ഒന്‍പത് വൈസ്ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര വെല്ലുവിളികള്‍ക്കുള്ള മറുപടി കൂടിയാണ്. യുജിസി ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്. രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മറ്റ് വിസിമാരോടും അടിയന്തരമായി രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കിയതാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കാന്‍ കാരണം. ഇതേ ചട്ടലംഘനം മറ്റ് വിസിമാരുടെ കാര്യത്തിലും നടന്നിട്ടുള്ളതിനാല്‍ സുപ്രീംകോടതി വിധി അവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍നിന്ന് വിസിമാര്‍ക്ക് താല്‍ക്കാലികാശ്വാസം ലഭിച്ചെങ്കിലും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിക്കാനോ സ്റ്റേ ചെയ്യാനോ ഹൈക്കോടതി തയ്യാറായില്ല. സാങ്കേതിക സര്‍വകലാശാല വിസിക്കെതിരായ സുപ്രീംകോടതി വിധി മറ്റു വിസിമാര്‍ക്കും ബാധകമല്ലേ എന്ന സുപ്രധാന ചോദ്യം ഹൈക്കോടതി ഉന്നയിക്കുകയും ചെയ്തു. ഇതിന് ഹര്‍ജിക്കാരായ വിസിമാര്‍ക്ക് മറുപടിയുണ്ടായില്ല. കേസ് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനിടെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി സ്ഥാനത്തു തുടരുന്നതിനെതിരെ വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയുമാണ്. ഇതിനും തൃപ്തികരമായ മറുപടി നല്കാന് ഇപ്പോഴത്തെ നിലയ്ക്ക് വിസിമാര്‍ക്ക് കഴിയില്ല. കാരണം സര്‍ക്കാരിന്റെ വഴിവിട്ട ആനുകൂല്യം നേടിയാണ് ഇവരെല്ലാവരും സര്‍വകലാശാലകളുടെ ഉന്നതപദവിയിലെത്തിയത്.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടക്കം മുതല്‍ ഗവര്‍ണറോട് ശത്രുതാപരമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആക്രമിക്കപ്പെട്ട സംഭവമുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതിന് കളമൊരുക്കിയ വിസി അടക്കമുള്ളവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ താല്‍പ്പര്യത്തിന് വഴങ്ങുന്നില്ല എന്നുവന്നപ്പോള്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കം ചെയ്തുകൊണ്ടുള്ള ബില്‍ പാസാക്കുകവരെ സര്‍ക്കാര്‍ നടത്തി. എന്നാല്‍ അധികാരം ദുരുപയോഗിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ ഏകപക്ഷീയ നടപടികളെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഗവര്‍ണര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുമില്ല. യഥാര്‍ത്ഥത്തില്‍ അക്കാദമിക് സ്ഥാപനങ്ങളില്‍ പതിറ്റാണ്ടുകളായി നടക്കുന്ന ഇടതുപക്ഷ ഫാസിസത്തെയാണ് ഗവര്‍ണര്‍ ചോദ്യം ചെയ്തത്. പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും പദവികളില്‍ പ്രതിഷ്ഠിച്ച് സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളെ വരുതിയിലാക്കുകയാണ് സിപിഎം എക്കാലവും ചെയ്തിട്ടുള്ളത്. തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ചിലയാളുകളെ ഇങ്ങനെ നിയമിക്കാന്‍ കഴിയുമെന്നതിനാല്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഇടതുഫാസിസത്തെ അംഗീകരിച്ചുകൊടുക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനൊപ്പം നിന്ന് ഗവര്‍ണറെ വിമര്‍ശിക്കുന്നത്. പല കാരണങ്ങളാല്‍ സിപിഎമ്മിന്റെ താളത്തിന് തുള്ളുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. ഇതുവഴി ഇവര്‍ക്ക് ചില ആനുകൂല്യങ്ങളും സൗകര്യങ്ങളും സഹായങ്ങളുമൊക്കെ നല്കാന് സിപിഎം ഒരുക്കവുമാണ്. ചുവന്ന കോണ്‍ഗ്രസ്സുകാരുടെ എണ്ണം ഈയിടെ വര്‍ധിച്ചിട്ടുമുണ്ടല്ലോ.
ഗവര്‍ണറെ ധിക്കരിക്കാന്‍ വിസിമാര്‍ക്ക് ധൈര്യം പകരുന്നതും സിപിഎമ്മും സംസ്ഥാന സര്‍ക്കാരുമാണ്. കണ്ണൂര്‍ വിസിയുടെയും കേരളാ വിസിയുടെയും മറ്റും പ്രതികരണങ്ങളില്‍നിന്നുതന്നെ അത് വ്യക്തവുമാണ്. തങ്ങള്‍ക്ക് പദവികള്‍ തന്നത് പാര്‍ട്ടിയാണെന്ന ഉറച്ച ധാരണയാണ് ഇവര്‍ക്കുള്ളത്. പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇവര്‍ ഏതറ്റം വരെയും പോകും. ഇത് ഒരുതരം വര്‍ഗസമരമാണ്. ചില പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ഗവര്‍ണറെ കൈകാര്യം ചെയ്തുകളയാം എന്ന ധാരണയാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമുണ്ടായിരുന്നത്. ഒന്നിനു പുറകെ ഒന്നായി ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ വന്നതോടെ ഈ ധാരണ പാടെ തെറ്റിപ്പോയി. ഇതോടെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണറെ ഭയപ്പെടുത്തി വശത്താക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. സ്വാശ്രയ കോളജ് നിയമത്തിന്റെ കാര്യത്തില്‍ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാലിയെ പ്രതീകാത്മകമായി നാടുകടത്തിയ സംഭവത്തിന്റെ തുടര്‍ച്ചയാണിത്. ഗവര്‍ണര്‍ക്കെതിരായ ഈ പടപ്പുറപ്പാട് സുപ്രീംകോടതി വിധിക്കും എതിരാണ്. നിയമവാഴ്ച നിലനിന്നു കാണാനും, അക്കാദമിക് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ഗവര്‍ണറുടെ നടപടികളെ കലവറയില്ലാതെ പിന്തുണയ്ക്കും. ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് ആര്‍ക്കും കൂട്ടുനില്ക്കാനാവില്ല. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇനിയും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നു തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: