തിരുവനന്തപുരം: കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷി കുട്ടികളും അമ്മമാരും ചേര്‍ന്നുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ആഗോളശ്രദ്ധയില്‍ എത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. കഴക്കൂട്ടത്ത് ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശയാത്രകളില്‍ രാഷ്ട്രത്തലവന്മാര് ഉള്‍പ്പെടയുള്ളവര്‍ക്ക് ഉപഹാരം നല്‍കുന്നതിനും രാജ്യത്ത് എത്തുന്നവരെ സ്വീകരിക്കുന്നതിനും ഈ ഉല്പന്നങ്ങള് കൂടി പരിഗണിക്കുമെന്നും മുരളീധരന് പറഞ്ഞു. നൈപുണ്യ വികസന പരിപാടികളിലൂടെ ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനവും ഉപജീവനവും ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ഒരു സാമൂഹിക ക്ഷേമപദ്ധതിയായി പരിണമിക്കുന്നതിലെ സന്തോഷം പങ്കുവെച്ച മന്ത്രി കേരള കാര്‍ഷിക സര്‍വകലാശാലയും മാജിക് പ്ലാനറ്റും നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.
തെറാപ്പി വഴി ഭിന്നശേഷി കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റം ശാസ്ത്രീയമായി പഠിച്ച് വിലയിരുത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ ഭാരതത്തിന് വേണ്ടി സംരഭകത്വ താത്പര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പ്രത്യേക പരിശീലന പരിപാടികള്‍ക്ക് പ്രധാനമന്ത്രി തന്നെ പ്രചോദനവും പ്രോത്സാഹനവും നല്കി രംഗത്ത് ഉണ്ടെന്നും കേന്ദ്ര സഹ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭിന്നശേഷിയുള്ള വ്യക്തികളെ സഹതാപപരമായി വീക്ഷിച്ച് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുപോകുന്ന സാഹചര്യം പൂര്‍ണമായി മാറി. അവര്‍ക്കുവേണ്ട ശാരീരിക വിദ്യാഭ്യാസ സാമ്പത്തിക പുനരധിവാസത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: