്നുള്ള വരുമാനത്തിന്റെ ചെക്കുകളാണ് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഓരോ പൗരനും ആഹ്ലാദവും അഭിമാനവും പകരുന്നതാണ്. രാഷ്ട്രത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള കരുത്തുറ്റ മുന്നേറ്റമാണിത്. ഇതിന്റെ ഗുണഫലങ്ങള്‍ ഓരോ പൗരനും അനുഭവിക്കാന്‍ കഴിയുന്ന നല്ല നാളുകള്‍ സമാഗതമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: