തിരുവനന്തപുരം: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. നവംബര്‍ 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാലു വര്‍ഷം കൊണ്ട് റീസര്‍വേ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും സര്‍വെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്.
നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ അപര്യാപ്തമാണ്. ഇതിന് പരിഹാരമായി വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും, 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വെയര്‍മാരെ നിയോഗിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
അണ് സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനാണ് നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അത്യാധുനിക സര്‍വേ ഉപകരണങ്ങളായ റിയല്‍ ടൈം കൈനറ്റിക് റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്, ടാബ്ലറ്റ് പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (സിഒആര്‍എസ്) എന്ന ജിപിഎസ് നെറ്റ്വര്‍ക്കിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിച്ച് ഏകീകൃതമായി ഡിജിറ്റല്‍ സര്‍വേ നടത്തും. സംസ്ഥാനത്തിന്റെ 70 ശതമാനം വരെ സ്ഥലങ്ങളില്‍ ആര്‍ടികെ റോവര്‍ മെഷീന്റെ സഹായത്താലും, സാറ്റ്ലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന് മെഷീനുകളും, തുറസ്സായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വെക്കായി ഉപയോഗിക്കും.
സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 സിഒആര്‍ സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഒആര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. സിഒആര്‍എസ് കണ്ട്രോള് സെന്ററിന്റെ നിര്‍മാണ ജോലികള്‍ സര്‍വേ ഡയറക്ടറേറ്റില്‍ പുരോഗതിയിലാണ്. കണ്ട്രോള് സെന്ററില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കണ്ട്രോള് സെന്ററില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും.
ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി” എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍വെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സര്‍വെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോര്‍ട്ടല്‍ മുഖേന അറിയാന്‍ സാധിക്കും.
സര്‍വെ, റവന്യൂ, രജിസ്ട്രേഷന് വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, കാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുമെന്നതാണ് ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രധാന സവിശേഷത. ഇനിയൊരു റീസര്‍വെ ആവശ്യമില്ലാത്ത വിധം സര്‍വെ റിക്കാര്‍ഡുകള്‍ കാലഹരണപ്പെടാതെ നാളതീകരിച്ച് പരിപാലിക്കാന്‍ സാധിക്കുമെന്നതും, ഭൂരേഖകള്‍ എല്ലാം പൂര്‍ണ്ണമായും ഐ.ടി അധിഷ്ഠിത സേവനമായി രൂപാന്തരപ്പെടുത്തുന്നതിലുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പുകള്‍ക്ക് വിപ്ലവകരമായ രീതിയില്‍ ആക്കം കൂട്ടാന്‍ സാധിക്കുമെന്നതും ഈ ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രധാനപ്പെട്ട നേട്ടങ്ങളാണ്. ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായി റവന്യൂ ഭരണത്തിനാവശ്യമായ വിവരങ്ങള്‍ കൂടാതെ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും പ്രയോജനകരമാംവിധം സമഗ്രമായ ഒരു ജി.ഐ.എസ് ഡാറ്റാബേസ് കൂടി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നതിന് ലക്ഷ്യമിടുന്നു.
ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് സര്‍വെയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നവിധം തെളിച്ചിടുക, അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വെ തീയതിക്ക് മുമ്പ് തന്നെ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ സര്‍വെയ്ക്ക് മുന്നോടിയായി നടത്തുന്നതിന് പൊതുജന പങ്കാളിത്തം ആവശ്യമാണ്.
ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതെ സര്‍വെ നടത്തിയതും സര്‍വെ നടത്തി ദീര്‍ഘകാലത്തിന് ശേഷം സര്‍വെ റിക്കാര്‍ഡുകള്‍ പരസ്യപ്പെടുത്തി നടപടികള്‍ സ്വീകരിച്ചതും കാരണം നിരവധി ഭൂപരാതികള്‍ക്ക് കാരണമായിട്ടുണ്ട്. അതിനാല്‍ ഡിജിറ്റല്‍ സര്‍വെയില്‍ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ സര്‍വെ നടത്തുന്നതും ഫീല്‍ഡില്‍ വച്ചു തന്നെ മാപ്പുകള്‍ തയ്യാറാക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് ഡിജിറ്റല്‍ സര്‍വെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പി.ആര്. ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സര്‍വേയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: