ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി കേരളത്തിന് പുറത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടങ്ങിയിട്ട് ദശാബ്ദങ്ങളായെങ്കിലും ഈ അടുത്തകാലത്ത് ആ പ്രവണത ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം സര്‍വകലാശാലകളിലെ പരിധിയില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ്. രാഷ്ട്രീയ നിയമനങ്ങള്‍ സര്‍വകലാശാലകളെ അക്കാദമിക വളര്‍ച്ചയുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അധികാരമുണ്ടെങ്കില്‍ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും ജന്മാവകാശമാണെന്നു കരുതുന്നവരാണ് ഭരണകക്ഷികള്‍. യോഗ്യതയും പഠനവിഷയങ്ങളിലെ പാണ്ഡിത്യവും ബോധനമികവും നിരസിക്കപ്പെടുകയും പാര്‍ട്ടിപ്രവര്‍ത്തനവും നേതാക്കന്മാരുടെ ദാസ്യപ്പണിയും മാത്രം മാനദണ്ഡമാക്കുകയും ചെയ്തതോടുകൂടി ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മേന്മ നഷ്ടപ്പെടുത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ ശവദാഹത്തിന് കനല് ഒരുക്കുകയാണ് കേരളത്തില്‍. നമ്മുടെ സര്‍വകലാശാലകളില്‍ അര്‍ഹതയുള്ള വിസിമാരില്ല എന്നുള്ളതിന് വലിയ തെളിവാണ് ഡി ലിറ്റ് വിഷയവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല വിസി ഗവര്‍ണര്‍ക്കയച്ച കത്തിലെ തെറ്റുകളുടെ ജാഥ. സ്വന്തം നിലയ്ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയ എംജി യുണിവേഴ്സിറ്റി ഉദ്യോഗസ്ഥ സര്‍വീസില്‍ തുടരുന്നു എന്നുള്ളത് പാര്‍ട്ടി സംരക്ഷണത്തിന്റെ തെളിവാണ്. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു സംവിധാനം എന്നതിനുപകരം, രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയിലാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാന്‍ അവരുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയില്‍ ഉന്നത പദവികള്‍ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. കേരള യൂണിവേഴ്സിറ്റിയില്‍ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്സിറ്റിയില്‍ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കെ.കെ രാഗേഷിന്റെ ഭാര്യ. അങ്ങനെ പോകുന്നു ആ പട്ടിക. മറ്റുള്ളനിയമനങ്ങളില് ചട്ടങ്ങളെ വളച്ചൊടിച്ചപ്പോള്‍ പ്രിയാ വര്‍ഗീസിന്റെ കാര്യത്തില്‍ റാങ്ക് പട്ടികയെ ശീര്‍ഷാസനം ചെയ്യിക്കുകയായിരുന്നു. പദവികളുടെ കൊടുക്കല്‍വാങ്ങലുകളാണ് കണ്ണൂര്‍ വി.സി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിലും പ്രിയ വര്‍ഗീസിന്റെ നിയമനത്തിലും ഉള്ളത്. രാഷ്ട്രീയതാല്പര്യം മുന്‍നിര്‍ത്തി സര്‍വകലാശാലകളില്‍ നടന്നിട്ടുള്ളതും നടക്കുന്നതുമായ പിന്‍വാതില്‍ നിയമനങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുന്നതായിരുന്നു പ്രിയ വര്‍ഗീസിന്റെ നിയമനം. സര്‍വ്വകലാശാലകള്‍ ഈ രീതിയില്‍ അധഃപതിക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാവുന്നതല്ല. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ എബിവിപി സ്വാഗതം ചെയ്യുന്നു.
സര്‍വകലാശാലകളുടെ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായഭിന്നത ഉന്നതവിദ്യാഭ്യസമേഖലയുടെ നിറം കെടുത്തുകയാണ്. വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെയുള്ള എല്ലാ സര്‍വകലാശാല അധികൃതരുടെയും ഭരണസമിതി, അക്കാദമിക സഭ അംഗങ്ങളുടെയും നിയമനത്തിലും നടത്തിപ്പിലും പരമാധികാരി സര്‍വകലാശാലയുടെ അധ്യക്ഷനായ ചാന്‍സിലര്‍ ആണെന്നും സര്‍വകലാശാലയുടെ നിയമപരമായ ചട്ടക്കൂട് വിശുദ്ധമായി പരിപാലിക്കാനും കാലികമായി മാറ്റാനും അവയ്ക്കെതിരായി എന്ത് നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് തിരുത്താനുള്ള അധികാരം ചാന്സിലര്ക്കുണ്ടെന്നുമുള്ള ബോധ്യം സര്‍ക്കാരിനും താന്‍ പോരിമക്കാരായ വിസിമാര്‍ക്കും ഇല്ലാതെ പോയത് അവരുടെ വിവരമില്ലായ്മയായി കരുതാന്‍ സാധ്യമല്ല. സര്‍വകലാശാല ആക്ടിലെ ചാന്‍സിലര്‍ സ്ഥാനം ആലങ്കാരിക പദവിയാണെന്നും മന്ത്രിസഭയുടെ ഉപദേശത്താല്‍ മാത്രം ചലിക്കേണ്ടതാണെന്നുമുള്ളത് തെറ്റിദ്ധാരണയാണ്. സര്‍വകലാശാലയുടെ ചാന്‍സിലറായ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ രംഗത്ത് അവരുടേതായ പങ്ക് വഹിക്കാനുണ്ട്. ഈ അധികാര കേന്ദ്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ അത് ആത്യന്തികമായി ബാധിക്കുക വിദ്യാഭ്യാസ നിലവാരത്തെ ആയിരിക്കും. അതിലൂടെ വിദ്യാര്‍ത്ഥികളെയും. അതിന് അനുവദിക്കാന്‍ വിദ്യാര്‍ത്ഥി സംഘടന എന്നുള്ള നിലയ്ക്ക് സാധിക്കില്ല. ഗവര്‍ണറും സര്‍ക്കാരും സര്‍വകലാശാലകളുടെ കാര്യത്തില്‍ യോജിച്ച് മുന്നോട്ട് പോകേണ്ടതാണ്.
ഈജിയന്‍ തൊഴുത്തുകളായി മാറിക്കഴിഞ്ഞ കേരളത്തിലെ സര്‍വകലാശാലകളെ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ വിദ്വേഷം അവസാനിപ്പിച്ച് ചാന്സിലറോടൊപ്പം നില്‍ക്കണമെന്ന് എബിവിപി വിദ്യാഭ്യാസ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അനുവദിച്ച 4740 സീറ്റുകളില്‍ സര്‍വ്വകലാശാലയുടെ അനാസ്ഥമൂലം അഡ്മിഷന് നടക്കുന്നില്ല. ഇത് അടിയന്തരമായി അഡ്മിഷന് ആരംഭിക്കേണ്ടതാണ്. സ്വാശ്രയ- പാരലല്‍ കോളജുകളിലെക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുകയാണ് വാഴ്സറ്റി. കേരളത്തിലെ നിരവധി ഗവ കോളേജുകളാണ് വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ നിന്ന് ശാപമോക്ഷം കാത്ത് കിടക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണം. മറ്റു സംസ്ഥാങ്ങളില്‍ ഏകികൃത അക്കാദമിക് കലണ്ടര്‍ അനുസരിച്ച് അദ്ധ്യയനം കൃത്യമായി ക്രമീകരിക്കപ്പെടുമ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അക്കാദമിക് കലണ്ടറുകള്‍ ഇല്ലാതെ തോന്നുംപടിയാണ് കാര്യങ്ങള്‍. ഇതുമൂലം കേരളത്തിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുകയാണ്. ഈ വര്‍ഷം മുതല്‍ ഏകികൃത അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയ്ക്കുള്ളിലും കാര്യങ്ങള്‍ സുതാര്യമല്ല. സീറ്റുകള്‍ വെട്ടികുറച്ചതിലൂടെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കണമെന്ന സാധരണക്കാരായ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു വിസി. ഹോസ്റ്റല്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും തൊടുന്യായങ്ങള്‍ ഉന്നയിച്ച് സീറ്റുകള്‍ വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി ഉപചാപക വൃന്ദങ്ങളുടെ ഉപദേശങ്ങള്‍ നടപ്പിലാക്കുകയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല വിസി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേന്ദ്ര സര്‍വകലാശാലയില്‍ സീറ്റുകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് എബിവിപി സംസ്ഥാന സമിതിയുടെ വിദ്യാഭ്യസ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: