ന്യൂദല്‍ഹി: ബിജെപി നേതാവിനെതിരെ വ്യാജവാര്‍ത്തയുടെ പടവെട്ടുമായി ദി വൈര്‍ മാസിക. സത്യസന്ധമായ പത്രപ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന് അവകാശപ്പെടുന്ന ദി വൈര്‍ മാസിക തന്നെ വാര്‍ത്ത തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ വ്യാജവാര്‍ത്ത പിന്‍വലിച്ചിരിക്കുകയാണ്.
ബിജെപി നേതാവും ബിജെപി ഐടി വകുപ്പ് മേധാവിയുമായി അമിത് മാളവ്യയ്‌ക്കെതിരെ കല്ല് വെച്ച നൂണയായിരുന്നു ദി വൈര്‍ മാസിക വ്യാജവാര്‍ത്തയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അമിത് മാളവ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പൊലീസ് ക്രിമിനല്‍ കേസെടുത്തതോടെ ‘ദി വൈര്‍’ മാസിക ലേഖനം പിന്‍വലിച്ചു.
ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളില്‍ നിന്നും പോസ്റ്റുകള്‍ പിന്‍വലിക്കാനുള്ള സവിശേഷ അധികാരമുള്ള വ്യക്തിയാണ് അമിത് മാളവ്യ എന്നായിരുന്നു ‘ദി വൈര്‍’ മാസികയുടെ വ്യാജവാര്‍ത്ത. ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് അമിത് മാളവ്യ തന്റെ അധികാരം ഉപയോഗിച്ച് പിന്‍വലിച്ചെന്നും ദി വൈര്‍ മാസിക ലേഖനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികള്‍ തന്നെ ദി വൈര്‍ മാസികയുടെ ഈ ആരോപണം നിഷേധിച്ചു. അങ്ങിനെ ഒരു സവിശേഷ അധികാരവും അമിത് മാളവ്യയ്‌ക്ക് നല്‍കിയിട്ടില്ലെന്നതായിരുന്നു ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനിയുടെ ഉടമസ്ഥരായ മെറ്റ വ്യക്തമാക്കിയത്. ഇതോടെ ദി വൈര്‍ മാസിക പ്രതിരോധത്തിലായി. ഉടനെ ദി വൈര്‍ മാസിക അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും അമിത് മാളവ്യയ്‌ക്കെതിരായ വ്യാജവാര്‍ത്ത പിന്‍വലിച്ചു.
അമിത് മാളവ്യ ‘ദി വൈര്‍’ മാസികയുടെ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാടിയ, എം.കെ. വേണു, ഡപ്യൂട്ടി എഡിറ്റര്‍ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉടമ മെറ്റയ്‌ക്കും എതിരെയാണ് ദല്‍ഹി പൊലീസില്‍ കേസ് നല്‍കിയത്.
“ഏത് പ്രസിദ്ധീകരണത്തിന്റെയും വഴിയില്‍ എപ്പോഴെങ്കിലും തെറ്റായ വാര്‍ത്തകള്‍ വന്നെന്നിരിക്കും. എന്നാല്‍ ആ പ്രസിദ്ധീകരണം സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നോ അതോ തെറ്റില്‍ ഉറച്ചുനില്‍ക്കുന്നോ എന്നതാണ് ധാര്‍മ്മിക പരീക്ഷണം. ഞങ്ങള്‍ സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നതിനാല്‍ ലഭിച്ച വാര്‍ത്ത തെറ്റായിരുന്നെന്ന് “കണ്ടെത്തിയതിനാല്‍ തിരുത്തുന്നു”- ഇതായിരുന്നു ദി വൈര്‍ മാസിക നല്‍കിയ ഒടുവിലത്തെ വിശദീകരണം .
തന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ തനിക്കെതിരെ ദി വൈര്‍ മാസികയുടെ ജേണലിസ്റ്റുകള്‍ മറ്റ് ചിലരുമായി ഗൂഢാലോചന നടത്തിയതിന് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420,468,469,471,500,120ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ കേസ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: