തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം തന്നെയെന്ന് പെണ്‍കുട്ടി. പൊലീസ് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കുറ്റം സമ്മതിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഞായറാഴ്ച സുഹൃത്തായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലായിരുന്നു കുറ്റസമ്മതം. . കേസിന്റെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലായിരുന്നു പെണ്‍കുട്ടി എല്ലാം സമ്മതിച്ചത്.
ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. പുതിയ സംഘം അന്വേഷണം തുടങ്ങിയ ഞായറാഴ്ച തന്നെ കേസില്‍ വലിയ വഴിത്തിരിവുണ്ടായി. .
ഷാരോണ്‍ മരിച്ച ദിവസം പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യംമൂലം പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിനായിരുന്നില്ല. അതിനാലാണ് ഞായറാഴ്ച വിശദമായി തന്നെ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്.
ഷാരോണിന്റെ മരണശേഷം പുറത്ത് വന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ ഷാരോണിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പെണ്‍കുട്ടി കൊലപാതകക്കുറ്റം നിഷേധിക്കുകയായിരുന്നു.
കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശത്തില്‍ കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്.
മുമ്പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിം നടത്തിയിരുന്നതായും കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയ ബോട്ടില്‍ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: