കൊച്ചി: കന്നടയിലെ ഹിറ്റ് സിനിമയായ കാന്താരയിലെ ‘വരാഹരൂപം..’ എന്ന ഗാനം കോപ്പിയടിയാണെന്ന വാദം കണക്കിലെടുത്ത് തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഈ ഗാനം ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി. തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ‘വരാഹരൂപം…’ എന്നാരംഭിക്കുന്ന ഗാനം ഉപയോഗിക്കരുതെന്ന് വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിക്കുകയാണ്.
തങ്ങള്‍ക്കനുകൂലമായ കോടതിവിധിയെക്കുറിച്ച് തൈക്കൂടം ബ്രിഡ്ജിന്റെ ഫേസ്ബുക്ക് സന്ദേശം:
കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍ അജനീഷ് ലോക്നാഥ് എന്നിവരോടും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയുമാണ് കോടതി വിലക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച തങ്ങള്‍ക്കനുകൂലമായി കോടതി വിധി ഉണ്ടായതായി തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ തനി കോപ്പിയടിയാണ് കന്താരയിലെ വരാഹരൂപം എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനായിരുന്നു. സംവിധായകന്‍ ബിജിബാലും തൈക്കൂടം ബ്രിഡ്ജിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ തൈക്കൂടത്തിന്റെ നവരസം എന്ന ഗാനം തന്നെ ഇന്‍സ്പയര്‍ ചെയ്യുക മാത്രമേ ഉണ്ടായിട്ടൂള്ളൂ എന്നായിരുന്നു കന്താരയിലെ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷിന്റെ വാദം. കോപ്പിയടിയാണെന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അജനീഷ് ലോക്നാഥ് വാദിച്ചിരുന്നത്.
എന്നാല്‍ പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൈക്കൂടം ബ്രിഡ്ജിന്റെ അഭിഭാഷകന്‍ വാദിച്ചത്. കോടതി വാദം ശരിവെച്ചു.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധിയ്‌ക്കെതിരെ കന്താര ടീം അപ്പീല്‍ പോകുന്നതോടെ ഈ തര്‍ക്കം സുദീര്‍ഘമായ ഒരു കോടതി യുദ്ധത്തിന് വഴിവെച്ചേക്കാം. കന്താര എന്ന കന്നഡ സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് സിനിമയാണ്. അതുകൊണ്ട് തന്നെ ഇതിലെ ഗാനത്തിനെതിരായ കോപ്പിയടി ആരോപണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കര്‍ണ്ണാടകയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: