പിന്നോട്ടു നടന്നാല്‍ ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴും. പിന്നാക്കം മറിഞ്ഞുപോകാതിരിക്കാന്‍ പിന്നിലേക്ക് പോകുന്നത് ഗുണം ചെയ്യും. ഓര്‍മ്മയിലൂടെ, ചരിത്രത്തിലൂടെ, പിന്നോട്ടു പോയാല്‍ ഈ വീഴ്ച ഭയക്കേണ്ടതില്ല. മാത്രമല്ല ചിലകാര്യങ്ങളില്‍ സുവ്യക്തത ഉണ്ടാകും. കാലികമായ വിഷയം- ഗവര്‍ണറുടെ നടപടികളില്‍ ഒരു പിന്‍നോട്ടം നടത്തിയാല്‍ കൗതുകമാണ്, ചില പൊള്ളത്തരങ്ങള്‍ വെളിപ്പെടും.
എനിക്ക് ബാലഗോപാലില്‍ തുഷ്ടിയുണ്ടെന്ന് (പ്ലഷര്‍) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ അറിയിച്ചു. അതിനു കാരണം ഗവര്‍ണര്‍ക്ക് ബാലഗോപാലില്‍ തുഷ്ടിയില്ലാതായി എന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിനാലാണ്. ഗവര്‍ണര്‍ അങ്ങനെ അറിയിച്ചത് ബാലഗോപാല്‍ മന്ത്രിയുടെ, മന്ത്രിയെന്ന നിലയിലുള്ള കടമകളില്‍ പിഴവു വരുത്തിയിട്ടാണ്. ബാലഗോപാലിന്റെ പിഴവുകള്‍ക്ക് കാരണം ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ഭരണഘടനയില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചെയ്തികളിലെ അസാധാരണത്വം കൊണ്ടാണ്. അതിനു കാരണം ഗവര്‍ണര്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പിഴവുകളിലും പോരായ്മകളിലും സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ചില കഠിന തീരുമാനങ്ങള്‍ എടുത്തതിനാലാണ്. ആ തീരുമാനങ്ങള്‍ക്ക് കാരണമായത് പ്രധാനമായും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ (യുജിസി) നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാലകള്‍ക്ക് നിര്‍ദേശവും നിയന്ത്രണവും ധനസഹായവും ചെയ്യുന്ന യുജിസിയെ മറികടന്ന് വിസി നിയമനങ്ങള്‍ നടത്തിയത് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, ഒമ്പത് സര്‍വകലാശാലാ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ വിദ്യാര്‍ഥി സംഘടനകളില്‍പ്പെട്ട സിപിഎമ്മിന്റെ പോഷക സംഘടനയായ എസ്എഫ്ഐ, രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു. ഗവര്‍ണറേയും അദ്ദേഹം നിയമിക്കുന്ന വിസിമാരെയും തെരുവില്‍ തടയുമെന്നാണ് എസ്എഫ്ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും പ്രഖ്യാപിച്ചത്. (ധര്‍മപ്രസംഗം നടത്തുന്ന സുനില്‍.പി.ഇളയിടവും കൊടിപിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അഡ്വ. ജയശങ്കര്‍ ആവര്‍ത്തിച്ച് പറയുംപോലെ ഇളയിടത്തിന്, ഇനി ചട്ടംലംഘിച്ച് നിയമിക്കപ്പെട്ട സര്‍വകലാശാല അധ്യാപകരെ ഗവര്‍ണര്‍ പിടികൂടുമെന്ന ഭീതി ഉണ്ടായിരിക്കാം)
എസ്എഫ്ഐയുടെ സമരത്തിന് കാരണമായത് വിസിമാരുടെ വിഷയമാണ്. അതിനെക്കുറിച്ച് പിറകോട്ട് ചിന്തിച്ചാല്‍, ഗവര്‍ണര്‍ വിസിമാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചത് സുപ്രീം കോടതിവിധി പ്രകാരമാണ്. സാങ്കേതിക സര്‍വകലാശാല വിസിയെ നിയമിച്ചത് ചട്ട വിരുദ്ധമായാണെന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നു. ചട്ട ലംഘനം കണ്ടെത്തി. പുറത്താക്കേണ്ടതാണെന്നായിരുന്നു വിധി. അത് എല്ലാ സര്‍വകലാശാലാ വിസി നിയമങ്ങള്‍ക്കും ബാധകമായതിനാലാണ് വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
എസ്എഫ്ഐ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാന്‍ അവര്‍ക്ക് കിട്ടിയ അവസരമാണ് ഗവര്‍ണര്‍ ഉണ്ടാക്കിക്കൊടുത്തത്. പക്ഷേ ജീവിക്കുന്നുവെന്ന് തെളിയിച്ചപ്പോള്‍ പലര്‍ക്കും സംശയമായി, ഇത് ഏത് എസ്എഫ്ഐ? രൂപം, ഭാവം, നിലപാട്, ആശയം, ആദര്‍ശം, രീതി എല്ലാം മാറിയിട്ടും ഇതിനെ എങ്ങനെ ആ പേരിട്ട് വിളിക്കും. വിസിക്കെതിരേ മുന്നില്‍നില്‍ക്കുന്ന മന്ത്രി കെ.എന്‍. ബാലഗോപാലും ബാലഗോപാലില്‍ തുഷ്ടി മൂത്ത് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു പോലും സംശയമുണ്ടാകേണ്ടതാണ്, അവര്‍ക്ക് പൂര്‍വകാല ബോധം നശിച്ചിട്ടില്ലെങ്കില്‍. ബാലഗോപാല്‍ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. അഖിലേന്ത്യാ പ്രസിഡന്റും. പിണറായി വിജയന്‍ ഒരുകാലത്ത് എസ്എഫ്ഐയുടെ ചുമതലവഹിക്കുന്ന പാര്‍ട്ടി നേതാവായിരുന്നു.
എസ്എഫ്ഐയുടെ മുദ്രാവാക്യം തീരെ പ്രായോഗികമല്ലെന്ന് സമസ്ത ചിന്തകരും സമ്മതിച്ചിട്ടുള്ള, ജനാധിപത്യവും സോഷ്യലിസവുമാണ്. ഇത് രണ്ടും ഒന്നച്ചുപോകില്ല. എസ്എഫ്ഐ അതിനൊപ്പം സ്വാതന്ത്ര്യവും ചേര്‍ത്തു. പോകട്ടെ സഹിക്കാം, പഠിത്തത്തോടൊപ്പം പോരാടുക എന്ന മറ്റൊരു മുദ്രാവാക്യവും അവര്‍ക്കുണ്ട്. തത്ത്വികാചാര്യന്‍ വ്ളാഡിമര്‍ ലെനിന്‍ പറഞ്ഞിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ പഠിക്കുക, പഠിക്കുക, പഠിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നാണ്. പക്ഷേ, പോരാട്ടമാണ് എസ്എഫ്ഐയുടെ എക്കാലത്തേയും പ്രവര്‍ത്തനം. അവര്‍ക്ക് ശരിയെന്നും ഗുണമെന്നും തോന്നുന്ന, എതിര്‍കക്ഷികള്‍ ചെയ്യുന്ന ശരിയെന്നും നല്ലതെന്നും തോന്നുന്ന സകലതിനും എതിരേ അന്ധമായ പോരാട്ടം നടത്തുന്നതാണ് അവരുടെ രീതി. ചില ഉദാഹരണങ്ങള്‍ പറയാം:
അടിയന്തരാവസ്ഥക്കെതിരേ കോണ്‍ഗ്രസ് ഒഴികെയുള്ള സകല പാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒറ്റയ്‌ക്കും കൂട്ടുചേര്‍ന്നും സമരം നടത്തി. ഒറ്റയ്‌ക്ക് പയറ്റാന്‍ ആളെ കിട്ടാഞ്ഞ എസ്എഫ്ഐ സംയുക്ത വിദ്യാര്‍ത്ഥി സമര സംഘടയുടെ ഭാഗമായി. പല കാരണങ്ങളാല്‍ ഇന്നിപ്പോള്‍ പാര്‍ട്ടയില്‍ മൂലയ്‌ക്കായിപ്പോയ തോമസ് ഐസക്കും മറ്റും, അക്കാലത്ത് ജനാധിപത്യ സംരക്ഷണത്തിനുള്ള സമരത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ പിന്നില്‍നിന്ന് കുത്തിയതിന്റെ കറുത്ത ചരിത്രം കുപ്രസിദ്ധമാണ്. അന്ന് സമരത്തിലുണ്ടായിരുന്ന എബിവിപിക്കാരെ എസ്എഫ്ഐക്കാര്‍ കരുണാകരന്റെ കോണ്‍ഗ്രസ് പോലീസിന് ഒറ്റിക്കൊടുക്കുകയായിരുന്നു. കെഎസ്‌യു ഒപ്പമുണ്ടായിരുന്നു.
പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാനുള്ള കരുണാകരന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ടി.എം. ജേക്കബിന്റെ തീരുമാനത്തിനെതിരേ എസ്എഫ്ഐ നടത്തിയ സമരമുണ്ട്. വന്‍ അതിക്രമങ്ങള്‍ നടന്ന, പൊതുമുതല്‍ നശിപ്പിച്ച ആ സമരങ്ങള്‍ക്ക് പരിണാമം, പേരുമാറ്റി പ്ലസ് ടു ആയി ആ നയപരിപാടികള്‍ നടപ്പിലാക്കുകയായിരുന്നു.
”അക്ഷരവൈരീ ജേക്കബ്ബേ
നിന്റെ പരുന്ത് പറക്കില്ല
നിന്റെ നയങ്ങള്‍ നടക്കില്ല
പ്രീഡിഗ്രി ബോര്‍ഡ് വേണ്ടേ വേണ്ട” എന്നായിരുന്നു എസ്എഫ്ഐയുടെ അന്നത്തെ മുദ്രാവാക്യം. സ്വാശ്രയ വിദ്യാഭ്യാസ സംവിധാനത്തിന് എതിരേ നടത്തിയ സമരത്തില്‍ എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ ഏറെയായിരുന്നു. കൂത്തുപറമ്പിലെ ഡയറക്ട് ആക്ഷന് ഇറങ്ങിയത് ഡിവൈഎഫ്ഐ ആയിരുന്നെങ്കിലും സമരപ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ എസ്എഫ്ഐ ആയിരുന്നു. പില്‍ക്കാലത്ത് സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ സംരക്ഷകരായത് അതേ പ്രസ്ഥാനമായിമാറി. സ്വകാര്യ മേഖലയില്‍ സര്‍വകലാശാലകള്‍ കൊണ്ടുവരാന്‍ തത്ത്വത്തില്‍ തീരുമാനിച്ചു പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാര്‍. പക്ഷേ എസ്എഫ്ഐ മിണ്ടിയിട്ടില്ല.
അടുത്തിടെ അന്തരിച്ച ഡോ. ജെ.വി. വിളനിലത്തിനെതിരേ എസ്എഫ്ഐ നടത്തിയ സമരം ഓര്‍മയില്ലേ. കേരള സര്‍വകലാശാലാ വിസിയായി നിയമിതനായ വിളനിലത്തിന് അതിനുതക്ക വിദ്യാഭ്യാസ യോഗ്യത ഇല്ല എന്നതായിരുന്നു വിഷയം. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിന്റേതായിരുന്നു നിയമനം. മാസങ്ങള്‍ നീണ്ട സമരം. പൊതുമുതല്‍ തകര്‍ത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിച്ചും നടത്തിയ സമരം… അന്ന് വിളിച്ച മുദ്രാവാക്യം പഴയ എസ്എഫ്ഐക്കാര്‍ക്ക് ഓര്‍മയുണ്ടാവണം:
”പാലായിലെ പാതിരിമാര്‍ക്കും
കോഴിക്കോട്ടെ കോയമാര്‍ക്കും
സമസ്ത കേരള നായന്‍മാര്‍ക്കും
വിദ്യാഭ്യാസം അടിയറവെച്ച
കേരള സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്”
ഇങ്ങനെ നടത്തിയ സമരങ്ങള്‍ക്കെല്ലാം കാരണമായി നേതാക്കള്‍ പറഞ്ഞത് വിദ്യാഭ്യാസമേഖലയുടെ സംരക്ഷണമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നീതിയായിരുന്നു. സര്‍ക്കാരുകളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനമായിരുന്നു.
ഇനി ഇക്കാലത്തേക്ക് വരാം. പഴയകാല സമരപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ എസ്എഫ്ഐയും ചെയ്യുന്നതെങ്കില്‍, അവര്‍ ഗവര്‍ണര്‍ ആരീഫ് ഖാന്റെ ഒപ്പമല്ലേ നില്‍ക്കേണ്ടത്. അദ്ദേഹത്തിനെതിരേ പ്രസ്താവനയ്‌ക്കും പ്രതിഷേധത്തിനും അവര്‍ക്ക് എങ്ങനെ സാധിക്കും. കാരണം ഉന്നത വിദ്യാഭ്യാസ രംഗത്തെ നയ-നിലപാടുകള്‍ കൈക്കൊള്ളുന്ന വൈസ് ചാന്‍സലര്‍മാരെ നിയോഗിച്ച നടപടിക്രമം തെറ്റായതിന്റെ പേരിലാണ് ഗവര്‍ണര്‍ നടപടി എടുത്തത്. എന്തായിരുന്നു ഗവര്‍ണര്‍മാര്‍ക്കുള്ള പ്രശ്നം? അത് ‘പിക് ആന്‍ഡ് ചൂസ്’ രീതിയായിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് താല്‍പര്യമുള്ള ആളിനെ അതത് സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ അതനുസരിച്ച് നിയമന നടപടിക്രമങ്ങള്‍ വക്രീകരിച്ചു. ഒരാളെ മാത്രമേ ആരുവിചാരിച്ചാലും നിയമിക്കാന്‍ പറ്റൂ എന്ന സ്ഥിതി വന്നു. എന്തിനായിരുന്നു? പാര്‍ട്ടിക്ക് അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെക്കൊണ്ട്, കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിക്കുക’ എന്ന തന്ത്രം നടപ്പാക്കുന്നതോടൊപ്പം ‘തല മൂത്തവരെ താളത്തിന് തുള്ളിക്കാനുള്ള’ നിയന്ത്രണച്ചരട് കൈയില്‍ വേണമായിരുന്നു. കുറേ ”ചാടിക്കളിയടാ കുഞ്ഞിരാമന്‍മാരെ” വേണ്ടിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖല കുട്ടിച്ചോറായാലും ”കാട്ടിലെ തടി, തേവരുടെ ആന” എന്ന മട്ടില്‍ കാര്യങ്ങള്‍ക്ക് വിസിമാരെ വിനിയോഗിക്കണമായിരുന്നു, വിനിയോഗിക്കുകയായിരുന്നു. ഗവര്‍ണര്‍ അതാണ് തടഞ്ഞത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവിയാണ് ഗവര്‍ണര്‍ രക്ഷിച്ചെടുത്തത്. പക്ഷേ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്കൊപ്പമല്ലായിരുന്നു അന്നും ഇന്നും, ആണെന്ന് തോന്നിപ്പിക്കാന്‍ പക്ഷേ അവര്‍ക്കെന്നും കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഈ സമരത്തില്‍, നിലപാടില്‍ അവര്‍ അടിമുടി തുറന്നുകാട്ടപ്പെടുകയായി.
മറ്റുചില വിശേഷങ്ങള്‍ കൂടിയുണ്ട് ഇപ്പോഴത്തെ സ്ഥിതിക്ക്. വിദ്യാഭ്യാസ മേഖലയിലെ വിഷയത്തിലായിരുന്നു ആദ്യത്തെ കമ്യൂണിസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടത്. തുടര്‍ന്ന് വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്തെ ഈ വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാനാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. മറ്റു പല മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്, പ്രതിസന്ധിയിലാണ്. ഒന്നാം സര്‍ക്കാരിലെ വാഗ്ദാനങ്ങള്‍ പലതും നടപ്പായിട്ടില്ല. രണ്ടാംവട്ടത്തില്‍ നല്ലവാഗ്ദാനങ്ങള്‍പോലും നല്‍കാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിവട്ടത്തില്‍നിന്ന് വിട്ടുപോകുന്ന അനുഭാവികളെ ഒട്ടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിരിച്ചുവിടലെന്ന ‘പിപ്പിടി’ വരുന്നുവെന്ന ഭീഷണി സഹായിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. പക്ഷേ കേന്ദ്രത്തിന്റെ പിരിച്ചുവിടല്‍ തീരുമാനം ഏറ്റവും കൂടുതല്‍ അനുഭവിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഭരിച്ച പാര്‍ട്ടിയായ ബിജെപി പിരിച്ചുവിടാന്‍ മുതിരില്ല. മാത്രമല്ല, പഴയകാലത്തെ നടപടി ക്രമങ്ങളല്ല ഭരണത്തിലിപ്പോള്‍ കേന്ദ്രം തുടരുന്നത്. പഴയ കോണ്‍ഗ്രസ് ഭരണമല്ല, കോണ്‍ഗ്രസ് നേതാക്കളുടെ രീതിയുമല്ല. കേന്ദ്രത്തിന് ഒരു സംസ്ഥാനം ഭരിക്കാന്‍ സര്‍ക്കാരിനെ പിരിച്ചുവിടേണ്ടതൊന്നുമില്ല.
ഗവര്‍ണര്‍ക്കെതിരേ കൊടിപിടിക്കുന്നതിന് മുമ്പ് എസ്എഫ്ഐയെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതീക്ഷിച്ച ചില അവസരങ്ങളും വേദികളുമുണ്ടായിരുന്നു. അവിടെ എന്തുകൊണ്ട് അവര്‍ വന്നില്ല എന്നത് ചിന്താവിഷയമാണ്. സ്‌കൂളുകളിലുള്‍പ്പെടെ കാമ്പസുകളിലെ ലഹരിയുപയോഗം, വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, അഴിമതികള്‍, വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സംസ്ഥാനം വിടുന്നത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പ്രതീക്ഷിച്ചു. കണ്ടില്ല, പകരം, നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ വഴിയില്‍ പോയി അവര്‍. നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍, സംഘടന നിരോധിച്ചപ്പോള്‍ അണികള്‍ പ്രതിഷേധിച്ചു. നിരോധനം ശരിവെക്കുന്ന പ്രവൃത്തി. എസ്എഫ്ഐ ചെയ്തതും അതുപോലെയായി. ഗവര്‍ണര്‍ തിരുത്താന്‍ തുടങ്ങിയ തെറ്റിന് ഒപ്പമാണ് അവരെന്ന് എസ്എഫ്ഐ തെളിയിച്ചു. എസ്എഫ്ഐ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ മാത്രമല്ല, പുരോഗന സാഹിത്യ പ്രസ്ഥാനം എവിടെ? ശാസ്ത്ര സാഹിത്യ പരിഷത്ത് എവിടെ? ഇടത് സാംസ്‌കാരിക നായകര്‍ എവിടെ? എസ്എഫ്ഐയുടെ പഴയ മുദ്രാവാക്യം ഇങ്ങനെയാണ്:
”വെള്ളക്കൊടിയിലെ നക്ഷത്രം
ചോരകൊടുത്തുചുവപ്പിച്ചവരേ
നിങ്ങടെ നെഞ്ചിന്‍ ചോരയ്‌ക്കായ്
അഭിവാദ്യങ്ങള്‍ നേരുമ്പോള്‍
വേദനയല്ലീ ഞങ്ങടെയുള്ളില്‍
ആളിപ്പടരും തീയാണേ”
അവസാനവരിയുടെ വ്യാഖ്യാനം ഇങ്ങനെയാവുന്നു: എന്തിനായിരുന്നു ആ ചോരയൊഴുക്കിയത്, ജീവനൊടുക്കിയത്? ഞങ്ങള്‍ക്ക് ഉള്ളില്‍ തീയാണ്, ഇനി നാളെ എങ്ങനെ, എന്താകുമെന്ന്…
പിന്‍കുറിപ്പ്:
കെഎസ്‌യുവിനെക്കുറിച്ച് എന്തുപറയാനാണ്. വിസിമാരുടെ നിയമനത്തിലുള്‍പ്പെടെ ഗവര്‍ണര്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഭരണകാലത്തും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അസ്ഥികൂടങ്ങള്‍ ഏറെയുണ്ട്, കോണ്‍ഗ്രസിന്റെ അലമാരകളിലും. അവയും പുറത്തിടില്ലെന്ന് എന്താണുറപ്പ്? വി.ഡി. സതീശനേക്കാള്‍ അത് കെ. മുരളീധരനറിയാം. അതാണ് മുരളിയുടെ ഇത്ര വലിയ വീറിനുകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: