ആറളം എന്നും അവഗണനയുടെ കൃഷിയിടം
അറിഞ്ഞില്ലേ, ആറളം കൃഷിഫാമില്‍ സംസ്ഥാന സര്‍ക്കാര്‍ ആനമതില്‍ കെട്ടുന്നു; ആളുകള്‍ക്ക് സംരക്ഷണം നല്‍കാനാണ്. ആണ്ടുകള്‍ ഏറെയായി ഉയരുന്ന ആവശ്യമാണ്, 18 വര്‍ഷമായുള്ള ആവശ്യം. പൊടുന്നനെ, മറന്നിരുന്നത് ഓര്‍മ്മിച്ചതുപോലെ ആ മതില്പണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമായി. അടുത്തിടെ, “ആനമതില്‍ കെട്ടുക, ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി ആറളം ഫാമിലെ കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭം നടത്തി സഹവസിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ സമരത്തിന് തൊട്ടുപിന്നാലെയാണ് മതില് പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.
ആന അലങ്കാരവും ആഘോഷവുമായിരുന്ന കേരളത്തില്‍ ഇന്ന് ആനശല്യം തീരാത്തലവേദനയാണ്. നാട്ടാനയുടെ ശൗര്യം മദമിളകുമ്പോള്‍ മാത്രമാണ്. കാട്ടാനയ്ക്കാകട്ടെ സമയവും കാലവുമില്ല. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് കാടതിര്‍ത്തിയില്‍ കഴിയുന്നവരാണ്. അവരുടെ ജീവനും പാര്‍പ്പിടത്തിനും കൃഷിയിടത്തിനും സംരക്ഷണമില്ല. കാടൊക്കെ നാടാക്കിയതിനാല് മാത്രമല്ല, കാട്ടില്‍ സംരക്ഷണം കിട്ടാത്തതാണ് വിഷയം.
ഭരണകൂടങ്ങളാകുമ്പോള്‍ വ്യവസ്ഥകളുടെ നിര്‍ബന്ധങ്ങളുണ്ട്. അത് പാലിക്കപ്പെടണം. പക്ഷേ, അത് കര്ത്തവ്യങ്ങള്കൂടിയാണെന്ന് തിരിച്ചറിയുകയും വേണം. കാട്ടില്ക്കഴിഞ്ഞവര്ക്കറിയാം എങ്ങനെ സ്വയരക്ഷ ഒരുക്കണമെന്ന്. പക്ഷേ കാവല്‍ അധികാരികള്‍ ഉള്ളപ്പോള്‍ അവരുടേതാണ് നിയമം. അത് നടപ്പാക്കേണ്ടത് അവരാണ്. അവിടെയാണ് ഇവിടത്തെ, കണ്ണൂര്‍ ജില്ലയിലെ ആറളം കൃഷി ഫാമിലെ പ്രശ്നം.
ആറളഫാം സംസ്ഥാനത്തെ ഭരണകൂടങ്ങളുടെ അടിസ്ഥാന ജനവിഭാഗത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. ജീവിക്കാനും അതിജീവിക്കാനും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വനവാസികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണിവിടെ. ആറളം ഫാമിലെ തൊഴിലാളികളും മേഖലയിലെ പുനരധിവാസ ഭൂമിയില്‍ സര്‍ക്കാര്‍ഭൂമി ലഭിച്ച നൂറുകണക്കിന് കുടുംബങ്ങളുമാണിവിടെ. ആറളം ഫാമെന്ന സംസ്ഥാനത്തെ തന്നെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ കൃഷിയിടവുമാണിവിടം. ഇവിടെ കൃഷിഫാമില്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായി, അര്‍ഹമായ കൂലിയില്ല. ജീവിക്കാന്‍ സ്വരുക്കൂട്ടുന്ന കൃഷിയൊക്കെ കാട്ടാനയുള്‍പ്പെടെ വന്യ ജീവികള്‍ നശിപ്പിക്കും. പാര്‍പ്പിടം തകര്‍ക്കും, തടയാന്‍ ശ്രമിക്കുമ്പോള്‍ പലര്‍ക്കും ജീവന്‍തന്നെ നഷ്ടപ്പെട്ടതും പെടുന്നതും ദുഃഖചരിത്രം.
ഒരുപക്ഷേ രാജ്യത്തെതന്നെ കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സംരംഭമാണ് ആറളം ഫാം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആറളം ഫാം 3500 ഏക്കറോളം വിസ്തൃതിയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഫാം 2004ല്‍, നിരന്തരമായ ആവശ്യങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറി. കേന്ദ്രത്തില്‍ അന്ന് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരായിരുന്നു. കേരളത്തില്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി യുഡിഎഫ് സര്‍ക്കാരും. 2010ല്‍ ആറളം ഫാമിങ് കോര്പ്പറേഷന് കേരള ലിമിറ്റഡ് എന്ന പേരില്‍ രൂപം കൊണ്ട കമ്പനിയുടെ ഓഹരികള്‍ നൂറുശതമാനവും സംസ്ഥാന സര്‍ക്കാറിന്റെ കൈയിലാണ്. ഫാമിന്റേതായി 7000 ഏക്കര്‍ ഉണ്ടായിരുന്ന ഭൂമിയില്‍ 3500 ഏക്കര്‍ ഭൂമി വിവിധ ഘട്ടങ്ങളിലായി വനവാസി പുനരധിവാസത്തിനായി മാറ്റിവയ്ക്കുകയും മൂവായിരത്തിലധികം പേര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി പതിച്ചു നല്‍കുകയും ചെയ്തു.
ഭൂമി ലഭിച്ച പലരും വന്യമൃഗശല്യം അടക്കമുള്ള പല കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കാതിരിക്കുകയോ ഏറ്റെടുത്തവ പിന്നീട് ഉപേക്ഷിക്കുകയോ ചെയ്തു. ഇന്ന് 1670 കുടുംബങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ താമസിച്ചു വരുന്നത്. ഫാമിന്റെ 7000 ഏക്കര്‍ ഭൂമി ത്രികക്ഷിക്കരാര്‍ പ്രകാരം അന്നത്തെ ഭൂമിവില അടിസ്ഥാനമാക്കി തുച്ഛമായ തുകയ്ക്കായിരുന്നു സ്റ്റേറ്റ് ഫാം കോര്പ്പറേഷന് ഇന്‍ഡ്യ ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തത്. 41 കോടി രൂപയ്ക്കാണ് ഫാം സംസ്ഥാന സര്‍ക്കാര്‍ കൈവശപ്പെടുത്തിയത്. പ്രസ്തുത തുകയില്‍ത്തന്നെ നല്ലൊരു ഭാഗം കേന്ദ്രസര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പിന് കൈമാറിയ പണമായിരുന്നുവെന്നതാണ് വാസ്തവം. അതായത് ആ വിഭാഗങ്ങള്‍ക്ക് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ച പണം വിനിയോഗിച്ചില്ലെന്നര്ത്ഥം.
കൃഷിയിടം കമ്പനിയാക്കി; അങ്ങനെ വെള്ളാനയായി
ഫാം 2004ല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ക്കായിരുന്നു ഭരണച്ചുമതല. എന്നാല്‍, 2010ല്‍ ആറളം ഫാമിംഗ് കോര്പ്പറേഷന് എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്പനി രൂപീകരിച്ച് ഫാം കമ്പനിയുടെ കീഴിലാക്കി. പൊതുമേഖലാ കമ്പനിയാക്കിയതോടെയാണ് സ്ഥാപനത്തിന് ഇന്നത്തെ ദുസ്ഥിതി വന്നുചേര്‍ന്നതെന്ന് ഫാമിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ഏക സ്വരത്തില്‍ പറയുന്നു.
ജില്ലാ കളക്ടര്‍ ചെയര്‍മാനായുളള ആറംഗ കമ്മിറ്റിക്കാണ് ഫാമിന്റെ ഭരണച്ചുമതല. ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെടെ അംഗങ്ങളാണ്. കമ്പനി എംഡിയാണ് ഫാമിന്റെ ദൈനംദിന ഭരണം നിയന്ത്രിച്ചു വന്നത്. എന്നാല്‍ പലപ്പോഴും എംഡിയുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴും നാലുമാസത്തിലേറെയായി ഫാം നാഥനില്ലാക്കളരിയാണ്. എംഡിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഭരണകക്ഷിയായ സിപിഎമ്മിന്റെ നോമിനികളാണ് ഇവിടെ നിലവില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഇപ്പോള്‍ ഫാമിന്റെ താല്‍ക്കാലിക ചുമതല തലശ്ശേരി സബ്ബ് കളക്ടര്‍ക്ക് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. മൂന്നു മാസം കൂടുമ്പോള്‍ ബോര്‍ഡ് മീറ്റിങ് കൂടണമെന്നാണ് വ്യവസ്ഥയെങ്കിലും 2010ന് ശേഷം 2017 വരെ ഒറ്റത്തവണ മാത്രമാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്
മുമ്പ് പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന, കേള്‍വികേട്ട ഫാം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ ജോലി ചെയ്യുന്ന നാനൂറിലധികം തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. ഒരുകാലത്ത് 60 ശതമാനത്തോളം പേരും വനവാസി തൊഴിലാളികളായിരുന്നു. ഫാമിലെ കാര്‍ഷിക മേഖലയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കാറുണ്ടായിരുന്നു. ഇന്നോ? ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വരുമാനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കെ ഫാം 18 വര്‍ഷം മുമ്പുവരെ കോടിക്കണക്കിന് രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ ഇന്ന് പ്രതിമാസം അഞ്ചുകോടി രൂപ നഷ്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ 1600ല്‍പരം തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കേവലം നാനൂറില്‍ താഴെ തൊഴിലാളികളാണുളളത്. അതില്‍ത്തന്നെ 90 ആദിവാസികള്‍ മാത്രം. 175 ഓഫീസ് ജീവനക്കാരുണ്ടായിരുന്ന സ്ഥലത്ത് നാമമാത്രമായ സ്ഥിരം ജീവനക്കാരേ ഉള്ളു. 3500 ഏക്കര്‍ കൃഷിഭൂമിക്ക് ഏക്കറിന് ഒരാള്‍ എന്ന നിലയിലെങ്കിലും തൊഴിലാളികള്‍ വേണമെന്നിരിക്കേയാണ് വളരെ കുറച്ച് തൊഴിലാളികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. നോക്കി നടത്തിപ്പിന് മതിയായ തൊഴിലാളികള്‍ ഇല്ലാത്തതാണ് ഫാമിന്റെ ഇന്നത്തെ ദുരവസ്ഥയുടെ പലകാരണങ്ങളിലൊന്ന്. ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി ലഭിക്കാതായിട്ട്. ഒട്ടുമിക്കപ്പോഴും രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നത്. അക്കൗണ്ട്സ്, സെക്യൂരിറ്റിയടക്കം എട്ട് വിഭാഗങ്ങള്‍ ഫാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം നാമമാത്രമായ ജീവനക്കാരാണുളളത്.
എംഡി തസ്തികയ്ക്ക് പുറമേ കാര്‍ഷിക ഫാമില്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയില്‍ പോലും ഉദ്യോഗസ്ഥരില്ല. അഡ്മിനിസ്ട്രേഷന് സംബന്ധിച്ച പരിചയമോ യോഗ്യതകളൊ ഇല്ലാത്ത, ഫാമില്‍ നിന്ന് സ്റ്റെനോഗ്രാഫറായി വിരമിച്ച 60 വയസ്സ് പിന്നിട്ട ഉദ്യോഗസ്ഥനാണ് നിലവില്‍ ഫാമിന്റെ ഭരണ കാര്യങ്ങളെല്ലാം നടത്തുന്നത്. സിപിഎം സഹയാത്രികനാണ് എന്ന ഒറ്റ കാരണത്താലാണ് അദ്ദേഹത്തിന് നിയമനം നല്‍കിയതെന്ന പരാതി നിലനില്‍ക്കുകയാണ്. മറ്റ് പല തസ്തികകളിലും സമാനമായ രീതിയില്‍ പാര്‍ട്ടിക്കാരായ സ്വന്തക്കാര്‍ക്ക് നിയമനം നല്കി വരികയാണ്. ഏക്കര്‍ കണിക്കിനുളള ഭൂമി എട്ട് ബ്ലോക്കുകളായാണ് കിടക്കുന്നത്. ഭരണകൂടത്തിന്റെയും പാര്‍ട്ടിക്കാരുടേയും സ്വന്തക്കാര്‍ക്കാണ് ഇവയുടെ നോക്കി നടത്തിപ്പ് ചുമതലകളും നല്കിയിരിക്കുന്നതെന്ന ആരോപണവും നിലനില്ക്കുന്നു. സ്വന്തക്കാര്‍ക്ക് വേണ്ടി കരാര്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇവര്‍ക്കൊന്നുംതന്നെ ഫാം സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്‍കാല പരിചയമില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു.
ആനയുടെ വിളയാട്ടം, അവഗണനയുടെ തേരോട്ടം
വന്യമൃഗങ്ങള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 29 കോടി രൂപയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് ഫാം അധികൃതര്‍ നോട്ടീസയച്ചിരിക്കുകയാണ്. റബ്ബര്‍, കവുങ്ങ്, തെങ്ങ്, കുരുമുളക് അടക്കമുള്ള വിപുലമായ കൃഷിഫാം ഇന്ന് പൂര്‍ണ്ണമായും നാശത്തിന്റെ വക്കിലാണ്. ഫാം അധികൃതരുടെ ഔദ്യോഗിക കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം 3900 തെങ്ങുകളാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കടപുഴകി വീണത്. ആനകളുടെ വിളയാട്ടത്തിനൊപ്പം അധികൃതരുടെ അവഗണന ഇവിടെ തേരോടിച്ച് രസിക്കുകയാണ്.
യഥാസമയം വളപ്രയോഗങ്ങള്‍ നടത്താതെയും, വിളവെടുപ്പ് നടത്താതെയും കാടുകള്‍ വെട്ടി തെളിക്കാതെയും വന്യ മൃഗശല്യം കാരണവും കൃഷിഭൂമി പൂര്‍ണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 1000 ഏക്കറോളം റബ്ബര്‍ കൃഷിയുണ്ടായിരുന്നതില് നല്ലൊരു ഭാഗം നശിച്ചു. ടണ്‍കണക്കിന് കുരുമുളകും കൊട്ടടയ്ക്കയും ലഭിച്ചിരുന്ന ഫാമിന്റെ ഇന്നത്തെ വരുമാനം കേവലം റബ്ബര്‍ കൃഷിയിലും നഴ്സറിയിലും കശുവണ്ടിയിലും നിന്നുലഭിക്കുന്ന നാമമാത്രമായ തുകയാണ്. ഫാമിന് സ്വന്തമായി ആശയ വിനിമയത്തിന് ഉണ്ടായിരുന്ന വെബ്സൈറ്റ് പോലും ഇല്ലാതായിട്ട് വര്‍ഷങ്ങളായി.
ഫാമിന്റെ സ്ഥിതി ഇതാണെങ്കില്‍ പുനരധിവാസ ഭൂമിയില്‍ കഴിയുന്ന വനവാസികളടക്കമുളള കുടുംബങ്ങളുടെ സ്ഥിതി പരമ ദയനീയമാണ്. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ വീടുകളുടെ സ്ഥിതി പറഞ്ഞറിയിക്കാനാവാത്തതാണ്. 2007-2008 വര്‍ഷത്തില്‍ പുനരധിവാസ ഭൂമിയില്‍ വീട് നിര്‍മ്മിക്കാനുളള ചുമതല നിര്‍മ്മിതികേന്ദ്രത്തിന് സര്‍ക്കാര്‍ നല്കി. എന്നാല്‍ നിര്‍മ്മിതികേന്ദ്രം അത് സബ്കോണ്ട്രാക്ട് നല്കി. അശാസ്ത്രീയമായ നിര്‍മ്മാണ രീതിയിലൂടെയും നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കാതെയും നിര്‍മ്മിച്ച, പല വീടുകളും വാസയോഗ്യമല്ലാതായി. പലരും വീടുപേക്ഷിച്ചുപോയി.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഫാമിലും പുനരധിവാസ മേഖലയിലും ഇതുവരെ നടന്നിട്ടുളള റോഡ്, പാലം തുടങ്ങി സര്‍വ്വ നിര്‍മ്മാണ പ്രവൃത്തികളിലും ലക്ഷങ്ങളുടെ അഴിമതിയാണ് വര്‍ഷങ്ങളായി നടക്കുന്നത്. പുനരധിവാസ ഭൂമിയില്‍ വനവാസികളാണ് കൂടുതലും എന്നതിനാല്‍ത്തന്നെ ഇത്തരം അഴിമതികള്‍ക്കെതിരെ രംഗത്തുവരില്ലെന്ന ഉറപ്പുളളതിനാല്‍ അഴിമതിക്കാരുടെ വിളനിലമായി ഇവിടം. 15 കോടി രൂപയുടെ വരെയുളള പ്രവൃത്തികള്‍ ഇ ടെണ്ടര്‍ പോലുമില്ലാതെ ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നല്‍കിവരികയാണ്.
ഇതിനെല്ലാം പുറമേ തൊഴിലാളികളും പുനരധിവാസ ഭൂമിയിലെ താമസക്കാരും ഏതു സമയവും ജീവാപായം ഭയന്നാണ് കഴിയുന്നത്. ഫാം മേഖലയില്‍ മാത്രം 13 പേര് ഇതിനകം കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. വനവാസികളുടെ കുടിലുകള്‍ ആന അക്രമിക്കുന്നത് നിത്യ സംഭവമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന കുടുംബങ്ങള്‍ക്ക് മതിയായ ആനുകൂല്യങ്ങളോ ധനസഹായമോ നല്കാന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മരണപ്പെട്ട വനവാസികളുടേയും തൊഴിലാളികളുടേയും മക്കള്‍ക്ക് വര്‍ഷങ്ങളായി ആശ്രിത നിയമനങ്ങള്‍ നല്കാന് സര്‍ക്കാറോ കമ്പനിയോ തയ്യാറാകാത്ത സ്ഥിതിയാണ.്
പുനരധിവാസത്തിന് നല്കിയ ഭൂമി കൊടുംവനത്തോട് ചേര്‍ന്ന പ്രദേശത്താണ് എന്നതിനാലാണ് വന്യമൃഗങ്ങളുടെ ആക്രമത്തിന് പ്രദേശവാസികള്‍ കൂടുതല്‍ ഇരയാകുന്നതെന്നതാണ് വാസ്തവം. പുനരധിവാസ ഭൂമിയുമായി വനാതിര്‍ത്തി പങ്കിടുന്ന പത്തരക്കിലോമീറ്ററോളം ദൂരത്തില്‍ ആനകടക്കാത്ത ആനമതിലടക്കമുളള സുരക്ഷാ സംവിധാനം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ ആനകളെ തടയാന്‍ സോളാര്‍ സംവിധാനം ഒരുക്കാനുളള ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയ മതില് അഞ്ചരക്കിലോമീറ്ററോളം ആനകള്‍ തകര്‍ത്തു. അവിടെയാണ് സോളാര്‍ വേലികെട്ടാന്‍ ആലോചിച്ചിരുന്നത്.
ഫാമില്‍ നിലവിലുളള ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഇന്നുവരെ ആവശ്യമായ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. അതിനാല്‍തന്നെ വനവാസി വിദ്യാര്‍ത്ഥികളുടെ പഠനവും വഴിമുട്ടിയ സ്ഥിതിയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ ഹോസ്റ്റല്‍ ഫാമിലുണ്ടെങ്കിലും ഇന്നുവരെ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. സാക്ഷര കേരളത്തില്‍ ചില വിഭാഗങ്ങളുടെ സ്ഥിതിയാണിത്.
പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനുളള സൗകര്യങ്ങളടക്കം ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ, ഗോത്ര വിഭാഗത്തില്‍പ്പെട്ട ഇരുപതിനായിരത്തോളം വരുന്ന പ്രദേശവാസികള്‍ ദുരിതജീവിതം എങ്ങനെയോ തള്ളിനീക്കുകയാണ്. സംസ്ഥാനത്താകമാനം ഗോത്ര വിഭാഗങ്ങളോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയുടെ ദൃശ്യമാവുകയാണ് ഇവിടം. ഏറ്റവും ഒടുവില്‍ ആറളഫാം പുനരധിവാസ മേഖലയുടെ വികസനത്തിനായി 22 കോടി രൂപ അനുവദിച്ചിട്ട് 18 മാസം കഴിഞ്ഞിട്ടും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഫാമിനും പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവനും സംരക്ഷണമൊരുക്കുമെന്ന് പ്രഖ്യാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരും ഫാം അധികൃതരും ഇടയ്ക്കിടെ നടത്താറുണ്ടെങ്കിലും ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമായ ബലവത്തായ ആനമതിലടക്കമുളള പദ്ധതികളൊരുക്കലും കടലാസില്‍ ഒതുങ്ങുകയാണ്.
ഏറ്റവും പുതിയ വാര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ ആനമതില്‍ നിര്‍മിക്കാന്‍ പോകുന്നുവെന്നാണ്. ബിജെപിയുടെ കേരള ഘടകം രണ്ടുപകലും ഒരു രാത്രിയും ആറളത്ത് കര്‍ഷകരുമായി സഹവാസം എന്ന പേരില്‍ പ്രക്ഷോഭ സമരം നടത്തി. അത് ഏറെ ജനശ്രദ്ധ നേടി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ സംസ്ഥാനത്തിന് ആദിവാസി ക്ഷേമത്തിനായി കൈമാറിയ ഭൂമിയില്‍ 18 വര്‍ഷമായിട്ടും ക്ഷേമമില്ല എന്ന ആക്ഷേപങ്ങള്‍ അവര്‍ ഉയര്‍ത്തി. മാറിമാറിയും തുടര്‍ന്നും ഭരണത്തില്‍ വന്ന സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടെന്ന ആരോപണം വന്നു. അപ്പോള്‍ ഭരണകക്ഷിയായ സിപിഎം കളക്ടറേറ്റിന് മുന്നില്‍ പ്രകടനം നടത്തി അതേ ആവശ്യം ഉന്നയിച്ചു. പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആനമതില്‍ പണിയുന്നതായി പ്രഖ്യാപിച്ചു. പക്ഷേ പ്രഖ്യാപനം എന്ന് പ്രവൃത്തിയാകും. അത് ആനവലുപ്പത്തിലുള്ള ചോദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: