തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആര്‍. ശങ്കര നാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നവംബര്‍ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും.
തദ്ദേശ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആദ്യ പൊതുജന അംഗത്വം നല്‍കും. ശതാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന നിയമസഭാ ലൈബ്രറിയില്‍ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള 1,15,000ല്‍ അധികം ഗ്രന്ഥങ്ങളുണ്ട്. ഇവിടെ പൊതുവിഭാഗത്തിലുള്ള ഗ്രന്ഥങ്ങള്‍ക്ക് പുറമേ രാജകീയ വിളംബരങ്ങള്‍, ആക്ടുകള്‍, ഓര്‍ഡിനന്‍സുകള്‍, തിരുവിതാംകൂര്‍, കൊച്ചി, തിരുകൊച്ചി, കേരളം എന്നീ നിയമനിര്‍മ്മാണ സഭകളുടെ നടപടികള്‍, ഗസറ്റുകള്‍, സെന്‍സസ് റിപ്പോര്‍ട്ടുകള്‍, സര്‍ക്കാരിന്റെ വിവിധ കമ്മിറ്റി/ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ മുതലായവയും ഉള്‍ക്കൊള്ളുന്നു.
കേരള നിയമസഭാ ‘അന്താരാഷ്‌ട്ര പുസ്തകോത്സവം 2022ന്റെ ലോഗോ പ്രകാശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ സ്പീക്കര്‍ നിര്‍വ്വഹിക്കും. സാമാജികര്‍, തിരുവനന്തപുരം ജില്ലയിലെ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലയിലെ പ്രശസ്ത സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കേരള സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍, കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
ബിരുദം നേടിയിട്ടുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അംഗത്വം നല്‍കുന്നത്. ഭരണ ഭാഷാ പ്രതിജ്ഞ, ജി. ആര്‍. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ പുസ്തകത്തിന്റെ ആസ്വാദനം, 2021 ലെ ഭരണഭാഷ സേവനസാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം, 2022ലെ വായനാകുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: