മോര്‍ബി : ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 132 പേര് മരിച്ചു. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ 170 പേരെ രക്ഷിക്കാനായി. പലരും പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. അപകടം നടക്കുമ്പോള്‍ അഞ്ഞൂറോളം പേര് പാലത്തിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിങ് വിദഗ്ധരേയും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും.
ബ്രിട്ടീഷ് ഭരണകാലത്ത് 1879 ല്‍ മച്ഛു നദിക്ക് കുറുകെ നിര്‍മ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് അഞ്ച് ദിവസം മുന്‍പാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടം നടന്ന സ്ഥലത്തെത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മോര്‍ബി നഗരത്തില്‍ ബന്ദ് ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: